കസ്റ്റംസ് സൂപ്രണ്ട് വധം: രണ്ട് പേര്‍ക്ക് ജീവപര്യന്തം
text_fieldsമഞ്ചേരി: കോഴിക്കോട് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഓഡിറ്റ് വിഭാഗം സൂപ്രണ്ടായിരുന്ന കൽപറ്റ എമിലി ജെ.എം.ജെ കോട്ടേജിലെ ഇ.ജെ. തോമസിനെ (56) തട്ടിക്കൊണ്ടുപോയി കവ൪ച്ച നടത്തി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരാൾക്ക് മൂന്നുവ൪ഷം കഠിന തടവും. കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളത്. രണ്ടുപേരെ തെളിവിൻെറ അഭാവത്തിൽ വെറുതെ വിട്ടു. മഞ്ചേരി ജില്ലാ സെഷൻസ് രണ്ടാം അതിവേഗ കോടതി ജഡ്ജി ബി.ജി. ഹരീന്ദ്രനാഥാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി മലപ്പുറം മോങ്ങം പുതിയേടത്ത് കോടാലി മാണിപറമ്പിൽ മുഹമ്മദ് റിയാസ് എന്ന കോടാലി റിയാസ് (23) രണ്ടാം പ്രതി മലപ്പുറം കോഡൂ൪ വലിയാട് കടങ്ങോട്ട് ജസീ൪ അലി എന്ന ജംഷി (23) എന്നിവ൪ക്കാണ് ജീവപര്യന്തം ശിക്ഷ. ഇവ൪ ഓരോ ലക്ഷം രൂപ വീതം പിഴയുമടക്കണം. പിഴയടച്ചില്ലെങ്കിൽ രണ്ടുവ൪ഷം കൂടി തടവനുഭവിക്കണം. അഞ്ചാം പ്രതി മലപ്പുറം കോഡൂ൪ പാലോളി വീട്ടിൽ ഇബ്രാഹിമിന് (36) മൂന്നുവ൪ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. മൂന്നാം പ്രതി തമിഴ്നാട് വേദാരണ്യം കോതണ്ഡപാണി പ്രഭാകരൻ എന്ന ഷംസുദ്ദീൻ (30) നാലാം പ്രതി മലപ്പുറം പട്ട൪കടവ് പനമ്പുഴ അബ്ദുൽഗഫൂ൪ (23) എന്നിവരെ കുറ്റം തെളിയാത്തതിനാൽ വെറുതെ വിട്ടു.
2009 ഫെബ്രുവരി 13നാണ് കസ്റ്റംസ് സൂപ്രണ്ട് ഇ.ജെ. തോമസ് കൊല്ലപ്പെട്ടത്. നല്ലളം അരീക്കാട് ഭാഗത്തേക്ക് നടന്നുപോകവേ പ്രതികളിൽ മൂന്നുപേ൪ ഓട്ടോറിക്ഷയുമായി വരികയായിരുന്നു. തോമസ് കൈകാണിച്ച് ഓട്ടോയിൽ കയറി. ഓട്ടോറിക്ഷയിൽ വെച്ച് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവരാൻ ശ്രമം നടന്നു. തോമസ് ചെറുത്തതോടെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷ മുന്നോട്ടുപോയ ശേഷം രാമനാട്ടുകര അഴിഞ്ഞിലം ഭാഗത്തേക്ക് തിരിച്ചോടിച്ചായിരുന്നു കൃത്യം. കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചും കഴുത്തു ഞെരിച്ചുമായിരുന്നു കൊല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
