സിറിയയില്‍ പാശ്ചാത്യ സേന ഇടപെടണമെന്ന്
text_fieldsഡമസ്കസ്: അടിച്ചമ൪ത്തൽ രൂക്ഷമായി തുടരുന്ന സിറിയയിൽ പാശ്ചാത്യ സൈനിക ഇടപെടൽ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്താൻ സിറിയൻ ദേശീയ സമിതി(എസ്.എൻ.സി) ആഹ്വാനം ചെയ്തു. വിമതരെയും ഭരണകൂടത്തെയും ഒരു കുടക്കീഴിൽ സംഭാഷണത്തിന് ക്ഷണിക്കാനുള്ള യു.എൻ പ്രത്യേക പ്രതിനിധി കോഫി അന്നൻെറ ശ്രമങ്ങൾക്കിടെയാണ് വിമതരുടെ പുതിയ നീക്കം. വടക്ക്-കിഴക്കൻ നഗരമായ ഖാമിഷിലിയിൽ വെള്ളിയാഴ്ച വൈകീട്ട് പ്രകടനങ്ങൾ ആരംഭിച്ചു. പാശ്ചാത്യ സൈനിക ഇടപെടലിനുള്ള വെള്ളിയാഴ്ച എന്നാണ് വിമത൪ ഈ ദിവസത്തെ വിശേഷിപ്പിച്ചത്.
സിവിലിയൻമാ൪ക്ക് നേരേ കടുത്ത ആക്രമണം തുടരുന്നതിനാൽ വിമത൪ക്ക് ആയുധം കൈമാറാനോ നേരിട്ടുള്ള സൈനിക നീക്കങ്ങൾ നടത്താനോ പാശ്ചാത്യ ലോകം തയ്യാറാകണമെന്നാണ് വിമതരുടെ ആവശ്യം. സിറിയയിലെ തു൪കി അംബാസിഡറെ തിരിച്ചു വിളിക്കുമെന്ന് പ്രധാനമന്ത്രി രജബ് തൊയ്യിബ് ഉ൪ദുഖാൻ അറിയിച്ചു. സിറിയയിലെ മുഴുവൻ തു൪കി വംശജരെയും അദ്ദേഹം തിരിച്ചു വിളിച്ചിട്ടുണ്ട്. സിറിയൻ അതി൪ത്തി പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനും അതു വഴി കൂടുതൽ സിറിയക്കാ൪ക്ക് അഭയമേകാനും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
കനത്ത ഷെല്ലാക്രമണം തുടരുന്ന ദേരയിൽ യന്ത്രത്തോക്കുകളുടെ പ്രയോഗവും വീടുവീടാന്തരമുള്ള തെരച്ചിലും രൂക്ഷമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
