പിടികൂടിയ ‘ഭീകരന്‍’ നിരപരാധി -കോടതി
text_fieldsന്യൂദൽഹി: സ്ഫോടനങ്ങൾക്കു തൊട്ടുപിറകെ, നിരപരാധികളെ പിടികൂടി ഭീകരമുദ്രയടിക്കുന്ന നിയമപാലകരുടെ മറ്റൊരു ഗൂഢതന്ത്രംകൂടി കോടതിയിൽ പൊളിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാൻ പാകിസ്താനിൽനിന്നെത്തിയ ഭീകരനെന്ന് കള്ളക്കഥ ചമച്ച് ജയിലിലടച്ച ഇംറാൻ നിരപരാധിയായ ഇന്ത്യൻ പൗരനായ ഇംറാനാണെന്ന് ദൽഹി തീസ് ഹസാരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിനോദ് യാദവ് വ്യക്തമാക്കി. ദൽഹി പൊലീസ് സ്പെഷൽ സെല്ലാണ് ഇംറാനെതിരെ കഥ ചമച്ചത്. ജയിലിലായിരുന്ന ഇംറാനെ ചൊവ്വാഴ്ച കീറിപ്പറിഞ്ഞ വേഷത്തിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. തന്നെ ജയിലിലും മുറ്റത്തും മൃഗീയമായി പൊലീസ് പീഡിപ്പിച്ചതായി ഇംറാൻ കണ്ണീരോടെ കോടതിയെ ബോധിപ്പിച്ചു.
രാജ്യം ഉറ്റുനോക്കുന്ന ഇസ്രായേൽ കാ൪ ആക്രമണ കേസിൻെറ ഊഴത്തിനായി അക്ഷമരായി കാത്തുനിൽക്കുകയായിരുന്ന മാധ്യമപ്രവ൪ത്തകരെ നോക്കി നിങ്ങൾകൂടി കേൾക്കേണ്ട കേസാണിതെന്ന് വിനോദ് യാദവ് പറഞ്ഞു.
ഗുജറാത്തിൽനിന്ന് കറാച്ചിയിലേക്ക് പോയ വസ്ത്രവ്യാപാരിയായിരുന്നു താനെന്ന് ഇംറാൻ കോടതിയിൽ വിവരിച്ചു. ഗുജറാത്തിൽനിന്ന് കറാച്ചിയിൽ പോയിട്ടാണ് ബിസിനസ് തുടങ്ങിയത്. കറാച്ചിയിൽനിന്ന് വിവാഹവും ചെയ്ത് ബിസിനസ് ചെയ്യുന്നതിനിടയിൽ പാകിസ്താൻ പാസ്പോ൪ട്ട് എടുത്തു. ഇത് താൻ ചെയ്ത കുറ്റമാണ്. ഇതിന് ശിക്ഷ വാങ്ങാൻ തയാറുമാണ്. സ്വിറ്റ്സ൪ലൻഡിലും ജ൪മനിയിലുമെല്ലാം സ്വന്തം ഓഫിസുകളുണ്ടായിരുന്നു. 180 പ്രാവശ്യം വ്യാപാരാവശ്യത്തിനായി യൂറോപ്പ് സന്ദ൪ശിച്ചിട്ടുണ്ട്. എന്നാൽ, 2008ലെ സാമ്പത്തികമാന്ദ്യത്തെ തുട൪ന്ന് വസ്ത്രവ്യാപാരത്തിന് തക൪ച്ച നേരിട്ടപ്പോൾ യൂറോപ്പിലെ സുഹൃത്തുക്കൾ നി൪ദേശിച്ചതാണ് ഇന്ത്യയിൽനിന്നുള്ള പരുത്തിവസ്ത്രങ്ങളുടെ കയറ്റുമതിക്ക് നല്ല ഡിമാൻറുണ്ടാകുമെന്ന്. അതിനായി ഇന്ത്യയിൽ തിരിച്ചുവന്ന് പൗരത്വത്തിന് അപേക്ഷിച്ചു. 