Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅതേ റൂട്ടിലോടുന്ന...

അതേ റൂട്ടിലോടുന്ന ഓര്‍ഡിനറി ബസ്

text_fields
bookmark_border
അതേ റൂട്ടിലോടുന്ന ഓര്‍ഡിനറി ബസ്
cancel

മലയാള സിനിമ പുതിയ പാതയിലേക്ക് പ്രവേശിച്ചത് പാസഞ്ച൪, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. പതിവുപാതകളെ കൈയൊഴിഞ്ഞ് പുതുവഴികൾ പരീക്ഷിച്ച് പ്രദ൪ശനവിജയം എന്ന ലക്ഷ്യസ്ഥാനത്തെത്താൻ അവക്ക് എളുപ്പം കഴിഞ്ഞു. മലയാളിപ്രേക്ഷകൻ എന്നും ഒരേ പാതയിലൂടെ പോകാനാഗ്രഹിക്കുന്ന പാസഞ്ചറാണെന്ന മുൻവിധിക്കനുസരിച്ച് നീങ്ങുന്ന ഓ൪ഡിനറികൾ ഈ നവതലമുറ സിനിമകൾക്കിടയിലൂടെ ഓടുന്നുണ്ട്. അത്തരത്തിൽ പെട്ട ഒന്നാണ് നവാഗതനായ സുഗീത് സംവിധാനം ചെയ്ത ‘ഓ൪ഡിനറി’. മുൻകാല ഹിറ്റ്ചിത്രങ്ങളുടെ ചേരുവകളും വിജയസമവാക്യങ്ങളും ചേരുംപടി ചേ൪ത്തതിനാൽ ഈ ഓ൪ഡിനറി ബസ് തിയറ്ററിൽ ഓടും എന്ന് ഉറപ്പ്. അതേ റൂട്ട് തന്നെ. കൈയും തലയുമിട്ട് പുറത്തേക്കു നോക്കിയാൽ കാണുന്ന കാഴ്ചകൾ നാമിന്നോളം കണ്ടിട്ടുള്ളവ തന്നെ. പുതിയ പുറംകാഴ്ചകളിലേക്ക് (അകക്കാഴ്ചകളിലേക്കും) സഞ്ചരിക്കമെങ്കിൽ വളയം പിടിക്കുന്ന ഡ്രൈവ൪ തീരുമാനിക്കണം. അങ്ങനെയൊരു വ്യത്യസ്തയൊന്നും കന്നിച്ചിത്രത്തിനു വേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണ് സുഗീത്. നമ്മുടെ സിനിമക്കാ൪ കുറേനാളായി ഒരേ റൂട്ടിലോടിക്കുന്ന വണ്ടി. സുരക്ഷിതമായ റോഡ്. അപകടമില്ല. ആളുകൾ കയറിക്കൊള്ളും. അതേ വഴി തന്നെ വെച്ചുപിടിച്ചിരിക്കുകയാണ് സംവിധായകൻ.

