കഴിഞ്ഞ ബജറ്റ് വാഗ്ദാനങ്ങള്‍ ഏറെയും നടപ്പായില്ല
text_fieldsചെറുതോണി: കഴിഞ്ഞ ബജറ്റിൽ ഇടുക്കി ജില്ലക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങളിൽ 50 ശതമാനവും നടപ്പായില്ല. 2011 ജൂലൈ എട്ടിന് അവതരിപ്പിച്ച ബജറ്റിൽ മലയോരജനതക്ക് പ്രതീക്ഷ നൽകി നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു.
ജില്ലക്ക് പുതിയ മെഡിക്കൽ കോളജായിരുന്നു എല്ലാവരും സ്വാഗതം ചെയ്ത പ്രഖ്യാപനം. ആറുമാസത്തിനുള്ളിൽ പ്രാഥമിക നടപടിയെന്ന് പ്രഖ്യാപിച്ചെങ്കിലും മെഡിക്കൽ കോളജിന് മന്ത്രിസഭ അംഗീകാരം നൽകിയത് ഒരാഴ്ച മുമ്പാണ്.
മുല്ലപ്പെരിയാ൪ ഡാമിന് അഞ്ച് കോടി, ഇടുക്കിയിൽ വോളിബാൾ അക്കാദമി, തൊടുപുഴയിൽ ആധുനിക സ്റ്റേഡിയം, കാഞ്ഞിരമറ്റത്തെയും ഒളമറ്റത്തെയും ബന്ധിപ്പിക്കാൻ മാരിയിൽ കലുങ്ക് പാലം, തൊടുപുഴയിൽ ടെട്രാപാക്ക് യൂനിറ്റ്, നെല്ലാപ്പാറ-മടക്കത്താനം ബൈപാസിൻെറ ഭാഗമായി മടക്കത്താനം പാലം, ഇടുക്കിയിൽ ഐ.ടി പാ൪ക്കും വ്യവസായ പാ൪ക്കും, ഇടുക്കിയിൽ അ൪ഹരായ മുഴുവൻ പേ൪ക്കും പട്ടയം, ജില്ലയിൽ പുതിയ ഡയാലിസിസ് സെൻറ൪, കട്ടപ്പനയിൽ സിവിൽ സ്റ്റേഷൻ, കൊലുമ്പൻ സ്മാരകം നി൪മിക്കാൻ രണ്ട് ലക്ഷം തുടങ്ങിയ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ചത്. ഇതിൽ ചിലത് പ്രാരംഭ നടപടിപോലും ആയിട്ടില്ല.
കാ൪ഷികമേഖലക്ക് ഗുണം ചെയ്യുന്ന സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടാണ് കഴിഞ്ഞബജറ്റ് അവതരിപ്പിച്ചത്. ഇതിൽ പ്രധാനം പഴം-പച്ചക്കറി പദ്ധതിയായിരുന്നു. തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തി പഴം-പച്ചക്കറി കൃഷിക്ക് രണ്ട് കോടി ബജറ്റിൽ മാറ്റിവെച്ചിരുന്നു. ഓരോ പഞ്ചായത്തിലെ കൃഷിഭവനും കൃഷിക്കാരും ഒത്തുചേ൪ന്നുള്ള പദ്ധതിക്കാണ് രൂപം കൊടുത്തത്.
ക൪ഷക൪ക്ക് ഗുണമേന്മയേറിയ വിത്തുകളും കാ൪ഷികോപകരണങ്ങളും മറ്റും ലഭ്യമാക്കാനുള്ള വിവരങ്ങൾ നൽകുന്നതിന് ഫാം ഇൻഫ൪മേഷൻ വഴി നടപ്പാക്കുന്ന പദ്ധതിക്ക് 10 ലക്ഷം രൂപ നീക്കിവെച്ചെങ്കിലും നടപ്പായില്ല. കാലാവസ്ഥാ വ്യതിയാനം മൂലം വിളനാശം സംഭവിക്കുന്ന ക൪ഷക൪ക്കായി സമഗ്ര കാ൪ഷിക ഇൻഷുറൻസ് പദ്ധതി കഴിഞ്ഞ ബജറ്റിൽ കൊണ്ടുവന്നതാണ്.
വിവിധ വിള ഇൻഷുറൻസുകളെ ഒന്നിച്ചാക്കുന്നതിൻെറ ഭാഗമായി 10 കോടി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
വനം-പരിസ്ഥിതി നിയമത്തിൽനിന്ന് കൃഷിഭൂമി ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും കഴിഞ്ഞ ബജറ്റിലെ പ്രധാനപ്പെട്ടതായിരുന്നു. ജില്ലയിലെ ക൪ഷകരുടെ ഭൂമിയിൽ നല്ലൊരു ശതമാനവും വനം-പരിസ്ഥിതി നിയമങ്ങളിൽ കുരുങ്ങി സാധാരണ ക൪ഷക൪ ദുരിതത്തിലായിരുന്നു. പരിസ്ഥിതി നിയമത്തിൽനിന്ന് കൃഷിഭൂമിയെ ഒഴിവാക്കിയതോടെ ക൪ഷക൪ക്ക് ആശ്വാസമായി. ചെറുകിട-നാമമാത്ര ക൪ഷക൪ക്കായി പെൻഷൻ അനുവദിച്ചതായിരുന്നു എടുത്തുപറയത്തക്ക മറ്റൊരു പ്രഖ്യാപനം.
കഴിഞ്ഞ ബജറ്റിൽ ഒരു ഹെക്ടറോ അതിൽ താഴെയോ ഭൂമിയുള്ള 60 വയസ്സ് കഴിഞ്ഞ ക൪ഷക൪ക്ക് പ്രതിമാസം 300 രൂപ പെൻഷൻ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. സ്വരാജ്-കോഴിമല റോഡ്, കിസാൻ പാസ് ബുക്, ഇടുക്കിയിൽ മഹിളാ മന്ദിരം, ഒബ്സ൪വേഷൻ ഹോം, മൂന്നാ൪ സംരക്ഷണം, മലയോര വികസന അതോറിറ്റി, തൊടുപുഴ സ്റ്റേഡിയം കോംപ്ളക്സ്, അങ്കമാലി -ശബരിപാത, ഉടുമ്പൻചോല താലൂക്കിൽ ജൈവ വൈവിധ്യ സമ്പത്ത് സംരക്ഷണം, മറ്റ് കൃഷികൾക്കായി തോട്ട ഭൂമി ഉപയോഗിക്കാൻ അനുവാദം, വിദ്യാഭ്യാസ വായ്പാ പദ്ധതി, കാട്ടുമൃഗങ്ങളിൽനിന്ന് രക്ഷപ്പെടാൻ സൗരോ൪ജ കമ്പിവേലി നി൪മിക്കാൻ ധനസഹായം, പ്രകാശ്-കരിക്കിൻമേട്-ഉപ്പുതോട് റോഡ്, കാലിത്തീറ്റ സബ്സിഡി, ദേവികുളത്ത് സബ് കോടതി, മലയോര ഹൈവേ തുടങ്ങിയ പദ്ധതികളും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
