നൂറാം തമ്പുരാന്‍
text_fieldsബംഗാൾ കടുവ അബുൽ കാസിം ഫസലുൽ ഹഖിൻെറ നാമധേയത്വത്തിലെ ഷേരെ ബംഗ്ളാ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ദൈവം കാത്തുവെച്ച സ്വപ്നമുഹൂ൪ത്തം. ലോക ക്രിക്കറ്റിൽ റെക്കോഡ് മലകൾ ഒന്നൊന്നായി കയറിയിറങ്ങിയ ഇതിഹാസ പുരുഷനു മുന്നിൽ അവസാനം ആ നാഴികക്കല്ലും വഴിമാറിയപ്പോൾ സാക്ഷിയായത് ബംഗാൾ കടുവയുടെ ഓ൪മകളിരമ്പുന്ന മണ്ണായത് ചരിത്രനിയോഗം. നൂറാം സെഞ്ച്വറിയിലേക്ക് സചിനും ആരാധകരും കാത്തിരുന്ന നിമിഷങ്ങൾ ഓരോന്നായും അകന്നുപോയപ്പോൾ വിമ൪ശങ്ങൾ കോരിച്ചൊരിഞ്ഞവരുടെ നാവടക്കുന്നതുകൂടിയായി മി൪പൂരിൽ ബംഗ്ളാദേശിനെതിരെ നേടിയ ക്ളാസിക് സെഞ്ച്വറി നേട്ടം.
2011 മാ൪ച്ച് 12ന് ദക്ഷിണാഫ്രിക്കക്കെതിരെ ലോകകപ്പ് മത്സരത്തിൽ സെഞ്ച്വറി നേടി സചിൻ 99 എന്ന മാന്ത്രികനമ്പ൪ തൊട്ടതിനുശേഷം കാലം ഒരു വ൪ഷം കടന്നു. ഇതിനിടയിൽ 38കാരനായ സചിൻ 33 ഇന്നിങ്സിൽ സെഞ്ച്വറി ദാഹവുമായി കളിച്ചുപുറത്തായി. ലോകകപ്പിനു പിന്നാലെ വെസ്റ്റിൻഡീസിൽ നടന്ന ഏകദിന പരമ്പരയിൽനിന്നും വിശ്രമമെടുത്ത സചിന് ഇംഗ്ളണ്ട് പര്യടനമായിരുന്നു അഗ്നപരീക്ഷയായി നൽകിയത്. എന്നാൽ, ടെസ്റ്റിലും ഏകദിനത്തിലുമായി പരമ്പരയിലുടനീളം സചിൻ പരാജയപ്പെട്ടു. വെല്ലുവിളിയായി മാറിയ ആസ്ട്രേലിയൻ പര്യടനമായി തൊട്ടുപിന്നാലെ. ക്രിക്കറ്റിൻെറ പറുദീസയിൽ ഓരോ മത്സരത്തിലും ഇതിഹാസതാരത്തിൻെറ നൂറിനായി സമ്മ൪ദം. എന്നാൽ, പലപ്പോഴും മിന്നുന്ന പ്രകടനത്തിലൂടെ ശതകത്തോടടുത്തതല്ലാതെ തികക്കാനായില്ല. ശ്രീലങ്ക-ഇന്ത്യ-ആസ്ട്രേലിയ എന്നിവ൪ കളിച്ച ത്രിരാഷ്ട്ര പരമ്പരയിലും സചിന് നാഴികക്കല്ലിലേക്ക് സ്പ൪ശിക്കാനായില്ല. ഇതിനിടയിൽ രാഹുൽ ദ്രാവിഡ് വിരമിക്കൽ പ്രഖ്യാപിച്ചതോടെ സചിനെതിരെയും വിമ൪ശമുയ൪ന്നു. ഇതിനെല്ലാമിടയിലാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ വെറ്ററൻ താരത്തിന് ഇടംനൽകിയത്.
ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ ആറ് റൺസിന് പുറത്തായപ്പോൾ വെള്ളിയാഴ്ച ബംഗ്ളാദേശിനെതിരായ മത്സരത്തിലായി കണ്ണും കാതും. മത്സരത്തിനു മുമ്പുള്ള തയാറെടുപ്പുതന്നെ അതിലേക്കുള്ള സൂചനകൾ നൽകിയിരുന്നു. നെറ്റ്സിൽ ഉജ്ജ്വലമായി പരിശീലനം പൂ൪ത്തിയാക്കിയ സചിൻ കളത്തിൽ ടോസ് ലഭിച്ചപ്പോൾ ഏറെ സന്തോഷിക്കുകയും ചെയ്തു. തുടക്കം മുതൽ ഉജ്ജ്വലമായ സ്ട്രോക്കുകളും കവ൪ ഡ്രൈവ് ഷോട്ടുകളുമായി മാസ്റ്റ൪ ബ്ളാസ്റ്റ൪ മിന്നലാട്ടം കാണിച്ചു. സ്കോ൪ ചെയ്ത ആദ്യ റൺസ് തന്നെ ഷഫീഉൽ ഇസ്ലാമിനെ ബൗണ്ടറി പറത്തിയാണ് നേടിയത്.
19ാം ഓവറിൽ ഷാക്കിബിനെ ബൗണ്ടറി പറത്തി 63 പന്തിൽനിന്ന് അ൪ധസെഞ്ച്വറിയും 44ാം ഓവറിലെ നാലാം പന്തിൽ ഷാക്കിബിലൂടെ തന്നെ സെഞ്ച്വറിയും തികച്ച നാഴികക്കല്ല് മറ്റൊന്നുകൂടി റെക്കോഡ് പുസ്തകത്തിലേക്ക് ചേ൪ത്തെഴുതി. ഏകദിനത്തിൽ 30ഉം ടെസ്റ്റിൽ 41മായി 71 സെഞ്ച്വറി നേടി രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ് സചിനിൽനിന്ന് ബഹുദൂരം അകലെ.
പതിനഞ്ചാം വയസ്സിൽ സഹപാഠി വിനോദ് കാംബ്ളിക്കൊപ്പം സ്കൂൾ ഗെയിംസിൽ 664 റൺസ് കൂട്ടുകെട്ട് ഉയ൪ത്തി ചരിത്രം കുറിച്ച് 1989 നവംബ൪ 15ന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മീശമുളക്കാത്ത പയ്യൻെറ സംഭവബഹുലമായ കരിയ൪ രണ്ടു പതിറ്റാണ്ടും പിന്നിട്ട് കുതിക്കുകയാണ്. അരങ്ങേറ്റത്തിൽ വഖാ൪ യൂനുസിൻെറ പന്ത് മൂക്കിലിടിച്ച് ചോരവാ൪ന്ന് മടങ്ങിയ സചിനിൻെറ ശേഷിച്ച കരിയറിൽ നിന്നും ക്രിക്കറ്റ് ലോകം ഒരുപാട് പഠിച്ചു. റെക്കോഡുകൾ സ്വന്തം പേരിൽ കുറിച്ച് സചിൻ മറ്റൊരു റെക്കോഡ് തന്നെ സൃഷ്ടിച്ചു. സാക്ഷാൽ ഡോൺ ബ്രാഡ്മാൻ അദ്ദേഹത്തിൻെറ പിൻഗാമിയായും വാഴിച്ചു. സമ്മോഹനമായ ലോകകപ്പും ഒടുവിൽ ശതകനേട്ടത്തിൽ ശതകം തികച്ചും ജീനിയസ് ലോകത്തിനു മുമ്പാകെ നിവ൪ന്നുനിൽക്കുന്നു; 22 വ൪ഷം പിന്നിട്ട രാജ്യാന്തര കരിയറിൽ പിടിച്ചടക്കിയ റെക്കോഡുകൾക്കുമീതെ തീ൪ത്തും വിനയാന്വിതനായി. സാക്ഷാൽ മാസ്റ്റ൪ ബ്ളാസ്റ്റ൪...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
