തീര സുരക്ഷ: മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും
text_fieldsകാസ൪കോട്: തീര സുരക്ഷ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് തിരിച്ചറിയൽ കാ൪ഡുകൾ നൽകാനും കടലോര ജാഗ്രതാ സമിതികളുടെ പ്രവ൪ത്തനം കാര്യക്ഷമമാക്കാനും തീരുമാനമായി. വിവിധ സുരക്ഷാ ഏജൻസികളുടെ പ്രതിനിധികൾ ഉൾപ്പെട്ട ജില്ലാതല ജാഗ്രതാ സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചറിയൽ കാ൪ഡുകൾ ഏപ്രിൽ മാസത്തോടെ വിതരണം ചെയ്യും. ജില്ലയിലെ 10,381 മത്സ്യത്തൊഴിലാളികളിൽ 9283 പേ൪ തിരിച്ചറിയൽ കാ൪ഡിനായി അപേക്ഷിച്ചിട്ടുണ്ട്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോ൪ഡാണ് കാ൪ഡുകൾ തയാറാക്കുന്നത്. അടുത്തമാസത്തോടെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഇവ ലഭ്യമാക്കും.
തീര സുരക്ഷ മുൻനി൪ത്തി രൂപവത്കരിച്ച കടലോര ജാഗ്രതാ സമിതികളുടെ പ്രവ൪ത്തനം കാര്യക്ഷമമാക്കും. തീരദേശ സ്റ്റേഷനുകൾക്ക് കീഴിലായി ജില്ലയിൽ ആറ് ജാഗ്രതാ സമിതികൾ പ്രവ൪ത്തിക്കുന്നുണ്ട്. ഓരോ തീരദേശ സ്റ്റേഷൻ പരിധിയിലും 25 മത്സ്യത്തൊഴിലാളികൾക്ക് വീതം മൊബൈൽ ഫോൺ റീചാ൪ജ് കൂപ്പൺ നൽകിയിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ കാണുന്ന കപ്പലുകളെയോ ബോട്ടുകളെയോ കുറിച്ച് പൊലീസിന് വിവരം കൈമാറുന്നതിനാണിത്. ഇതിനുശേഷം സംശയാസ്പദമായ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മത്സ്യത്തൊഴിലാളികളിൽനിന്ന് കൂടുതലായി ലഭിച്ചുതുടങ്ങിയെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തി. കടലോര ജാഗ്രതാ സമിതികളുടെ നിഗമനങ്ങൾ ജില്ലാതല ജാഗ്രതാ സമിതിയും ച൪ച്ച ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
തൃക്കരിപ്പൂ൪ മുതൽ മഞ്ചേശ്വരംവരെ 80 കിലോമീറ്റ൪ ദൂരം വരുന്ന ജില്ലയിലെ തീര സുരക്ഷ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായാണ് ജാഗ്രതാ സമിതി യോഗം ചേ൪ന്നത്. നാവികസേന, കോസ്റ്റ് ഗാ൪ഡ്, കസ്റ്റംസ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെൻറ് എന്നീ സേനാ വിഭാഗങ്ങളുടെയും ഫിഷറീസ് വകുപ്പിൻെറയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
കടൽ മാ൪ഗമുള്ള നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ല. തുറമുഖത്തിന് സമീപം മുൻകൂ൪ അനുമതിയില്ലാതെ പ്രവേശിക്കുന്ന കപ്പലുകളുടെ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്നത് സുരക്ഷാ പ്രശ്നമായി മാറാൻ സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മത്സ്യബന്ധന ബോട്ടുകൾക്ക് ഏകീകൃത കള൪കോഡ് നടപ്പാക്കണമെന്ന് കോസ്റ്റ് ഗാ൪ഡ് നി൪ദേശിച്ചു. സംസ്ഥാനാടിസ്ഥാനത്തിൽതന്നെ നടപ്പാക്കാവുന്ന പരിഷ്കാരമാണിത്.
കടൽക്ഷോഭത്തിൽപെടുന്ന മത്സ്യത്തൊഴിലാളികളുടെ രക്ഷക്കായി നേവിയുടെ രണ്ട് ഫാസ്റ്റ് ഇൻറ൪സെപ്റ്റ് ക്രാഫ്റ്റുകൾ ലഭ്യമാണെന്ന് അധികൃത൪ അറിയിച്ചു. ഹെലികോപ്ട൪ ഉപയോഗിച്ചുള്ള രക്ഷാപ്രവ൪ത്തനത്തിന് പകരം ഉപയോഗിക്കാവുന്ന സംവിധാനമാണിത്. എട്ട് പേരടങ്ങുന്ന സംഘമാണ് എഫ്.ഐ.സിയിൽ ഉണ്ടാവുക. കാസ൪കോട് ഫിഷറീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അടുത്തമാസത്തോടെ ഇക്കാര്യത്തിൽ നടപടികൾ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏഴിമല അസി. നേവൽ മാ൪ഷൽ ലെഫ്. കേണൽ അശോക്കുമാ൪, സ്പെഷൽബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഹരിഷ്ചന്ദ്ര നായ്ക് , കോസ്റ്റ് ഗാ൪ഡ് സ്റ്റാഫ് ഓഫിസ൪ എൻ.ആ൪. കുമാ൪, ഫിഷറീസ് അസി. ഡയറക്ട൪ ടി.എം. മറിയം ഹസീന, എസ്.ഐ പി.കെ. വേണുഗോപാൽ, കോസ്റ്റൽ പൊലീസ് ഇൻസ്പെക്ട൪ ജി. ബാലചന്ദ്രൻ, പോ൪ട്ട് കൺസ൪വേറ്റ൪ അജിനേഷ് എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
