കടല്‍ കൊല: ഇറ്റാലിയന്‍ സൈനികരുടെ ഹരജിയില്‍ വാദം പൂര്‍ത്തിയായി
text_fieldsകൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ എഫ്.ഐ.ആ൪ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് ഇറ്റാലിയൻ സൈനിക൪ നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. തങ്ങൾക്കെതിരെ തയാറാക്കിയ എഫ്.ഐ.ആറും നിയമ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിൽ അറസ്റ്റിലായ ഇറ്റാലിയൻ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരും കപ്പലിലെ സുരക്ഷാ ഗാ൪ഡുകളുമായ ലെസ്റ്റൊറെ മാസി മിലാനോ, സാൽവദോറെ ജിരോൺ എന്നിവരും ഇറ്റലി കോൺസുലേറ്റ് ജനറൽ ജാമ്പൗലോ കുട്ലിയോയും നൽകിയ ഹരജിയിലാണ് ചൊവ്വാഴ്ച വാദം പൂ൪ത്തിയായത്.
ഇന്ത്യൻ സമുദ്രാതി൪ത്തിക്ക് പുറത്ത് നടന്ന സംഭവത്തിൽ കേസെടുക്കാൻ ഇന്ത്യയിലെ ഏജൻസികൾക്ക് നിയമപരമായി അധികാരമില്ലെന്നും ഇന്ത്യൻ കോടതികളിൽ കേസ് പരിഗണിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവ൪ കോടതിയെ സമീപിച്ചത്. ഇറ്റാലിയൻ സ൪ക്കാറും മ൪ച്ചൻറ് ഷിപ്പ് അസോസിയേഷനും തമ്മിൽ നിലവിലെ കരാ൪ പ്രകാരമാണ് ഇറ്റാലിയൻ കപ്പലിൽ സുരക്ഷാ സേനാംഗങ്ങളായി പ്രതി ചേ൪ക്കപ്പെട്ടവ൪ നിയോഗിക്കപ്പെട്ടത്. സൈനിക സേവനത്തിനിടെയുള്ള സംഭവമെന്ന നിലയിൽ ചട്ടപ്രകാരം തങ്ങൾ ശിക്ഷാനടപടിക്ക് വിധേയരല്ലെന്ന വാദവും ഹരജിക്കാ൪ ഉയ൪ത്തിയിരുന്നു.
ദിവസങ്ങളായി നടക്കുന്ന വാദത്തിനൊടുവിൽ ചൊവ്വാഴ്ച ഹരജിക്കാരുടെയും കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെയും വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെയും വാദം കോടതി ഒരിക്കൽ കൂടി കേട്ടു. ഇറ്റാലിയൻ സ൪ക്കാറുമായുള്ള കരാ൪ പ്രകാരം കപ്പലിൽ നിയോഗിക്കപ്പെട്ടത് സൈനികരാണെങ്കിലും ഇവ൪ ദിവസ വേതനത്തിൻെറ അടിസ്ഥാനത്തിൽ സ്വകാര്യ സുരക്ഷാ സേനാംഗങ്ങളായാണ് സേവനം നടത്തിയതെന്ന് സംസ്ഥാന സ൪ക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണിയും ഡി.ജി.പി ടി. ആസഫ് അലിയും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഇവ൪ക്ക് സൈനികസേവനത്തിൻെറ ആനുകൂല്യം നൽകാനാകില്ലെന്നും ഇവ൪ വ്യക്തമാക്കി.
2011 സെപ്റ്റംബറിലെ ഇന്ത്യൻ മാരിടൈം ഓ൪ഗനൈസേഷൻ മാ൪ഗരേഖ പ്രകാരമുണ്ടായ സുപ്രീംകോടതി വിധി കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി സെലസ്റ്റിൻെറ ബന്ധുക്കളുടെ അഭിഭാഷകൻ സി. ഉണ്ണികൃഷ്ണൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജീവാപായമോ മാരക മുറിവോ ഉണ്ടാകുമെന്ന് ഉറപ്പുള്ളപ്പോഴും ജീവാപായ ഭീഷണി ഉള്ളപ്പോഴും ശത്രുക്കൾ തങ്ങളുടെ കപ്പലിൽ കയറുന്നത് തടയാൻ മാത്രമെ എതിരാളിയുടെ ജീവൻ നഷ്ടപ്പെടുത്തുന്ന മാ൪ഗങ്ങൾ തേടാവൂവെന്നാണ് സ്വകാര്യ സുരക്ഷാ സേനാംഗങ്ങൾക്കുള്ള മാ൪ഗരേഖയിൽ പറയുന്നത്. എന്നാൽ, ഈ ഒരു സാഹചര്യവുമില്ലാതെയാണ് ഇറ്റാലിയൻ സൈനിക൪ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇതിനിടെ, സത്യവാങ്മൂലത്തിലുള്ളതിനെക്കാൾ കൂടുതലൊന്നും പറയാനില്ലെന്ന കേന്ദ്ര സ൪ക്കാ൪ നിലപാടിനെ കോടതി വിമ൪ശിച്ചു. എന്നാൽ, ഹരജിയിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ മാത്രമാണ് കക്ഷി ചേ൪ത്തിട്ടുള്ളതെന്നും ഇതിന് കീഴിൽ പല വകുപ്പുകളും സെക്രട്ടേറിയറ്റുകളും വരുന്നുണ്ടെന്നും അസിസ്റ്റൻറ് സോളിസിറ്റ൪ ജനറൽ പരമേശ്വരൻ നായ൪ കോടതിയെ അറിയിച്ചു. അവയിൽ ആവശ്യമായ വകുപ്പുകളെപ്പോലും കക്ഷിചേ൪ത്തിട്ടില്ല. കോസ്റ്റ് ഗാ൪ഡിനുവേണ്ടി സത്യവാങ്മൂലം സമ൪പ്പിച്ചിട്ടുമുണ്ട്. എന്നാൽ, അവരെ കക്ഷിചേ൪ത്തിട്ടില്ല. ശരിയായ വിധത്തിൽ കേന്ദ്ര സ൪ക്കാറിൻെറ പ്രാതിനിധ്യം ഹരജിയിൽ വന്നിട്ടില്ലെന്നും എ.എസ്.ജി പറഞ്ഞു. കേന്ദ്ര സ൪ക്കാറിൻെറ വാദം ഒന്നായി അവതരിപ്പിച്ചാൽ മതിയാകുമെന്ന് കോടതി ഈ അവസരത്തിൽ പറഞ്ഞു. എല്ലാവരെയും കക്ഷി ചേ൪ക്കാനാണെങ്കിൽ പ്യൂണിനെപ്പോലും കക്ഷിചേ൪ക്കേണ്ടി വരും. അതിനാൽ കേന്ദ്ര സ൪ക്കാറിന് പറയാനുള്ളത് വ്യക്തമാക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ കേന്ദ്ര സ൪ക്കാറിൻെറ പ്രതിനിധി അഭിപ്രായം അറിയിച്ചില്ലെന്ന് രേഖപ്പെടുത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. വീണ്ടും കക്ഷികളിൽനിന്ന് വാദം കേൾക്കൽ തുട൪ന്ന ശേഷം വിധി പറയാനായി ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഹരജി മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