ഓൾഡ് മങ്കിൻെറ പോസ്റ്ററുകൾ സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിലൊക്കെ ഏറെ നാളായി പ്രചരിച്ചിരുന്നതിനാൽ വളരെയേറെ പ്രതീക്ഷകൾ തന്ന ചിത്രമായിരുന്നു ഇത്. പുതിയ പ്രമേയം, പുതിയ പശ്ചാത്തലം തുടങ്ങിയ നവ്യാനുഭവങ്ങൾ വാഗ്ദാനം ചെയ്തിരുന്നു ആ പോസ്റ്ററുകൾ. അവയിൽ ഒരു പുതിയ കഥാപാത്രത്തെയും പ്രതീക്ഷിച്ചു. ആനബസ് എന്ന അചേതനവസ്തു ഇതിൽ ജീവസ്സുറ്റ സാന്നിധ്യമായി, ഒരു കഥാപാത്രമായി മാറുമെന്നും പ്രതീക്ഷിച്ചു. സ്വന്തമായി വാഹനം വാങ്ങിയിട്ടുള്ളവ൪ക്കും ആനവണ്ടി ഒരു ഗൃഹാതുരതയാണ്. പ്രത്യേകിച്ചും കോടമഞ്ഞിറങ്ങുന്ന റോഡിലൂടെ ചുരം കയറിപ്പോവുന്ന കെ.എസ്. ആ൪.ടി.സി ബസുകൾ. പൊതുഗതാഗതത്തിൻെറ സ്വകാര്യമായ ഈ ഗൃഹാതുരാനുഭവത്തെ വേറിട്ട ഒരു ദൃശ്യാനുഭവമായി പൊലിപ്പിച്ചെടുക്കാനുള്ള സാധ്യതകൾ ഏറെയുണ്ടായിരുന്നു ചിത്രത്തിൻെറ പ്രമേയത്തിൽ.പത്തനംതിട്ടയിലെ ഗവി എന്ന ഒറ്റപ്പെട്ട ഗ്രാമത്തിലേക്കുള്ള ബസ്. അതിലെ ഡ്രൈവറും കണ്ടക്ടറും. അവ൪ എത്തിച്ചേരുന്ന ആ വിദൂരഗ്രാമത്തിലെ ജീവിതങ്ങൾ. ആ ചിന്തയിൽ ഒരു നല്ല സിനിമയുടെ ആദ്യാങ്കുരമുണ്ടായിരുന്നു. എക്സ്ട്രാ ഓ൪ഡിനറിയായ ഒന്നുമല്ലെങ്കിലും വേറിട്ട ഒരു ചിത്രത്തിനുള്ള വകുപ്പുണ്ടായിരുന്നു അതിൽ. എന്നാൽ വ്യത്യസ്തമായ ഒരു അനുഭവതലത്തിലേക്ക് പ്രമേയത്തെ വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളും നഷ്ടമാക്കി ഒരു മറവത്തൂ൪ കനവ്, കങ്കാരു, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങി എണ്ണമറ്റ സിനിമകളിൽ നാം കണ്ടുമറന്ന ഒരു കഥയിലേക്ക് ഇടിച്ചുനി൪ത്തുകയാണ് ഈ ഓ൪ഡിനറി ബസ്. ഈ ബസ് എങ്ങോട്ടാണ് പോവുന്നതെന്ന് അതിൻെറ പോക്കു കണ്ടാൽ തന്നെ മനസ്സിലാവും. പ്രതീക്ഷിക്കുന്ന വളവുകൾ, തിരിവുകൾ. നായകൻ, നായിക, പ്രണയം, ദുരൂഹമരണം, സംശയിക്കപ്പെടുന്ന നിരപരാധിയായ നായകൻ, ഒടുവിൽ എല്ലാം കലങ്ങിത്തെളിയുന്ന ഗ്രൂപ്പ്ഫോട്ടോ കൈ്ളമാക്സ് എന്ന പതിവുതന്നെ പിൻപറ്റുന്നു സുഗീത് വരവറിയിച്ച ആദ്യസിനിമ.


സംവിധായകൻെറ ഗുരു കമൽ ആണ്. കമൽ, ലാൽജോസ്, ഷാഫി എന്നിവരുടെ പല സിനിമകളെയും ഓ൪മിപ്പിക്കുന്നുണ്ട് ഈ ചിത്രം. മലയാളത്തിലെ പുതിയ സംവിധായകരിൽനിന്നു പ്രതീക്ഷിക്കുന്നത് നവീനമായ ഒരു ചലച്ചിത്രസമീപനമാണ്. ദൗ൪ഭാഗ്യകരമെന്നു പറയട്ടെ, പുതിയ പാതകൾ വെട്ടിത്തുറക്കാൻ അവരിൽ ബഹുഭൂരിപക്ഷത്തിനും താൽപര്യമില്ല. നമ്മുടെ മുഖ്യധാരാ സിനിമയിലെ മാറ്റങ്ങൾ ഒറ്റപ്പെട്ടതായി അവശേഷിക്കുന്നതിനുപിന്നിലെ കാരണവും മറ്റൊന്നല്ല. സംവിധായകൻ സുഗീത്, തിരക്കഥ രചിച്ച നിഷാദ് കോയ, മനുപ്രസാദ് എന്നിവ൪ മലയാള സിനിമയിലെ സംവേദന നവീകരണത്തിനുനേരെ കണ്ണുകൾ അടച്ചുപിടിക്കുകയാണ് എന്ന് ഈ സിനിമയിലെ ഓരോ ഫ്രെയിമും വ്യക്തമാക്കുന്നു. മുഷിപ്പിക്കാത്ത കുറേ ന൪മരംഗങ്ങൾ ഉള്ളതിനാൽ ചിത്രം പ്രദ൪ശനവിജയം നേടുമെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഒരേ റൂട്ടിലോടുന്ന ഓ൪ഡിനറികൾക്ക് ഇനിയും ആൾക്കാരെ കിട്ടും. ഒരേ അച്ചിൽ വാ൪ത്തെടുത്ത സിനിമകൾ ഇനിയും ഇവിടെ ഉണ്ടാവും. പ്രമേയത്തിലും പരിചരണത്തിലും പരീക്ഷണങ്ങൾ നടത്തുന്ന നവതലമുറ സിനിമകൾ ഒറ്റപ്പെട്ടുപോവുകയും ചെയ്യും. പരീക്ഷണസിനിമകൾ ഒരു തരംഗമായി മാറാനിടയില്ലെന്നുതന്നെയാണ് ഈ സൂചനകൾ കാണിക്കുന്നത്.


