Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവായ്പ നല്‍കിയയാള്‍...

വായ്പ നല്‍കിയയാള്‍ കിടപ്പാടം ബാങ്കിന് പണയപ്പെടുത്തി; ജപ്തി ഭീഷണിയുടെ പൊരുളറിയാതെ പ്രവാസി വീട്ടമ്മ

text_fields
bookmark_border
വായ്പ നല്‍കിയയാള്‍ കിടപ്പാടം ബാങ്കിന് പണയപ്പെടുത്തി; ജപ്തി ഭീഷണിയുടെ പൊരുളറിയാതെ പ്രവാസി വീട്ടമ്മ
cancel

‘ദൈവം നൽകിയ ജീവനാണ്.. അതെടുക്കാനും അവന് മാത്രമാണ് അധികാരം.. എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്ന അവൻ നമ്മെ സഹായിക്കാതിരിക്കില്ല. അതുകൊണ്ട് കടുംകൈകളൊന്നും ചെയ്യാതെ ക്ഷമയോടെ കാത്തിരിക്കുക. നാം പറഞ്ഞ അവധിയെത്താൻ ഇനിയും സമയമുണ്ടല്ലോ. വീടും സ്ഥലവും കൈവിട്ടുപോകാതെ ഞാൻ നോക്കിക്കൊള്ളാം. നിങ്ങളെ പെരുവഴിയിൽ ഇറക്കിവിടാൻ പടച്ച തമ്പുരാൻ ആരെയും അനുവദിക്കില്ല’ -കടുത്ത പ്രതിസന്ധി ഘട്ടത്തിലും തന്നിൽ മാത്രം പ്രതീക്ഷയ൪പ്പിച്ച് കാത്തിരിക്കുന്ന വീട്ടുകാരോട് ഹസീന എന്നും പറയാറുള്ള ആശ്വാസ വാക്കുകളാണിത്. ഈ പ്രവാസ മണ്ണിലിരുന്ന് നാട്ടിലെ അഞ്ച് വയറുകൾ നിറക്കാൻ പോലും ഏറെ പ്രയാസപ്പെടുന്ന തനിക്ക് ഈ വാക്കുകൾക്കപ്പുറം, ഭീമമായ കടക്കെണിയിൽ നിന്ന് കുടുംബത്തെ രക്ഷിക്കാൻ വല്ലതും ചെയ്യാൻ കഴിയുമെന്ന് ഹസീന (ഒരു വനിതയെന്ന പരിഗണനയിൽ ഈ പേരിൽ മാത്രം അൽപം മാറ്റം വരുത്തിയിട്ടുണ്ട്) പ്രതീക്ഷിച്ചിട്ടല്ല. എങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ ഈ വിഷമസന്ധിയിൽ താനും മനഃസാന്നിധ്യം കൈവിട്ട് സംസാരിക്കുന്നത് അപകടം ചെയ്യുമെന്ന് അവ൪ തിരിച്ചറിയുന്നു. അതിനാലാണ് 1,200 ദി൪ഹം ശമ്പളത്തിൽ ദുബൈയിലെ കറാമയിൽ വീട്ടുവേലക്കാരിയായി ജോലി ചെയ്യുന്ന ഈ കോഴിക്കോട്ടുകാരി നിരന്തരം വീട്ടിലേക്ക് വിളിച്ച് സമാശ്വാസത്തിൻെറ വാക്കുകൾ പറയുന്നത്. ഇങ്ങിനെയൊക്കെ പറയുമ്പോഴും അവരുടെ മനസിൽ ആധിയാണ്. വട്ടിപലിശക്കാരനോട് താൻ പറഞ്ഞ മൂന്ന് മാസത്തെ അവധി കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇനി എങ്ങിനെയാണ് ലക്ഷങ്ങൾ കണ്ടെത്തി വാക്കുപാലിക്കുകയെന്ന് ഇവ൪ക്ക് അറിയില്ല.
നാട്ടിലെ കൊള്ളപ്പലിശക്കാരൻെറ കൈകളിൽ വീടും പുരയിടവും അകപ്പെട്ട് കുടിയിറക്കൽ ഭീഷണിയിലായ ദുരിത പൂ൪ണമായ ജീവിതത്തിൻെറ കഥയാണ് ഹസീനക്ക് പങ്കുവെക്കാനുള്ളത്.
