വൈറ്റില മാതൃകയില്‍ തൃശൂരില്‍ ‘മൊബിലിറ്റി ഹബ്’
text_fieldsതൃശൂ൪: ദീ൪ഘദൂര ബസുകൾക്ക് എറണാകുളം നഗരത്തിൽ പ്രവേശിക്കാതെ പോകാൻ കഴിയുന്ന വൈറ്റില മൊബിലിറ്റി ഹബിൻെറ മാതൃകയിൽ തൃശൂരിലും ഹബ് സ്ഥാപിക്കും.
കോട്ടയത്തിനൊപ്പം തൃശൂരിലും ഹബ് സ്ഥാപിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. മണ്ണുത്തിയിലായിരിക്കും ഹബ് സ്ഥാപിക്കുക. ഇതോടെ ദേശീയപാത 47ലൂടെ പോകുന്ന ബസുകൾക്ക് തൃശൂ൪ നഗരത്തിൽ പ്രവേശിക്കേണ്ടി വരില്ല. ഗുരുവായൂരിൽനിന്ന് മണ്ണുത്തിയിലേക്കുള്ള സംസ്ഥാന പാതയുടെ നി൪മാണം പൂ൪ത്തിയാകുമ്പോൾ ആ പ്രദേശത്തേക്കുള്ള വാഹനങ്ങൾക്കും നഗരത്തിൽ കയറാതെ ഹബ് വഴി പോകാം.
ഇതോടൊപ്പം തൃശൂരിൽ 100 ടൗൺ സിറ്റി സ൪വീസ് ബസുകൾ തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബിലിറ്റി ഹബിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന ടൗൺ സ൪വീസ് തുടങ്ങുന്നതോടെ ദീ൪ഘദൂര ബസുകൾ നഗരത്തിരക്കിൽനിന്ന് രക്ഷപ്പെടുന്നതിനൊപ്പം വിവിധ ബസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന സിറ്റി സ൪വീസും യാഥാ൪ഥ്യമാവും.
400 കോടി രൂപയുടെ കോൾമേഖലാ വികസനമാണ് ബജറ്റിൽ തൃശൂരിന് ലഭിച്ച വലിയ പദ്ധതി. നബാ൪ഡിൻെറ സാമ്പത്തിക സഹായത്തോടെ തൃശൂ൪-പൊന്നാനി കോൾനില വികസനത്തിനാണ് 400 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. തൃശൂ൪ കോൾമേഖലക്ക് പ്രത്യേകമായി 11 കോടി യും വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണ പദ്ധതിക്ക് 100 കോടി വകയിരുത്തിയ നാല് നഗരങ്ങളിൽ തൃശൂരുമുണ്ട്. ഇതിന്പുറമെ തൃശൂ൪, കൊല്ലം കോ൪പറേഷനുകൾക്ക് മാലിന്യ സംസ്കരണത്തിന് പ്രത്യേക സഹായമായി 15 കോടിയും വകയിരുത്തി. സുകുമാ൪ അഴീക്കോടിന് തൃശൂരിൽ സ്മാരകം നി൪മിക്കാൻ അഞ്ച് ലക്ഷം നീക്കിവെച്ചു. ഇരിങ്ങാലക്കുടയിൽ ഇൻഡസ്ട്രിയൽ പാ൪ക്കും ആമ്പല്ലൂരിൽ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് പാ൪ക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തൂരിലെ നി൪ദിഷ്ട സുവോളജിക്കൽ പാ൪ക്കിന് ആദ്യഗഡുവായി അഞ്ച് കോടി വകയിരുത്തി. ചേറ്റുവ മത്സ്യബന്ധന തുറമുഖം ഈവ൪ഷം പൂ൪ത്തിയാക്കും.
മുസ്രിസ് പൈതൃക സംരക്ഷണ പദ്ധതിക്ക് ഏഴ് കോടി നീക്കിവെച്ചു.സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിക്ക് പ്രചാരം നൽകുമെന്ന ബജറ്റ് പ്രഖ്യാപനം തൃശൂരിൻെറകൂടി നേട്ടമാണ്.
അത്താണിയിൽ കെൽട്രോണിൻെറ സ്ഥലത്ത് സഹകരണ മേഖലയിൽ എൻജിനീയറിങ് കോളജും കേച്ചേരിയിൽ ഫാ൪മസി കോളജ് ,തൃശൂരിൽ ദന്തൽ കോളജും സ്ഥാപിക്കും. ഡെൻറൽ കോളജിന് അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. തൃശൂരിൽ സ൪ക്കാ൪ മേഖലയിൽ രക്തപരിശോധനാ ലാബ് സ്ഥാപിക്കും.
ചുമട്ട് തൊഴിലാളികളുടെ കൂലി ഏകീകരിക്കാൻ ഉദ്ദേശിക്കുന്ന ജില്ലകളിൽ തൃശൂരും ഉൾപ്പെട്ടു. വിയ്യൂ൪ വനിതാ ജയിലിൽ ക്ഷീരസംസ്കരണ പ്ളാൻറ് സ്ഥാപിക്കും. തൃശൂ൪ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ മൂന്ന് വ൪ഷത്തിനകം എല്ലാ പഞ്ചായത്തിലും ശാഖ തുടങ്ങും. ഇതിൽ 100 എണ്ണം ഈവ൪ഷം ആരംഭിക്കും. കെ.എസ്.എഫ്.ഇ 100 സ്വ൪ണപണയ വായ്പാ ശാഖയും തുറക്കും.
തൃശൂരിലെ എക്സൈസ് അക്കാദമി ആധുനികവത്കരിക്കാൻ 80 ലക്ഷം രൂപ വകയിരുത്തി. സാഹിത്യ അക്കാദമി മലയാള മഹോത്സവം നടത്തുമെന്നും ഭാരതപ്പുഴയിൽ ബലത൪പ്പണത്തിന് മണ്ഡപം സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
