കുവൈത്ത് ജെറ്റ് സ്കി സംഘത്തെ ആക്രമിച്ച ഏഴ് പേര്‍ പിടിയില്‍
text_fieldsദുബൈ: കുവൈത്ത് ജെറ്റ് സ്കി സംഘത്തിലെ അംഗങ്ങളെ ആക്രമിച്ച ഏഴ് സ്വദേശി യുവാക്കളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ നി൪ദേശപ്രകാരമായിരുന്നു അറസ്റ്റ്. അക്രമി സംഘത്തിലുള്ള എല്ലാവരെയും തിരിച്ചറിഞ്ഞ് ഉടൻ അറസ്റ്റ് ചെയ്യണമെന്നായിരുന്നു നി൪ദേശം. ഇതനുസരിച്ച് വെള്ളിയാഴ്ച നാലുപേരെയും ശനിയാഴ്ച മൂന്നുപേരെയും പിടികൂടുകയായിരുന്നെന്ന് ദുബൈ പൊലീസ് ഡപ്യൂട്ടി ചീഫ് മേജ൪ ജനറൽ ഖമീസ് മത്താ൪ അൽ മസീന പറഞ്ഞു. 20നും 25നും ഇടക്ക് പ്രായമുള്ള ഇവരെ നിയമനടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തിൻെറ അതിഥികളെ ആക്രമിച്ചവ൪ ഒരു കാരുണ്യവും അ൪ഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉമ്മുസുഖും ബീച്ചിൽ നടന്ന യു.എ.ഇ ജെറ്റ് സ്കി ചാമ്പ്യൻഷിപ്പിൻെറ നാലാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെയാണ് ആറ് കുവൈത്ത് സ്വദേശികളെ ഒരുസംഘം യുവാക്കൾ ആക്രമിച്ച് പരുക്കേൽപ്പിച്ചത്. റാശിദ് ഹോസ്പിറ്റലിലെ ചികിത്സക്ക് ശേഷം ഇവ൪ ആശുപത്രി വിട്ടതായി കുവൈത്ത് കോൺസൽ താരിഖ് അൽ ഹമദ് പറഞ്ഞു.
ആഴ്ചകൾക്ക് മുമ്പ് അബൂദബിയിൽ നടന്ന ചാമ്പ്യൻഷിപ്പിൻെറ മൂന്നാം റൗണ്ടിൽ ഒരു കുവൈത്തി ടീമംഗവും സ്വദേശി യുവാവുമായി നടന്ന ത൪ക്കത്തിൻെറ തുട൪ച്ചയെന്നോണമാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറയുന്നു. ആദ്യത്തെ മാച്ചിന് ശേഷമുള്ള ഇടവേളയിൽ ആണ് സംഭവം അരങ്ങേറിയതെന്ന് ദുബൈ മറൈൻ സ്പോ൪ട്സ് ക്ളബ് വാ൪ത്താക്കുറിപ്പിൽ അറിയിച്ചു. കുവൈത്തിൽ നിന്നുള്ള അതിഥികൾക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായതിൽ ഖേദമുണ്ടെന്നും ക്ളബ് അധികൃത൪ വ്യക്തമാക്കി. കുവൈത്ത് ടീമിന് ആവശ്യമായ സംരക്ഷണം നൽകാൻ ശൈഖ് മുഹമ്മദ് നി൪ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ഖേദം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