പ്രായം 29. എട്ടും പത്തും വയസ്സായ രണ്ട് മക്കൾ. ചെറുപ്രായത്തിൽ തന്നെ, ദാരിദ്ര്യം കാരണം തന്നെ കൈവിട്ടുപോയി വേറെ വിവാഹം കഴിച്ച ഭ൪ത്താവ്. ജീവിതത്തിൻെറ വസന്തം പിന്നിടും മുമ്പ് വൈധവ്യത്തിൻെറ കയ്പുനീ൪ അനുഭവിക്കേണ്ടി വന്നതിന് പിന്നാലെ തന്നിൽ മാത്രം പ്രതീക്ഷയ൪പ്പിച്ച് മാംഗല്യം സ്വപ്നം കണ്ടുറങ്ങുന്ന രണ്ട് സഹോദരിമാ൪. ഇരുപത്തിയഞ്ചും പത്തൊൻപതും വയസ്സായവ൪. ജീവിത സായന്തനത്തിലും വീട്ടിലെ അടുപ്പിൽ നിന്ന് പുകയുയരാൻ ആരാൻെറ അടുക്കളയിൽ പണി തേടി പോകുന്ന വൃദ്ധ മാതാവ്. ഇവരുടെയെല്ലാം പ്രതീക്ഷകളുടെ ഭാരം ഈ യുവതിയുടെ ചുമലിലാണ്. അതിനിടയിലാണ് ഒരു ദിവസം നാട്ടിൽ നിന്ന് ഞെട്ടിക്കുന്ന ആ വിവരവുമായി ഉമ്മയുടെ ഫോൺ ഹസീനക്ക് ലഭിക്കുന്നത്.
‘ഇന്നലെ ബാങ്കുകാ൪ വീട്ടിൽ വന്നിരുന്നു. നമ്മുടെ വീടും പറമ്പും പണയം വെച്ച് അയാൾ (നേരത്തെ പണം നൽകി സഹായിച്ച പലിശയിടപാടുകാരൻ) അഞ്ച് ലക്ഷം ലോൺ എടുത്തിരിക്കുന്നു. ഇതു വരെ ഒന്നും തിരിച്ചടച്ചിട്ടില്ലത്രെ. പണം മുഴുവൻ ഉടൻ കൊടുത്തു തീ൪ത്തില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നാണ് അവ൪ അറിയിച്ചിരിക്കുന്നത്’ - ഉമ്മ വിറയാ൪ന്ന ശബ്ദത്തിൽ പറഞ്ഞുനി൪ത്തി.
നാട്ടിലേക്ക് വിളിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് തങ്ങൾ വ൪ഷങ്ങൾക്ക് മുമ്പ് രണ്ടര ലക്ഷം രൂപ വായ്പ വാങ്ങിയാൾ വീടും പറമ്പും പണയപ്പെടുത്തി ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തതായി മനസ്സിലായത്. അന്ന് പണം നൽകുമ്പോൾ വീട് ഇയാളുടെ പേരിലേക്ക് മാറ്റിനൽകിയിരുന്നു. പണം നൽകുമ്പോൾ തിരിച്ച് രജിസ്റ്റ൪ ചെയ്ത് നൽകുമെന്നായിരുന്നു ധാരണ. എന്നാൽ ഇയാളുടെ രണ്ട് പെൺമക്കളുടെ വിവാഹാവശ്യത്തിന് പണം കണ്ടെത്താൻ വീടും പറമ്പും പണയപ്പെടുത്തി ബാങ്ക് വായ്പയെടുക്കുകയായിരുന്നു. ഇയാൾ ഒന്നും തിരിച്ചടക്കാതിരുന്നതോടെയാണ് ബാങ്കുകാ൪ ഹസീനയുടെ വീട്ടിലെത്തിയത്. അവ൪ പല തവണ വന്നു. മുതി൪ന്ന പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ ഇടക്കിടെ ഇക്കാര്യം പറഞ്ഞ് വരാൻ പാടില്ലെന്നും പണം ഉടൻ നൽകാൻ ഏ൪പ്പാടാക്കാമെന്നും പറഞ്ഞാണ് ഹസീനയുടെ ഉമ്മ അവരെ തിരിച്ചയച്ചത്. പണം നൽകിയയാളെ വിളിച്ചപ്പോൾ ബാങ്കിൽ എട്ട് ലക്ഷത്തിലേറെ നൽകാനുണ്ടെന്നും അതിൽ പകുതി നൽകിയാൽ വീട് നിങ്ങളുടെ പേരിലേക്ക് മാറ്റി നൽകാമെന്നും ബാക്കി തുകക്ക് കരാറെഴുതി നൽകണമെന്നുമാണ് പറയുന്നത്. തൻെറ പഴയ വീട് ചോ൪ന്നൊലിക്കാൻ തുടങ്ങിയതോടെയാണ് വട്ടിപലിശക്കാരനിൽ നിന്ന് പണം കടം വാങ്ങി അതൊന്ന് നന്നാക്കിയെടുത്തത്. ഈടായി വീടും പുരയിടവും അയാളുടെ പേരിലേക്ക് മാറ്റിനൽകിയിരുന്നു. വ൪ഷങ്ങൾക്ക് മുമ്പ് ഈ ഇടപാടുകൾ നടക്കുമ്പോൾ തനിക്ക് ഇക്കാര്യങ്ങളിൽ വലിയ അറിവില്ലായിരുന്നുവെന്ന് ഹസീന പറയുന്നു. ബാങ്കുകാരുടെ ജപ്തി ഭീഷണിയിൽ നിന്ന് എങ്ങിനെ കുടുംബത്തെ രക്ഷപ്പെടുത്താമെന്ന ചിന്തയിലാണ് ഇവരിപ്പോൾ.
