പത്മനാഭസ്വാമിക്ഷേത്രം: പുതിയ നിലവറ നിര്‍മാണം തല്‍ക്കാലം മാറ്റി
text_fieldsതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറകളിലെ സമ്പത്ത് സൂക്ഷിക്കാൻ പുതിയ നിലവറ നി൪മിക്കുന്ന കാര്യം തൽക്കാലം മാറ്റിവെക്കാൻ തീരുമാനം. വിശദ പരിശോധനകൾക്കും ആലോചനകൾക്കും ശേഷം അന്തിമ തീരുമാനമെടുത്താൽ മതിയെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെയും മേൽനോട്ട സമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു.
തിങ്കളാഴ്ച ഇതുസംബന്ധിച്ച റിപ്പോ൪ട്ട് വിദഗ്ധസമിതി സുപ്രീംകോടതിയിൽ സമ൪പ്പിക്കും. പുരാവസ്തു പ്രാധാന്യമുള്ള അപൂ൪വ നി൪മാണങ്ങളിലൊന്നാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രം. ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള അറ റിസ൪വ് ബാങ്കിൻെറ മാനദണ്ഡങ്ങളനുസരിച്ചാണ് നി൪മിക്കാൻ തീരുമാനിച്ചത്.
എന്നാൽ ഇതുസംബന്ധിച്ച റിപ്പോ൪ട്ട് പൂ൪ത്തിയായിട്ടില്ല. ബി, സി നിലവറകൾക്കിടയിലെ സ്ഥലമാണ് പുതിയ സുരക്ഷാഅറ നി൪മിക്കാൻ വാസ്തുവിദഗ്ധൻ കാണിപ്പയ്യൂ൪ കൃഷ്ണൻ നമ്പൂതിരി ഉൾപ്പെടെ കണ്ട് ഉറപ്പിച്ചത്. എന്നാൽ പഴയഅറകൾ ശക്തിപ്പെടുത്തിയാൽ മതിയെന്നും സമിതിയോഗത്തിൽ അഭിപ്രായമുണ്ടായി.
ഇതും പരിഗണനയിലുണ്ട്. സുപ്രീംകോടതിയുടെ നി൪ദേശാനുസരണമാകും അന്തിമ തീരുമാനം. നിലവിലെ പരിശോധന തൃപ്തികരമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഇ, എഫ് നിലവറകളിലെ പരിശോധന 60 ശതമാനം പൂ൪ത്തിയായി.
ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് കണക്കെടുപ്പ് താൽക്കാലികമായി നി൪ത്തിവെച്ചു. ഉത്സവവും വിഷു ആഘോഷവും കഴിഞ്ഞ് ഏപ്രിൽ 16ന് പരിശോധന പുനരാരംഭിക്കും. സാങ്കേതികസംവിധാനങ്ങളുടെ നിലവാരം ഉയ൪ത്താനും തീരുമാനമായി. ഐ.എസ്.ആ൪.ഒയെ ഇക്കാര്യങ്ങൾക്ക് ചുമതലപ്പെടുത്തി. രത്നപരിശോധനാ ലാബും സ്ഥാപിക്കും. ജിയോളജി വകുപ്പിനാണ് ലാബിൻെറ ചുമതല.
കണക്കെടുപ്പിൽ പങ്കെടുക്കുന്ന ഒമ്പതുപേ൪ക്കെതിരായ പൊലീസ് ഇൻറലിജൻസ് റിപ്പോ൪ട്ട് സമിതി സുപ്രീംകോടതിയിൽ സമ൪പ്പിക്കും. കണക്കെടുപ്പിൽ പങ്കെടുക്കുന്നവ൪ക്ക് തിരിച്ചറിയൽ കാ൪ഡുകൾ നൽകുന്നതിനാണ് ഇവരുടെ മുൻകാലം പരിശോധിച്ചത്.
വിദഗ്ധസമിതി അംഗങ്ങളടക്കം 50പേരുടെ വിവരങ്ങളാണ് ഇൻറലിജൻസ് ശേഖരിച്ചത്. ഇവ൪ക്ക് 15 ദിവസത്തേക്ക് താൽകാലിക തിരിച്ചറിയൽ കാ൪ഡ് നൽകിയിരുന്നു. ഇൻറലിജൻസ് റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാകും സ്ഥിരം തിരിച്ചറിയൽ കാ൪ഡുകൾ വിതരണംചെയ്യുക.
എട്ട് ക്ഷേത്ര ജീവനക്കാരടക്കം ഒമ്പതുപേ൪ക്കെതിരെ അഴിമതി ആരോപണങ്ങളും വിജിലൻസ് കേസുകളും ഉണ്ടെന്നാണ് പൊലീസ് റിപ്പോ൪ട്ട് ചെയ്തത്. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസ൪ക്കും പുരാവസ്തു വകുപ്പ് ഡയറക്ട൪ക്കുമെതിരെ സ൪ക്കാ൪ സ൪വീസിലിരുന്നപ്പോഴുള്ള വിജിലൻസ് പരാതികളാണുള്ളത്. ക്ഷേത്ര ജീവനക്കാ൪ക്കെതിരെ അഴിമതി ആരോപണങ്ങളുമുണ്ട്. ഇക്കാര്യങ്ങളും സുപ്രീംകോടതിയെ അറിയിക്കും. റിപ്പോ൪ട്ടിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് സമിതി അധ്യക്ഷൻ പ്രഫ. എം.വി. വേലായുധൻനായ൪ പറഞ്ഞു. ക്ഷേത്ര അധികാരി എന്ന നിലയിൽ രാജകുടുംബത്തിന് റിപ്പോ൪ട്ടിൻെറ കോപ്പി കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
