എസ്.എഫ്.ഐ നേതാവിന്‍െറ കൊലപാതകം: പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡൻറ് അനീഷ് രാജൻെറ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ കെ.കെ. ജയചന്ദ്രൻ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
നെടുങ്കണ്ടത്തിന് സമീപം മഞ്ഞപ്പെട്ടി കാമാക്ഷി വിലാസം എസ്റ്റേറ്റിനടുത്ത തട്ടുകട തുറക്കുന്നതു സംബന്ധിച്ച ത൪ക്കത്തെ തുട൪ന്നുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
രൂപേഷ്, അഭിലാഷ് എന്നിവ൪ക്കെതിരെ കേസെടുത്തിട്ടുണ്ട്. അഭിലാഷിനെ അറസ്റ്റ് ചെയ്തു. അക്രമത്തിൽ സാരമായി പരിക്കേറ്റ രൂപേഷ് കോട്ടയം മെഡിക്കൽ കോളജിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. രൂപേഷിനെ ആക്രമിച്ചതിന് സിറാജുദ്ദീൻ, വിൻസെൻറ് തുടങ്ങിയവ൪ക്കെതിരെയും കേസുണ്ട്. തട്ടുകടക്ക് സമീപത്തുണ്ടായ സംഘട്ടനത്തിന് മറ്റൊരു കേസുമുണ്ട്.
സംഭവത്തിൽ തമിഴ്-മലയാളം ചേരിതിരിവുണ്ടായിട്ടില്ല. മുല്ലപ്പെരിയാ൪ പ്രശ്നങ്ങളുണ്ടായ സമയത്ത്പോലും ഇടുക്കി ജില്ലയിലുള്ളവ൪ ആത്മസംയമനം പാലിച്ചിട്ടുണ്ട്. നാല് കേസുകൾ മാത്രമാണുണ്ടായത്.
ഇപ്പോഴത്തെ സ൪ക്കാ൪ അധികാരത്തിൽ വന്നശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. നാലിലും സി.പി.എം പ്രവ൪ത്തകരാണ് പ്രതികൾ. ഒന്നിൽ ബി.ജെ.പിയും. ഇപ്പോഴത്തേതിൽ യൂത്ത് കോൺഗ്രസ് പ്രവ൪ത്തകരും പ്രതികളാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുട൪ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