1200 ദി൪ഹം മാത്രമാണ് ശമ്പളം. ഇതിൽ 500 വീട്ടുവാടകയായി നൽകണം. അത്യാവശ്യ ചെലവുകൾ കഴിച്ച് ബാക്കിയുള്ളത് പതിവായി വീട്ടിൽ അയച്ചുനൽകും. ഒരു മാസം തൻെറ പണമെത്തിയില്ലെങ്കിൽ വീട്ടിൽ പട്ടിണിയാവും. ഈയവസ്ഥയിൽ തനിക്ക് അവിചാരിതമായി വന്നുപെട്ട ഈ ജപ്തി ഭീഷണിയിൽ നിന്ന് കരകയറാൻ പരസഹായമല്ലാതെ മറ്റ് മാ൪ഗമില്ലെന്ന് ഇവ൪ പറയുന്നു. വ൪ഷങ്ങളായി തുടരുന്ന പ്രവാസ ജീവിതത്തിനിടെ ഒരു പവൻ സ്വ൪ണ മാലയും ചെറിയ വളയുമാണ് ആകെയുള്ള സമ്പാദ്യം. ഇവയെല്ലാം വിൽക്കാം. ശേഷം വീട്ടിൽ പട്ടിണിയാകുമെങ്കിലും, സ്പോൺസറിൽ നിന്ന് ശമ്പളം മുൻകൂ൪ ലഭിക്കുമെങ്കിൽ അതിനും ശ്രമം നടത്താം. ഇങ്ങിനെയെല്ലൊമുള്ള കണക്കൂകൂട്ടലിലാണ് ഹസീനയിപ്പോൾ. പക്ഷേ, ഇതുകൊണ്ടൊന്നും എവിടെയുമെത്തില്ലല്ലോ ? എന്നാലും ഏറെ പ്രതീക്ഷയോടെ പ്രവാസി മനസ്സുകളുടെ കാരുണ്യം തേടുകയാണീ യുവതി. താൻ ഏറെ പാപമായി കാണുന്ന ആത്മഹത്യകൾ ഒന്നിനും പരിഹാരമല്ലെന്ന ഉറച്ച വിശ്വാസത്തോടെ.
തൻെറ താൽപര്യങ്ങളെല്ലാം ബലികൊടുത്തും കുടുംബത്തെ സംരക്ഷിക്കാൻ ഹസീന ഒരുക്കമാണ്. അതുകൊണ്ടാണ് ഈ മരുഭൂമിയിലെത്തി നാല് വ൪ഷം പൂ൪ത്തിയായിട്ടും നാട്ടിൽ പോകാൻ കഴിയാത്തതിലുള്ള വേദനകൾ അവ൪ മനസ്സിലൊതുക്കുന്നത്. ‘രക്ഷിക്കണേ.. സ൪’ എന്ന് പറഞ്ഞ് കരയുമ്പോഴും അവരിലെവിടെയോ പ്രതീക്ഷയുടെ കിരണങ്ങൾ ബാക്കിനിൽക്കുകയാണ്. നാല് വ൪ഷം മുമ്പ് വിമാന ചിറകിലേറി പ്രതീക്ഷകളുടെ മണൽപരപ്പിലിറങ്ങുമ്പോൾ അവരുടെ ഇളയകുട്ടിക്ക് നാല് വയസ്സ് തികഞ്ഞിട്ടില്ല. ഇന്ന് എട്ട് വയസ്സ് കഴിഞ്ഞ അവനെ പിന്നീട് കൺനിറയെ കാണാൻ കഴിയാതിരുന്നതിലുള്ള വേദനകളാവാം ഹസീനയുടെ ഫോണിലെ ഡയല൪ ടോണായി മുഴങ്ങുന്നത്: ‘‘കര കാണാ കടലിന്നക്കരെ എനിക്കുണ്ടൊരു പൊൻ മുത്ത്...’’



Show Full Article
TAGS:
Next Story