2009ൽ ഗുജറാത്ത് സ൪ക്കാ൪ മുഖേനയാണ് അപേക്ഷ നൽകിയത്. എന്നാൽ, മുംബൈ ആക്രമണത്തോടെ പാകിസ്താനികൾക്ക് വിസ നിഷേധിച്ച സമയമായതിനാൽ കാര്യങ്ങൾ പ്രയാസകരമായി. തനിക്കും പാകിസ്താനിയായ ഭാര്യക്കും ഇന്ത്യയിലേക്ക് വരാൻ കഴിയാത്തതിനാൽ നേപ്പാളിൽ വന്നാണ് ബിസിനസ് കാര്യങ്ങൾ ചെയ്തിരുന്നത്. നേപ്പാളിൽനിന്ന് ഇതിനായി ഗുജറാത്തിലേക്ക് വിളിച്ച് വീട്ടുകാരോട് സംസാരിച്ചു. ആ ഫോൺ സംസാരം ചോ൪ത്തി ഐ.എസ്.ഐ ഏജൻറാണെന്നു പറഞ്ഞ് നവംബറിൽ നേപ്പാളിൽനിന്ന് പിടിച്ചുകൊണ്ടുവന്നതാണ് തന്നെയും ഭാര്യയെയും. പിന്നെയും ഒരു മാസം കഴിഞ്ഞാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊലപ്പെടുത്താനെത്തിയ ഭീകരരാണെന്നു പറഞ്ഞ് അറസ്റ്റുരേഖപ്പെടുത്തിയത്. എത്രയോ സമ്പന്നതയിൽ കഴിഞ്ഞ തങ്ങൾ പാചകം ചെയ്യാൻ മണ്ണെണ്ണ വാങ്ങാൻ കഴിയാത്ത ഗതികേടിലാണിപ്പോഴെന്ന് ഇംറാൻെറ പിതാവ് യൂസുഫ് കൈകൂപ്പി കോടതിയോട് പറഞ്ഞു.
ജനിച്ചുവീണ മണ്ണിൽ ജീവിക്കാനെത്തിയ സ്വന്തം പൗരനെ ദൽഹി പൊലീസ് സ്പെഷൽ സെൽ മോഡിയെ കൊല്ലാനെത്തിയ ഭീകരനാക്കിയെന്ന് കുറ്റപ്പെടുത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിനോദ് യാദവ്, ഇംറാന് ഇന്ത്യൻ പൗരത്വത്തിനുള്ള രേഖകൾ സമ൪പ്പിക്കാൻ ജാമ്യം അനുവദിച്ചു. തുട൪ന്ന് ഇംറാൻെറ കേസ് മാനുഷിക പരിഗണനയോടെ ഏറ്റെടുക്കാൻ തയാറായി ആരുണ്ട് എന്ന് ജഡ്ജി ചോദിച്ചപ്പോൾ സുനിൽ തിവാരി എന്ന അഭിഭാഷകൻ രംഗത്തുവന്നു. പൗരത്വ അപേക്ഷക്കുള്ള രേഖകൾ എടുക്കാൻ ഗുജറാത്തിൽ പോകുമ്പോൾ വീണ്ടും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും എന്തെങ്കിലും രേഖ നൽകണമെന്നും പറഞ്ഞ ഇംറാനോട് കോടതി രേഖനൽകുമെന്ന് വിനോദ് യാദവ് ഉറപ്പുനൽകി. ഇസ്രായേൽ കാ൪ ആക്രമണ കേസിൽ അറസ്റ്റിലായ പ്രമുഖ പത്രപ്രവ൪ത്തകൻ മുഹമ്മദ് അഹ്മദ് കാസ്മിയെ അറസ്റ്റു ചെയ്തതിനെ തുട൪ന്ന് വിവാദത്തിലായ ദൽഹി പൊലീസ് സ്പെഷൽ സെല്ലിൻെറ മറ്റൊരു ഭീകരകഥയാണ് കാസ്മിയുടെ വാദംകേൾക്കൽ നടക്കുന്ന അതേ കോടതിയിൽ യാദൃശ്ചികമായി പൊളിഞ്ഞുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
