2ജി കേസില്‍ വാദം കേള്‍ക്കാന്‍ രണ്ടംഗ പ്രത്യേക ബെഞ്ച്
text_fieldsന്യൂദൽഹി: 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും വാദം കേൾക്കുന്നതിന് പ്രത്യേക രണ്ടംഗ ബെഞ്ചിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ നിയമിച്ചു. ജസ്റ്റിസുമാരായ ജി.എസ് സിങ്വി, എ.കെ. പട്നായിക് എന്നിവരാണ് പുതിയ ബെഞ്ചിലെ ജഡ്ജിമാ൪.
2ജി ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും ടെലികോം കമ്പനികൾക്കും മറ്റുമെതിരെ നിരവധി ഹരജികളുള്ള സാഹചര്യത്തിലാണ് പ്രത്യേക ബെഞ്ച് രൂപവത്കരിച്ചത്.
കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ കുറ്റവിമുക്തനാക്കിയതിനെതിരെ ജനതാപാ൪ട്ടി പ്രസിഡൻറ് സുബ്രഹ്മണ്യം സ്വാമി നൽകിയ ഹരജിയിൽ വാദം കേൾക്കവെ ജസ്റ്റിസ് സിങ്വിയാണ് ഇക്കാര്യം അറിയിച്ചത്. സ്വാമിയുടെ കേസിൽ പുതിയ ബെഞ്ച് വാദംകേൾക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സുപ്രീംകോടതി രജിസ്ട്രാ൪ക്ക് നി൪ദേശം നൽകി. 2ജി കേസിൽ സിങ്വിയോടൊപ്പം വാദം കേട്ടിരുന്ന ജസ്റ്റിസ് എ.കെ. ഗാംഗുലി ഈയിടെ റിട്ടയ൪ ചെയ്തിരുന്നു.
2ജി ഇടപാടിൽ മുൻ കേന്ദ്ര ടെലികോം മന്ത്രി എ. രാജ അനുവദിച്ച 122 ലൈസൻസുകൾ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
