സിനിമ മിഥ്യയെന്നറിയണം; ജീവിതമാണ് സത്യമെന്നും
text_fields‘സിനിമ മിഥ്യയാണെന്നും ജീവിതമാണ് സത്യമെന്നും മറക്കരുത്. സിനിമയിലെ മദ്യപാനവും സിഗരറ്റുവലിയും അനുകരിക്കാൻ ശ്രമിക്കരുത്. മദ്യമെന്ന്പറഞ്ഞ് കുടിക്കുന്നത് കട്ടൻകാപ്പിയാണെന്ന് തിരിച്ചറിയണം’ -നടൻ മോഹൻലാലിൻേറതാണ് ഉപദേശം. സ്വന്തം ജോലി ആസ്വദിച്ചു ചെയ്താൽ ഒരു ജീവിതം മതിയാകില്ലെന്നും ചുരുങ്ങിയത് 200 കൊല്ലമെങ്കിലും ജീവിക്കണമെന്നാണ് ആഗ്രഹമെന്നും മോഹൻലാൽ കൂട്ടിച്ചേ൪ത്തു. രാമവ൪മപുരം പൊലീസ് അക്കാദമിയിൽ നടക്കുന്ന സ്റ്റുഡൻറ് പൊലീസ് കേഡറ്റിൻെറ സംസ്ഥാന ക്യാമ്പിൽ അംഗങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം തൊഴിൽ ആസ്വദിച്ച്, പ്രതിബദ്ധതയോടെ ചെയ്യുന്ന സച്ചിൻ ടെൻഡുൽക്കറെ മാതൃകയാക്കണം. സച്ചിൻെറ നൂറാം സെഞ്ച്വറി കഠിനാധ്വാനത്തിൻെറ ഫലമാണ്. തൻെറ കുട്ടിക്കാലത്ത് കിട്ടിയതിനേക്കാൾ നല്ല അവസരങ്ങൾ ഇന്നത്തെ കുട്ടികൾക്ക് കിട്ടുന്നുണ്ട്. അത് മുതലെടുക്കാൻ ബുദ്ധിമുട്ടുകളുമുണ്ട്. മുതി൪ന്നവരുടെ സ്നേഹം പങ്കുവെക്കാൻ ഇപ്പോഴത്തെ കുട്ടികൾക്ക് പണ്ടുള്ളവരെപ്പോലെ അവസരമില്ല. നിങ്ങളെ രൂപപ്പെടുത്തേണ്ടത് നിങ്ങൾ തന്നെയാണ്. കള്ളനും പൊലീസും കളിക്കുമ്പോൾ അതിലെ പൊലീസാവണം. കൂടെയുള്ളവരുടെ തെറ്റു തിരുത്തിക്കണം. തന്നെപ്പോലെ ജീവിതത്തെ മനോഹരമായി ആസ്വദിക്കണം. മനുഷ്യരായി പിറന്നത് മഹാഭാഗ്യമായി കാണണം.
‘ലാലേട്ടൻെറയും മമ്മുക്കയുടെയും ഫാൻസുകാ൪ ഏറ്റുമുട്ടുന്നത് മോശമല്ലേ’ എന്ന ചോദ്യം അദ്ദേഹം ചിരിയോടെയാണ് നേരിട്ടത്. അത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഫാൻസ് അസോസിയേഷനുകൾ ചെയ്യുന്ന ജീവകാരുണ്യ പ്രവ൪ത്തനങ്ങൾ കാണാതിരിക്കരുത്. കീ൪ത്തിചക്രയിലും കുരുക്ഷേത്രയിലും ഖാണ്ഡഹാറിലും സൈനികൻെറ വേഷത്തിൽ അഭിനയിച്ചത്കൊണ്ട് മാത്രമല്ല, തൻെറ അപേക്ഷകൂടി പരിഗണിച്ചാണ് കേണൽ പദവി ലഭിച്ചത്. ആ ബഹുമതി പത്മശ്രീയും ദേശീയ സിനിമാ പുരസ്കാരവും ലഭിച്ചപ്പോൾ ഉണ്ടായതിനേക്കാൾ വലിയ സന്തോഷമാണ് നൽകിയത്. എവറസ്റ്റ് കയറിയപോലെയാണ് അനുഭവപ്പെട്ടത്.
സിനിമയിൽ പൊലീസ് ഉദ്യോഗസ്ഥരെ തല്ലുന്ന രംഗങ്ങളിൽ അഭിനയിക്കുന്നത് ശരിയാണോ എന്ന ചോദ്യം പരിപാടിയിൽ പങ്കെടുത്ത മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥരെയും ചിരിപ്പിച്ചു. ‘നീതി നടത്തേണ്ടവ൪ നടത്താതിരിക്കുമ്പോഴാണ് അടിക്കുന്നത്. അത് നിങ്ങളും ചെയ്യണം. സിനിമയിൽ കാണുന്നപോലെ പത്ത്പതിനഞ്ചുപേരെ തല്ലാൻപോയാൽ അടികിട്ടും’ -ലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
