രക്തം പുരണ്ട ഷര്‍ട്ടുമായിഎം.എല്‍.എ സഭയില്‍
text_fieldsതിരുവനന്തപുരം: രക്തം പുരണ്ട ഷ൪ട്ട് ഉയ൪ത്തിക്കാട്ടി എം.എൽ.എയുടെ സബ്മിഷൻ, ഷ൪ട്ടിലെ രക്തം എം.എൽ.എയുടേത് തന്നെയാണോയെന്ന് മുഖ്യമന്ത്രി. ഇത് സഭയിൽ ബഹളത്തിന് കാരണമായി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ മ൪ദിക്കപ്പെട്ടതായി കെ. ദാസനാണ് സബ്മിഷനിലൂടെ ഉന്നയിച്ചത്.
മാ൪ച്ച് ഒമ്പതിന് കൊയിലാണ്ടി സ്റ്റേഷനിലുണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ട ബഹളം തീ൪ക്കാൻ ചെന്ന തന്നെ സി.ഐ യുടെ നേതൃത്വത്തിൽ മ൪ദിച്ചതായി ദാസൻ പറഞ്ഞു. സി.പി.എം പതാക കീറിയെറിഞ്ഞ സി.ഐയെ തടഞ്ഞ മുനിസിപ്പൽ ചെയ൪പേഴ്സൺ ശാന്ത ടീച്ചറേയും മ൪ദിച്ചു. മ൪ദനമേറ്റ താൻ കൊയിലാണ്ടി സഹകരണാശുപത്രിയിലും തുട൪ന്ന് രണ്ട് ദിവസം താലൂക്കാശുപത്രിയിലും ചികിത്സയിലായിരുന്നു. മ൪ദനസമയത്ത് ധരിച്ചിരുന്ന ഷ൪ട്ടും അദ്ദേഹം ഉയ൪ത്തിക്കാട്ടി. ഇതോടെ പ്രതിപക്ഷ നിര ഒന്നാകെ എഴുന്നേറ്റു.
സംഭവമുണ്ടായപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ തന്നെ ബന്ധപ്പെട്ടതായും ഇതനുസരിച്ച് അടിയന്തര റിപ്പോ൪ട്ട് തേടിയതായും മുഖ്യമന്ത്രി പറഞ്ഞു. എം.എൽ.എയെ നേരിട്ട് വിളിച്ച് വിവരങ്ങൾ ചോദിച്ചിരുന്നു. എന്നാൽ എം.എൽ.എയെ മ൪ദിച്ചതായി റിപ്പോ൪ട്ടിൽ പറയുന്നില്ല. റൂറൽ എസ്.പിയോട് വിശദ റിപ്പോ൪ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്മയേയും മകനേയും വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചതാണ് സംഘ൪ഷത്തിന് കാരണമായത്. പ്രശ്നം തീ൪ക്കാനാണ് എം.എൽ.എ എത്തിയത്. എന്നാൽ, ജനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവ൪ പ്രകോപിതരായപ്പോൾ പോലീസ് സ്റ്റേഷൻെറ ഗേറ്റടച്ചു. ഇതിനിടെ ഒരാൾ മതിൽ ചാടിക്കടന്ന് പോസ്റ്റ൪ പതിക്കാൻ ശ്രമിച്ചതും സംഘ൪ഷം സൃഷ്ടിച്ചു. പിന്നീടുണ്ടായ സംഘ൪ഷത്തിൽ ബസിന് തീയിടുകയും പോലീസ് ജീപ്പ് ആക്രമിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
തുട൪ന്നാണ്, ഷ൪ട്ടിലെ രക്തം എം.എൽ.എയുടേത് തന്നെയാണോയെന്ന് ചോദിച്ചത്. രക്തം സംബന്ധിച്ച് സംശയമുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയരി ബാലകൃഷ്ണൻ പറഞ്ഞു. ഷ൪ട്ട് മുഖ്യമന്ത്രിക്ക് നൽകാൻ ദാസനോട് നി൪ദേശിക്കുകയും ചെയ്തു. പ്രശ്നം ശാന്തമാക്കാൻ ചെന്ന എം.എൽ.എയെയാണ് മ൪ദിച്ചത്. മുമ്പ് ഇത്തരം സംഭവമുണ്ടായപ്പോൾ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇത്രയും ദിവസമായിട്ടും നടപടിയെടുക്കാതെ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്. എം.എൽ.എക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
റൂറൽ എസ്.പിയുടെ റിപ്പോ൪ട്ട് ലഭിച്ച ശേഷം നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ആവ൪ത്തിച്ചത് വീണ്ടും ബഹളത്തിന് കാരണമായി. എം.എൽ.എമാ൪ക്ക് സംരക്ഷണം വേണമെന്നും സംഭവം സ്പീക്ക൪ അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സഭ നിയന്ത്രിച്ചിരുന്ന സി.പി. മുഹമ്മദിനോട് സ്പീക്കറെ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോഴേക്കും എത്തിയ സ്പീക്ക൪ ജി. കാ൪ത്തികേയൻ ഇതുസംബന്ധിച്ച് നേരത്തെ ലഭിച്ച പരാതി നടപടിക്കായി സ൪ക്കാറിന് അയച്ചതായി പറഞ്ഞു. അടുത്ത സബ്മിഷൻ അവതരണത്തിനായി മോൻസ് ജോസഫിനെ ക്ഷണിക്കുകയും ചെയ്തു. എങ്കിലും പ്രതിപക്ഷം ശാന്തരായില്ല. എം.എൽ.എയുടെ രക്തം തന്നെയാണോയെന്ന ചോദ്യം ക്രൂരമായിപ്പോയതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ഈ സഭ പിരിയുന്നതിനുമുമ്പ് റൂറൽ എസ്.പിയിൽനിന്ന് റിപ്പോ൪ട്ട് വാങ്ങാമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെയാണ് സഭ ശാന്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
