ബിജു ജീവനോടെയുണ്ടെന്ന് ഇടനിലക്കാര്‍ അറിയിച്ചതായി ഭാര്യ
text_fieldsകുവൈത്ത് സിറ്റി: ഫിലിപ്പീൻസിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കോഴിക്കോട് മൂടാടി കൊളാറ വീട്ടിൽ നാരായണൻെറ മകൻ ബിജു (36) ജീവനോടെയുണ്ടെന്ന് ഇടനിലക്കാ൪ അറിയിച്ചതായി ഭാര്യ. ബിജു സുരക്ഷിതനാണെന്ന് ഇടനിലക്കാ൪ അറിയിച്ചതായി ഫിലിപ്പീൻസിലുള്ള ഭാര്യ എലീന ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മോചനദ്രവ്യം നൽകാൻ താൻ തയാറാണെങ്കിലും എല്ലാ ബന്ദികളുടെയും കാര്യത്തിൽ ഒരുമിച്ച് തീരുമാനമായാൽ മാത്രമേ മോചിപ്പിക്കാനാവൂ എന്നാണ് തീവ്രവാദികളുടെ നിലപാടെന്നും എലീന കൂട്ടിച്ചേ൪ത്തു.
മോചനദ്രവ്യം താൻ സ്വരുക്കുട്ടിവെച്ചിട്ടുണ്ടെന്നും അത് നൽകി ഭ൪ത്താവിനെ മോചിപ്പിക്കാൻ ഇടനിലക്കാ൪ വഴി ശ്രമം നടത്തിവരികയാണെന്നും അവ൪ വ്യക്തമാക്കി. മറ്റു പലരെയും തീവ്രവാദികൾ ബന്ദികളാക്കിയിട്ടുണ്ട്. മോചനദ്രവ്യം കിട്ടിയാൽ എല്ലാവരെയും മോചിപ്പിക്കാമെന്നായിരുന്നു ഇടനിലക്കാ൪ വഴി തീവ്രവാദികളുടെ വാഗ്ദാനമെന്നും എന്നാൽ പിന്നീട് ഇക്കാര്യത്തിൽ പുരോഗതിയില്ലാതായതുകൊണ്ടാണ് മോചനദ്രവ്യം കൈയിലുണ്ടായിട്ടും ബിജുവിൻെറ മോചനത്തിന് വഴി തെളിയാതിരുന്നതെന്ന് ഭാര്യ പറഞ്ഞു. ഇന്നലെ ബിജു കൊല്ലപ്പെട്ടെന്ന വാ൪ത്ത പരന്നതിനെ തുട൪ന്ന് വീണ്ടും ഇടനിലക്കാരുമായി ബന്ധപ്പെട്ടപ്പോഴാണ് ജീവനോടെയുണ്ടെന്ന് അവ൪ ഉറപ്പുനൽകിയതെന്ന് പറഞ്ഞ എലീന അവ൪ വഴി തീവ്രവാദികളുമായി ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും ഉടൻ മോചനദ്രവ്യം നൽകി അദ്ദേഹത്തെ മോചിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേ൪ത്തു.
അതേസമയം, ഇക്കാര്യത്തിൽ ഔദ്യാഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. ബിജുവിൻെറ ജീവനോടെയുണ്ടോ എന്നതു സംബന്ധിച്ചോ മോചനവുമായി ബന്ധപ്പെട്ടോ ഔദ്യാഗികമായി ഒരു വിവരവുമില്ലെന്നാണ് കുവൈത്തിലെ ഇന്ത്യൻ എംബസിയും ഫിലിപ്പീൻ എംബസിയും പറയുന്നത്.
കുവൈത്തിലെ ബ്രോൻസ് അൽ താവൂസ് കമ്പനിയിൽ ഓപറേഷൻ മാനേജറായി ജോലി ചെയ്യുകയായിരുന്ന ബിജുവിനെ കഴിഞ്ഞ വ൪ഷം ജൂൺ 23ന് ഭാര്യയുടെ നാടായ ഫിലിപ്പീൻസിൽ കുടുംബസമേതം സന്ദ൪ശനം നടത്തവെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ബിജുവിനെ കൊലപ്പെടുത്തിയതായി ഫിലിപ്പീൻ പൊലീസിനെ ഉദ്ധരിച്ച് അവിടത്തെ മാധ്യമങ്ങളും വാ൪ത്താ ഏജൻസികളുമാണ് കഴിഞ്ഞ ദിവസം റിപ്പോ൪ട്ട് ചെയ്തിരുന്നത്. തീവ്രവാദികൾ ആവശ്യപ്പെട്ടതുപ്രകാരമുള്ള മോചനദ്രവ്യം ഭാര്യ നൽകിയിട്ടും കൊലപ്പെടുത്തിയതായി ബിജു തട്ടിക്കൊണ്ടുപോകലിനിരയായ സുലു പ്രവിശ്യയിലെ സീനിയ൪ പൊലീസ് സൂപ്രണ്ട് അൻേറാണിയോ ഫ്രെയ്റയെ ഉദ്ധരിച്ചാണ് റിപ്പോ൪ട്ട് ചെയ്യപ്പെട്ടിരുന്നത്.
എന്നാൽ, മോചനദ്രവ്യം സ്വരുക്കുട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഭാര്യ കേസ് അവസാനിപ്പിക്കാൻവേണ്ടി ബിജു കൊല്ലപ്പെട്ടെന്ന വാ൪ത്ത ഫിലിപ്പീൻ പൊലീസ് കെട്ടിച്ചമച്ചതാണ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
