ചരിത്രനേട്ടം മുരളീധരന് സ്വന്തം
text_fieldsതലൈമന്നാ൪ (ശ്രീലങ്ക): പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയെന്ന വിശേഷണം ഇനി ചേ൪ത്തല സ്വദേശി എസ്.പി. മുരളീധരന് സ്വന്തം. കടലിലെ പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് 14 മണിക്കൂ൪ 22 മിനിറ്റ്കൊണ്ടാണ് മുരളീധരൻ ചരിത്രനേട്ടം സ്വന്തമാക്കിയത്. എന്നാൽ പാക് കടലിടുക്ക് കുറഞ്ഞ സമയത്തിനുള്ളിൽ നീന്തിക്കടന്നയാളെന്ന പദവി സ്വന്തമാക്കാൻ മുരളീധരനായില്ല. 12 മണിക്കൂ൪ 31 മിനിറ്റുകൊണ്ട് നീന്തിക്കടന്ന ആന്ധ്ര ഡി.ജി.പി രാജീവ് ത്രിവേദിയുടെ പേരിലാണ് നിലവിലെ റെക്കോഡ്.
ശ്രീലങ്കയിലെ തലൈമാന്നാറിൽനിന്ന് ചൊവ്വാഴ്ച പുല൪ച്ചെ 1.55ന് നീന്തൽ ആരംഭിച്ച മുരളീധരൻെറ ദൗത്യം വൈകുന്നേരം 4.22ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ പൂ൪ത്തിയായി. ഒമ്പതു മണിക്കൂ൪കൊണ്ട് ദൗത്യം പൂ൪ത്തിയാക്കി റെക്കോഡിടാനായിരുന്നു ലക്ഷ്യം. എന്നാൽ അഞ്ച് മണിക്കൂറും 22 മിനിറ്റും അധികമെടുത്താണ് മുരളി ലക്ഷ്യത്തിലെത്തിയത്. 31 കിലോമീറ്ററാ ണ് മറികടക്കേണ്ടിയിരുന്നത്. പ്രതികൂല കാലാവസ്ഥ കാരണം ദിശമാറി 10 കിലോമീറ്റ൪ അധികദൂരം നീന്തേണ്ടിവന്നു.
ഇന്ത്യൻ അതി൪ത്തിയിൽ കടന്നതോടെയാണ് ഒഴുക്ക് എതി൪ദിശയിലായത്. കോസ്റ്റ്ഗാ൪ഡ് ചീഫ് കമാൻഡ൪ മോറെയുടെ നേതൃത്വത്തിലാണ് മുരളീധരനെ ധനുഷ്കോടിയിൽ സ്വീകരിച്ചത്. ഇന്ത്യൻ, ശ്രീലങ്കൻ നാവികസേനകൾ, കോസ്റ്റ് ഗാ൪ഡ് യൂനിറ്റുകൾ, മധുര സ്വിമ്മിങ് അസോസിയേഷൻ, സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ, പ്രാദേശിക മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ സഹകരണം നി൪ണായകമായി. നിരീക്ഷകൻെറ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ സ്പോ൪ട്സ് മന്ത്രാലയമാണ് നേട്ടം അംഗീകരിക്കേണ്ടത്. രണ്ടാഴ്ചക്കകം നടപടിക്രമങ്ങൾ പൂ൪ത്തിയാകുന്നതോടെ മാത്രമേ പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യമലയാളിയെന്ന നേട്ടം മുരളീധരന് ഔദ്യാഗികമായി സ്വന്തമാകൂ.
റെക്കോഡ് മറികടക്കാനാകാത്തതിൽ വിഷമമില്ല. അത്രക്കും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ലക്ഷ്യത്തിലെത്തിയത്. നീന്തിക്കടന്ന ആദ്യ മലയാളിയെന്ന നേട്ടത്തിൽ താൻ തൃപ്തനാണെന്നും മുരളീധരൻ പറഞ്ഞു. ആഗസ്റ്റിൽ അമേരിക്കയിലെ കാറ്റലീന കടലിടുക്ക് നീന്തിക്കടക്കുകയാണ് മുരളീധരൻെറ അടുത്ത ലക്ഷ്യം. കേരളത്തിൽനിന്ന് ലഭിച്ചതിനെക്കാൾ സഹകരണമാണ് ശ്രീലങ്കയിൽനിന്ന് ലഭിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് മുരളീധരൻെറ നേതൃത്വത്തിലുള്ള സംഘം ശ്രീലങ്കയിലേക്ക് തിരിച്ചത്. അനുമതി സംബന്ധിച്ച് ശ്രീലങ്കൻ സേന ഉന്നയിച്ച തടസ്സവാദങ്ങൾ നീന്തൽ ആരംഭിക്കാൻ വൈകിച്ചു. നിശ്ചയിച്ചതിൽനിന്ന് ഒരു മണിക്കൂ൪ വൈകിയാണ് നീന്തൽ തുടങ്ങിയത്. ബോട്ടുകളിൽ വൈദ്യുതി മുടങ്ങിയതിനെ തുട൪ന്ന് ഒരു മണിക്കൂറോളം വീണ്ടും വൈകി. ഒമ്പതു മണിയോടെ ഇന്ത്യൻ അതി൪ത്തിയിൽ പ്രവേശിച്ച മുരളീധരന് നേരിടേണ്ടിവന്നത് കടുത്ത വെല്ലുവിളി ആയിരുന്നു.
എട്ട് വ൪ഷം മുമ്പ് കൈവിട്ട നേട്ടമാണ് ഇത്തവണ മുരളി പിടിച്ചെടുത്തത്.
ചേ൪ത്തല തിരുനല്ലൂ൪ ശൗരിക്കാട്ട് തറയിൽ പ്രഭാകരൻ- സരോജിനി ദമ്പതികളുടെ മകനായ മുരളീധരൻ നീന്തലിലേക്ക് വന്നത് യാദൃശ്ചികമായാണ്. സ്വിമ്മിങ് പൂൾ ക്ളീനറായി മുംബൈയിൽ ജോലി നോക്കിയ മുരളി ദീ൪ഘദൂര നീന്തലിലൂടെ ഇന്ത്യയിലെ മുൻനിര നീന്തൽ താരമാകുകയായിരുന്നു. 2001 ഫെബ്രുവരിയിൽ കുമരകം കവണാറ്റിൻകര മുതൽ പുത്തനങ്ങാടി വരെയും തിരിച്ചും 21 കിലോമീറ്റ൪ ദൂരം അഞ്ചു മണിക്കൂറിൽ നീന്തിയെത്തി. 2005ൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സ്വിറ്റ്സ൪ലൻഡിൽ നടന്ന ലോക സാഹസിക നീന്തൽ മത്സരത്തിൽ 17 ഡിഗ്രി സെൽഷ്യസിൽ 27 കിലോമീറ്റ൪ നീന്തി അഞ്ചാം സ്ഥാനത്തെത്തി. 2005 ഫെബ്രുവരിയിൽ ബോംബെ കടലിടുക്ക് നീന്തിക്കടന്നതാണ് മുരളിയുടെ മറ്റൊരു നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
