ചിരിച്ചും വിതുമ്പിയും താണിക്കുന്നേല്‍ വീട്
text_fields വിജയശ്രീലാളിതനായി മകൻ തൊട്ടുമുന്നിലെത്തിയപ്പോൾ സന്തോഷം തിരതല്ലുന്ന മുഹൂ൪ത്തത്തിൽ ആ മാതൃഹൃദയം ഒന്ന് തേങ്ങി. മരണമടഞ്ഞ പ്രിയതമൻെറ ഓ൪മകളുറങ്ങുന്ന ആട്ടിൻകുന്ന് സെൻറ് മേരീസ് പള്ളിയുടെ മുന്നിലാണ് വിജയപഥമേറിവന്ന മകനെ ആശീ൪വദിക്കാനും മധുരം നൽകാനുമായി എത്തിയ ഡെയ്സി ജേക്കബ് ഒരു നിമിഷം വിതുമ്പിയത്.
മാതാവ് വിങ്ങിപ്പൊട്ടിയപ്പോൾ ഒപ്പമുണ്ടായിരുന്ന മകൾ അമ്പിളിക്കും തേങ്ങൽ അടക്കാനായില്ല. അനൂപിൻെറ വിജയമധുരം കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളുമായി പങ്കുവെക്കുമ്പോൾ പലപ്പോഴും ഡെയ്സിയുടെ കണ്ണുകൾ നീ൪ച്ചാലണിഞ്ഞു. അനൂപിൻെറ വിജയം ഔദ്യാഗികമായി പ്രഖ്യാപിച്ചതോടെ തിരുമാറാടി വാളയംകോട് താണിക്കുന്നേൽ തറവാട്ടിൽ പായസം വിതരണം ചെയ്താണ് കുടുംബാംഗങ്ങൾ സന്തോഷം പങ്കുവെച്ചത്. ടി.എം. ജേക്കബിൻെറ ആഗ്രഹം പോലെതന്നെ മകൻ അദ്ദേഹത്തെക്കാൾ വലിയവനാകുമെന്നായിരുന്നു ഡെയ്സിയുടെ പ്രതികരണം.
ഉച്ചക്ക് 12.15 ഓടെ അനൂപ് പള്ളിയിലെത്തി. അനൂപ് എത്തുന്നതിന് മുമ്പുതന്നെ മാതാവ് ഡെയ്സിയും ഭാര്യ അനിലയും സഹോദരി അമ്പിളിയും ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷയും പള്ളിയിലെത്തിയിരുന്നു. അടുത്ത ബന്ധുക്കളും സമീപ വാസികളും പ്രദേശിക രാഷ്ട്രീയ നേതാക്കളുമെല്ലാം പള്ളിയിലുണ്ടായിരുന്നു.
ജോസ് കെ. മാണി എം.പി, കോൺഗ്രസ് നേതാവ് ജയ്സൺ ജോസഫ് എന്നിവ൪ക്കൊപ്പമാണ് അനൂപ് എത്തിയത്. പിതാവിൻെറ ഓ൪മ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ കുടുംബാംഗങ്ങളെ നേരിൽ കണ്ടപ്പോൾ ഒരുനിമിഷം അനൂപും വിങ്ങി. തേങ്ങലടക്കി മാതാവ് ഡെയ്സിയും സഹോദരി അമ്പിളിയും നൽകിയ മധുരം കഴിച്ച് പള്ളിക്കകത്ത് പ്രവേശിച്ചു.
പള്ളിക്കകത്തെ വിളക്ക് തെളിച്ച് രൂപക്കൂട് വണങ്ങി ടി.എം. ജേക്കബിൻെറ കബറിടത്തിലേക്ക് നീങ്ങി. കബറിടത്തിൽ പുഷ്പങ്ങളും ഓ൪മകളുമ൪പ്പിച്ച് താണിക്കുന്ന് തറവാട്ടിലേക്ക് നീങ്ങി.
തറവാട്ടിലെത്തിയ അനൂപിനെ കത്തിച്ച നിലവിളക്ക് നൽകി മാതാവ് ആനയിച്ചു. വീട്ടിലെ സ്വീകരണമുറിയിൽ വെച്ചിട്ടുള്ള ടി.എം. ജേക്കബിൻെറ ചിത്രത്തിന് മുന്നിൽ വിളക്കുവെച്ച് പ്രാ൪ഥന. മുത്തവുമായി മക്കളായ ടി.എം. ജേക്കബും ലിറയും. ഏതാനും മിനിറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുമ്പോഴേക്കും സ്വീകരണ സ്ഥലത്തേക്ക് ജനനായകനെ കൊണ്ടുപോകുന്നതിന് പ്രവ൪ത്തകരും നേതാക്കളും തിടുക്കം കൂട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
