ദാരിദ്ര്യരേഖ തെളിയണമെങ്കില്‍
text_fieldsപ്രതിദിനം 28 രൂപ 65 പൈസ വരുമാനമുള്ള നഗരവാസിയെയും 22 രൂപ 42 പൈസ കിട്ടുന്ന ഗ്രാമവാസിയെയും ഇനി ദരിദ്രവാസിയായി കാണാൻപറ്റില്ലെന്നാണ് ആസൂത്രണ വിദഗ്ധ൪ പറയുന്നത്. എത്ര കൃത്യമായാണ് അടിസ്ഥാന ജീവിതാവശ്യങ്ങൾ നി൪ണയിച്ചിരിക്കുന്നത്. ഇതിനിടയിൽ രണ്ടു പൈസയും അഞ്ചു പൈസയുമൊക്കെ ഇന്ന് പ്രചാരത്തിലുണ്ടോ എന്നൊന്നും ചോദിച്ചുപോകരുത്. പുതിയ നി൪ദേശപ്രകാരം അഞ്ചു കോടിയിലധികം സാധാരണക്കാരിൽ സാധാരണക്കാ൪ ദാരിദ്ര്യരേഖയുടെ പരിധിക്കു പുറത്താവും. പ്രത്യക്ഷത്തിൽ നാടിനും സ൪ക്കാറിനും തിളക്കം നൽകുന്നതാണീ വാ൪ത്തയെങ്കിലും എന്തുമാത്രം യുക്തിഭദ്രമാണ് ഈ കാഴ്ചപ്പാട് എന്ന് വസ്തുനിഷ്ഠമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
28 അല്ലെങ്കിൽ 29 രൂപകൊണ്ട് അത്യാവശ്യ നിത്യാവശ്യങ്ങൾ നിറവേറ്റാനാവുന്ന ഏതു നഗരമാണ് ഈ രാജ്യത്തുള്ളത്. അതേപോലെതന്നെയാണ് ഗ്രാമങ്ങളുടെയും അവസ്ഥ. 23 രൂപകൊണ്ട് ഒരു ദിവസത്തെ ഗ്രാമജീവിതം തട്ടിമുട്ടിയെങ്കിലും തള്ളിനീക്കാമെന്ന് കരുതിയെങ്കിൽ ആ൪ക്കോ തെറ്റുപറ്റിയിട്ടുണ്ട്. ദാരിദ്ര്യത്തിൻെറ മാനദണ്ഡം നഗരങ്ങളിൽ 32 രൂപയും ഗ്രാമങ്ങളിൽ 26 രൂപയും പ്രതിദിന വരുമാനമായി കാണണമെന്ന് സ൪ക്കാ൪ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ട് അധികം നാളായിട്ടില്ല. അതിനിടയിലാണ് ആസൂത്രണ കമീഷൻെറ താഴ്ത്തിക്കെട്ടൽ. ഇന്ത്യൻ ജീവിതത്തിൻെറ കഴിഞ്ഞ അഞ്ചു വ൪ഷത്തെ അടിയൊഴുക്കുകളെപ്പറ്റി സൂക്ഷ്മ നിരീക്ഷണം നടത്തുകയായിരുന്ന നാഷനൽ സാമ്പിൾ സ൪വേ ഓ൪ഗനൈസേഷൻെറ നിഗമനങ്ങളാണ് ആസൂത്രണ കമീഷൻെറ ശിപാ൪ശകളിൽ പ്രതിഫലിച്ചതെന്ന് വ്യക്തം.
കേവലം അക്കങ്ങളുടെ പ്രശ്നമല്ല ഇത്. ജീവിതാവസ്ഥകളെ ആഴത്തിൽ സ്പ൪ശിക്കുന്ന പല ഘടകങ്ങളുമായും നേ൪ക്കുനേരെ ബന്ധപ്പെട്ടുകിടക്കുന്നതാണത്. അതെല്ലാം ചേരുംപടി ചേ൪ന്നിട്ടില്ലെങ്കിൽ റിപ്പോ൪ട്ട് അപൂ൪ണവും അതിലെ ശിപാ൪ശകൾ അശാസ്ത്രീയവുമായിരിക്കും. സാമൂഹികമായ അധ$സ്ഥിതാവസ്ഥ, രാഷ്ട്രീയമായ അടിച്ചമ൪ത്തൽ എന്നിവക്ക് കുടിലുകളിൽ ദാരിദ്ര്യം കൊണ്ടുവരുന്നതിലുള്ള പങ്ക് പരിഗണിക്കപ്പെടേണ്ടതാണ്. നഗരങ്ങൾ എന്ന പരികൽപനയെ ഒരേ അളവുകോൽകൊണ്ട് അളക്കാൻ പറ്റില്ല. ചെറുകിട നഗരങ്ങളിലും പട്ടണങ്ങളിലും അത്യാവശ്യ കാര്യങ്ങൾ നി൪വഹിക്കാൻ വേണ്ട തുക മതിയാവില്ല വൻകിട നഗരങ്ങളിൽ അരിഷ്ടിച്ചു ജീവിക്കാൻപോലും. മറ്റൊന്നാണ് പോഷകാഹാരവുമായി ബന്ധപ്പെട്ട വിഷയം. അ൪ധപട്ടിണിയോ നിത്യരോഗമോ കാരണം പ്രതിദിനം കലോറി മൂല്യം കൂടുതൽ വേണ്ടിവരുന്ന സാധാരണക്കാരുണ്ട്. ഇങ്ങനെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ വശങ്ങളും പ്രാദേശിക പ്രത്യേകതകളും കണക്കിലെടുക്കേണ്ടതുണ്ട്. വിവിധ ഇനം സബ്സിഡികളടക്കം സ൪ക്കാ൪ നൽകിവരുന്ന പലവിധ ആനുകൂല്യങ്ങളെ ബാധിക്കുന്ന പ്രശ്നം കൂടിയാണിത്. അതിനാൽ സ്റ്റാൻഡേഡ് ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് അഥവാ ദരിദ്രാവസ്ഥയുടെ ബഹുമുഖ സൂചികകൾ ഉൾപ്പെടുത്തിയായിരിക്കണം ദാരിദ്ര്യരേഖ വരക്കേണ്ടത്.
അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ആളോഹരി പ്രതിദിനം 1.25 ഡോള൪ കിട്ടാത്തവരെ ബി.പി.എൽ പട്ടികയിൽ പെടുത്തണം. അതുവെച്ചുനോക്കുമ്പോൾ നഗരങ്ങളിൽ 28.65 രൂപയും ഗ്രാമങ്ങളിൽ 22.42 രൂപയും കിട്ടിയതുകൊണ്ട് എന്തുചെയ്യാനാവും. കഴിഞ്ഞ അഞ്ചു വ൪ഷത്തിനിടയിൽ നിത്യോപയോഗ വസ്തുക്കളുടെ വില എത്രകണ്ട് ഉയ൪ന്നു. രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ കൂടി പരിഗണിച്ചാണോ 28ഉം 22 രൂപയും നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമത്തിൻെറ പരിധിയിൽനിന്ന് എ.പി.എല്ലുകാ൪ പുറത്താവുന്നപക്ഷം അതിൻെറ അടിത്തട്ടിൽ കിടക്കുന്നവരുടെ ഭാവി എന്തായിരിക്കും. ഇത്യാദി ആശങ്കകൾ അസ്ഥാനത്തല്ല. അതിനാൽ ജനഹിതം പ്രതിഫലിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥ൪ ഒരിടത്തിരുന്ന് കേന്ദ്രീകൃത സ്വഭാവത്തിൽ വരച്ചുവെക്കേണ്ട രേഖയല്ലിത്. മറിച്ച് ജനഹിതം ശരിക്കും ഉൾക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സ൪ക്കാറുകളുടെയും നി൪ദേശങ്ങൾ കൂടി കണക്കിലെടുത്ത് വികേന്ദ്രീകൃത സ്വഭാവത്തിൽ രൂപപ്പെടുത്തുമ്പോഴേ ചേരേണ്ടത് ചേരുംപടി ചേ൪ക്കാനാവൂ.
കോളനി ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ മുന്നിട്ടിറങ്ങിയവരുടെ പ്രധാന സ്വപ്നങ്ങളിൽ ഒന്ന് നാട്ടിൽ ദാരിദ്ര്യം ഇല്ലാതാകണമെങ്കിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിലവിൽ വരണമെന്നതായിരുന്നു. അത്തരമൊരു ഭരണവ്യവസ്ഥ നിലവിൽവന്ന് ആറ് പതിറ്റാണ്ടിനു ശേഷവും നമ്മുടെ സാമൂഹികാവസ്ഥയും ദാരിദ്ര്യം എന്ന പ്രശ്നവും എന്തു ചിത്രമാണ് നൽകുന്നതെന്ന് പകൽപോലെ വ്യക്തം. ജനസംഖ്യയുടെ മൂന്നിലൊന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് ജീവിതത്തിൻെറ പുറംപോക്കിൽ കഴിയുന്നു. സാമൂഹിക ക്ഷേമപദ്ധതികൾ പല പേരുകളിൽ നടപ്പാക്കിയിട്ടും വികസനം എത്തേണ്ടിടത്ത് എത്തിയില്ല. അധ$സ്ഥിതരുടെ പ്രവാഹം ആശാസ്യമായി തടഞ്ഞുനി൪ത്താനുമായില്ല. ഈ പ്രതികൂലാവസ്ഥയെ മറികടക്കാൻ കണ്ട കുറുക്കുവഴിയാണ് ദാരിദ്ര്യരേഖ താഴ്ത്തി വരക്കാനുള്ള നീക്കമെങ്കിൽ അതിൽ യാഥാ൪ഥ്യബോധം പ്രതിഫലിക്കുന്നില്ല. എന്നുമാത്രമല്ല, സ൪ക്കാറിനെ വരിഞ്ഞുമുറുക്കുന്ന ഒരു കെണിയായേ അതിനെ കാണാനാവൂ. ക്ഷേമരാഷ്ട്രം മുന്നിൽകണ്ട്, ഒരിക്കൽ നാം ആട്ടിയോടിച്ചവ൪ മറക്കുപിന്നിൽനിന്ന് നെയ്തെടുക്കുന്ന കുരുക്കാണത്. നാടിൻെറ ക്ഷേമമല്ല, കച്ചവടതാൽപര്യമാണതിൻെറ പ്രചോദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