നൂറ്റൊന്നാവ൪ത്തിച്ച പ്രമേയമുള്ള ഈ ചിത്രം കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നത് ബിജുമേനോൻ എന്ന നടനാണ്. പാലക്കാടൻ ഉച്ചാരണഭേദങ്ങളോടെയുള്ള അദ്ദേഹത്തിൻെറ സംഭാഷണം തിയറ്ററിൽ പലപ്പോഴും ചിരിയുതി൪ക്കുന്നുണ്ട്. ബാബുരാജിൻെറ കഥാപാത്രവും പലപ്പോഴും കൈയടി നേടുന്നു. ചില സ്റ്റീരിയോടൈപ് കഥാപാത്രങ്ങളിലേക്ക് ഒതുക്കിനി൪ത്തപ്പെട്ടിരുന്ന നടന്മാരാണ് ഇവ൪. ബിജുമേനോൻെറ സാധ്യതകൾ ഉപയോഗപ്പെടുത്തിയ സമീപകാല ചിത്രങ്ങൾ മേരിക്കുണ്ടൊരു കുഞ്ഞാടും സീനിയേഴ്സുമാണ്. മമ്മൂട്ടിയുടെ പുരുഷപ്രതിച്ഛായയയുടെ തനിപ്പക൪പ്പ് മുമ്പ് ഒരു ബാധ്യതയായിരുന്നു ബിജുമേനോന്. മമ്മൂട്ടി സജീവമായിരിക്കുന്ന കാലത്ത് ബിജുവിന് അവസരങ്ങൾ പരിമിതമായിരിക്കും എന്നുതന്നെ പലരും വിധിയെഴുതി. അയവില്ലാത്ത അഭിനയരീതിയാവും ബിജുവിനും എന്ന മുൻവിധിയും അദ്ദേഹത്തിന് ഒരു കാലത്ത് വിനയായിരുന്നു. ഗൗരവപുരുഷൻ എന്ന വാ൪പ്പുമാതൃകയിൽനിന്നും വിടുതിനേടിയതിനുശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം ‘ഓ൪ഡിനറി’യിൽ കാഴ്ചവെക്കുന്നത്.


സംഭാഷണശകലങ്ങളിലൂടെ സ്വാഭാവികമായ ന൪മരംഗങ്ങളൊരുക്കിയ തിരക്കഥാകൃത്തുക്കൾ നിഷാദ് കോയയും മനുപ്രസാദും അഭിനന്ദനമ൪ഹിക്കുന്നു. ദ്വയാ൪ഥപ്രയോഗങ്ങളും എസ്.എം.എസ് തമാശകളുമൊക്കെയാണ് ഈയിടെയായി നമ്മുടെ മുഖ്യധാരാ സിനിമയിൽ പ്രേക്ഷകരെ ചിരിപ്പിക്കാനായി ഉൾച്ചേ൪ക്കുന്നത്. എന്നാൽ ആ പതിവു വിട്ട് സാഹചര്യത്തിന് അനുസരിച്ചുള്ള സ്വാഭാവിക ന൪മമാണ് ഈ ചിത്രത്തിലെ സംഭാഷണങ്ങളിൽ കടന്നുവരുന്നത്.

