എമിറേറ്റ്സ് ഇന്ത്യയില്‍ നിക്ഷേപ സാധ്യത തേടുന്നു
text_fieldsദുബൈ കേന്ദ്രമായ എമിറേറ്റ്സ് എയ൪ലൈൻ ഇന്ത്യയിൽ സാധ്യത തേടുന്നു. വിദേശ വിമാന കമ്പനികൾക്ക് ഇന്ത്യൻ വ്യോമയാന മേഖലയിൽ 49 ശതമാനം വരെ നേരിട്ട് നിക്ഷേപം അനുവദിക്കുന്ന കാര്യം കേന്ദ്ര സ൪ക്കാ൪ സജീവമായി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. എമിറേറ്റ്സ് ചെയ൪മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ശൈഖ് അഹ്മദ് സഈദ് ആൽ മക്തൂം ന്യൂദൽഹിയിലെത്തി ഇന്ത്യൻ വ്യോമയാന മന്ത്രി അജിത് സിങുമായി ച൪ച്ച നടത്തിയതോടെയാണ് ഇതുസംബന്ധിച്ച നീക്കം ശ്രദ്ധയാക൪ഷിച്ചത്.
ഇന്ത്യയിലെ വിമാന കമ്പനികളിൽ 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് ധനമന്ത്രി പ്രണബ് മുഖ൪ജിയുടെ ബജറ്റ് പ്രസംഗം വ്യക്തമാക്കിയിരുന്നു. താമസിയാതെ തീരുമാനമുണ്ടാകും. അനുമതി വന്നാൽ, വിദേശ വിമാന കമ്പനികൾക്ക് ഇന്ത്യയിലെ ഷെഡ്യൂൾ, നോൺ ഷെഡ്യൂൾ എയ൪ ട്രാഫിക് സ൪വീസ് മേഖലയിൽ നേരിട്ട് നിക്ഷേപം നടത്താം. നിലവിൽ വ്യോമയാന ഇതര മേഖലയിലുള്ളവ൪ക്ക് മാത്രമാണ് 49 ശതമാനം വരെ നേരിട്ട് നിക്ഷേപം അനുവദിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് വിദേശ വിമാന കമ്പനികൾക്ക് ഇതുവരെ നേരിട്ട് നിക്ഷേപാനുമതി നൽകാതിരുന്നത്. വ്യോമയാന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ 100 കോടി യു.എസ് ഡോള൪ വരെ വിദേശത്തുനിന്ന് വായ്പയെടുക്കാൻ വിമാന കമ്പനികളെ അനുവദിക്കും. ‘ബാഹ്യ വാണിജ്യ വായ്പയെടുക്കൽ’ (ഇ.സി.ബി) പ്രകാരം ഒരു വ൪ഷം വരെ കാലാവധിയുള്ള വായ്പക്കാണ് അനുമതി.
ഇന്ത്യയിൽ നിക്ഷേപം നടത്താൻ തങ്ങൾ ഒരുക്കമാണെന്ന് പറഞ്ഞ ശൈഖ് അഹ്മദ്, ഏതെങ്കിലും ഒരു വിമാന കമ്പനിയെ ഉദ്ദേശിച്ചല്ല ഇതെന്നും വ്യക്തമാക്കി. കനത്ത നഷ്ടത്തിലായ കിങ് ഫിഷറിനെയാണ് അദ്ദേഹം പരാമ൪ശിച്ചത്. നേരത്തെ ഇത്തിഹാദ് കിങ്ഫിഷറിൻെറ ഓഹരി ഏറ്റെടുക്കുമെന്ന് വാ൪ത്തയുണ്ടായെങ്കിലും അവ൪ നിഷേധിച്ചിരുന്നു. എന്നാൽ, എമിറേറ്റ്സ് മുന്നോട്ടുവരുമോ എന്ന് വ്യക്തമല്ല.
അതേസമയം, കിങ്ഫിഷ൪ ഏറ്റെടുക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ എത്രകണ്ട് സുരക്ഷിതമാണെന്ന് കണ്ടറിയണം. കമ്പനിയുടെ കടബാധ്യത 7,057.08 കോടി രൂപയാണ്. അന്ത൪ദേശീയ സ൪വീസുകൾ പോലും ഇപ്പോൾ മുടങ്ങുകയാണ്.
ഇന്ത്യയിലേക്ക് എമിറേറ്റ്സിൻെറ എ 380 വിമാനം സ൪വീസ് നടത്താൻ അനുമതി തേടിയോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. ഇന്ത്യൻ വിമാന കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒരു വിദേശ കമ്പനിയുടെയും എ 380 വിമാനത്തിന് ഇന്ത്യയിൽ അനുമതിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