നായികയെ കരണത്തടിച്ച് ഒതുക്കുന്ന പതിവിന് മലയാള സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആ കാഴ്ച ഈ ചിത്രത്തിലും കാണാം. യുവാക്കളാണ് ചിത്രത്തിൻെറ അണിയറശിൽപികളെങ്കിലും അവരുടെ മന$സ്ഥിതിയിൽ തെല്ലും മാറ്റമില്ലെന്ന് ഈ രംഗം തെളിയിക്കുന്നു. മറവത്തൂ൪ കനവ് പോലുള്ള ഒട്ടനവധി ചിത്രങ്ങളിൽ നാം കണ്ടുമടുത്ത ഉൽസവവും അതോടനുബന്ധിച്ച പാട്ടും നൃത്തവും ഏതാണ്ട് അതേ ഫ്ളേവറിൽ ഈ ചിത്രത്തിലും കാണാം. നായകൻ ജയിലിൽ കിടക്കുമ്പോൾ പതിവുപോലെ യേശുദാസിൻെറ സ്വരത്തിൽ ‘സൂര്യശലഭം’ എന്നു തുടങ്ങുന്ന ഒരു ശോകഗാനവുമുണ്ട്. ഒരു ക്ളീഷേയും കുടഞ്ഞെറിയാൻ തയാറല്ലാത്തവ൪ക്ക് ഇവയൊക്കെ എങ്ങനെ മാറ്റാനാവും?.

സാധാരണഗതിയിൽ കുഞ്ചാക്കോ ബോബനെക്കൊണ്ട് അധികമാരും വലിയ ഭാരമൊന്നും എടുപ്പിക്കാറില്ല. ഈ ചിത്രത്തിൽ പക്ഷേ പതിവുതെറ്റി. ഹീറോ ഇങ്ങനെയൊക്കെ ചെയ്യണമെന്ന് നമുക്കു ചില നി൪ബന്ധങ്ങളുണ്ടല്ലോ. തന്നെക്കൊണ്ടാവുന്നതല്ലെന്നറിഞ്ഞിട്ടും അതൊക്കെ ബോബൻ ചെയ്യുന്നുണ്ട്. ധീരനും വീരനും ശക്തനുമായ ബോബൻെറ ഹീറോയിസം പലപ്പോഴും കല്ലുകടിയാവുന്നു. ആസിഫ് അലി ഒരു പ്രതിച്ഛായാ മാറ്റത്തിന് ശ്രമിച്ചതാണെന്നു തോന്നുന്നു. മെട്രോ സിനിമകളിലെ നഗരയുവത്വത്തിൽനിന്ന് ഒരു ചുവടുമാറ്റം. അമിതാഭിനയംകൊണ്ട് പലപ്പോഴും കഥാപാത്രം ആസിഫിൻെറ കൈയിൽനിന്നു വഴുതിപ്പോവുന്നു.

ഗവിയുടെ പ്രകൃതിഭംഗി പക൪ത്തുക എന്ന നിയോഗമേ ഫൈസൽ അലിക്കുള്ളൂ. അത് അദ്ദേഹം ഭംഗിയായി ചെയ്തിട്ടുണ്ട്. ഗവിയിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടും എന്നതു മാത്രമാണ് ഈ ചിത്രത്തിൻെറ ഗുണം. അതുപക്ഷേ മലയാള സിനിമക്കല്ല ഗുണം ചെയ്യുക, സംസ്ഥാന വനംവികസന കോ൪പറേഷനാണ്. (വാഹനമൊന്നിന് എൻട്രി ഫീ ആയി സിനിമാ ടിക്കറ്റ് ചാ൪ജിൻെറ പകുതിയേ വരൂ. )നവതലമുറച്ചിത്രങ്ങളുടെ പാതയിൽ താൽക്കാലികമായ ട്രാഫിക് ബ്ളോക്കുണ്ടാക്കാൻ ഈ ഓ൪ഡിനറി ബസിനു കഴിയുമെന്നുതോന്നുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story