ഫെബ്രുവരി ആദ്യം താമസ സ്ഥലത്ത് തൂങ്ങിമരിച്ച തിരുവനന്തപുരം സ്വദേശി മണിക്കുട്ടൻെറ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലായിരുന്നു റാസൽഖൈമയിലെ സാമൂഹിക പ്രവ൪ത്തകനായ പ്രസാദ്. മണിക്കുട്ടൻെറ ബന്ധുവും സ്പോൺസറുമായിരുന്ന സുശീലൻെറ സ്ഥാപനത്തിലിരുന്ന് ഇതിനുള്ള നടപടിക്രമങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ സുശീലൻെറ ഫോൺ ശബ്ദിച്ചു. അൽപ നേരത്തെ സംസാരത്തിന് ശേഷം സുശീലൻ ആശങ്കയോടെ പ്രസാദിനോട് പറഞ്ഞു: ‘ആകെ പ്രശ്നമായല്ലോ. മൃതദേഹം നാട്ടിലയക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഫോൺ വന്നിരിക്കുന്നത്. വിളിച്ചയാൾക്ക് മണിക്കുട്ടൻ ഏറെ പണം നൽകാനുണ്ട¥്രത. ഇത് കൊടുക്കാതെ മൃതദേഹം നാട്ടിലയക്കാൻ അനുവദിക്കില്ലെന്ന് അയാൾ കട്ടായം പറയുന്നു’.
പ്രസാദിന് കാര്യം പിടികിട്ടി. സുശീലനിൽ നിന്ന് നമ്പ൪ വാങ്ങി തിരിച്ചുവിളിച്ചു. മറുതലക്കൽ മലയാളി ശബ്ദം. മണിക്കുട്ടൻ തൻെറ ചിട്ടിയിൽ ചേ൪ന്നിരുന്നു. 50,000 ദി൪ഹത്തിൻെറ ചിട്ടി വിളിച്ച വകയിൽ അയാൾ 36,000 ദി൪ഹം തരാനുണ്ട്. അത് കിട്ടാതെ മൃതദേഹം കൊണ്ടുപോകാൻ കഴിയില്ല- വിളിച്ചയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീ൪ത്തു. ‘കുഴപ്പമില്ല. മണിക്കുട്ടൻ മരിച്ചല്ലോ ? ഇനി ആരാണ് പണം തരേണ്ടത് ?- പ്രസാദ് ചോദിച്ചു. മണിക്കുട്ടൻെറ സ്പോൺസറും ബന്ധുവുമായ സുശീലനാണ് പണം നൽകേണ്ടതെന്നായിരുന്നു വിളിച്ചയാളുടെ മറുപടി. താങ്കൾ മണിക്കുട്ടനെ ചിട്ടിയിൽ ചേ൪ക്കുമ്പോഴോ പിന്നീട് പണം നൽകുമ്പോഴോ സുശീലനോട് ചോദിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ വിളിച്ചയാൾക്ക് മൗനം. താങ്കൾ ഏത് വിസയിലാണ് യു.എ.ഇയിൽ തൊഴിലെടുക്കുന്നതെന്നും ചിട്ടി നടത്താനുള്ള ലൈസൻസ് ഉണ്ടോയെന്നുമുള്ള പ്രസാദിൻെറ ചോദ്യത്തിനും മറുപടി കിട്ടിയില്ല. ലൈസൻസ് ഉണ്ടെങ്കിൽ ഉടൻ ഇവിടേക്ക് വരൂ, നമുക്ക് ഒരുമിച്ച് പൊലീസ് സ്റ്റേഷനിൽ പോകാമെന്ന് കൂടി ക൪ശനമായി പറഞ്ഞതോടെ മറുതലക്കൽ നിന്ന് ഫോൺ കട്ടാക്കിയ ശബ്ദം കേട്ടു. പിന്നീട് അയാൾ വിളിച്ചിട്ടില്ലെന്ന് പ്രസാദ് പറയുന്നു. ഇത്തരത്തിൽ കൊള്ളപ്പലിശക്കാരെല്ലാം ചിട്ടിയെന്നും സഹായമെന്നുമൊക്കെയാണ് തങ്ങളുടെ പണമിടപാടിനെ മറ്റുള്ളവ൪ക്ക് പരിചയപ്പെടുത്തുക.
ഇത്തരം ഒരുപാട് കഥാ സന്ദ൪ഭങ്ങൾ യു.എ.ഇയിലെ സാമൂഹിക പ്രവ൪ത്തക൪ക്ക് പങ്കുവെക്കാനുണ്ടാകും. ഏതോ കാരണങ്ങളാൽ മരണം വരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വഴി തേടുമ്പോൾ പാസ്പോ൪ട്ട് കാണാനില്ലാത്ത അവസ്ഥയാണ് ഇതിൽ ഏറ്റവും വ്യാപകം. പാസ്പോ൪ട്ട് പലപ്പോഴും ഏതെങ്കിലും വട്ടിപ്പലിശക്കാരൻെറ മേശവലിപ്പുകളിലായിരിക്കും. ഇത് ഏറെ വലക്കുന്നത് ഇത്തരം സന്ദ൪ഭങ്ങളിൽ സഹായ ഹസ്തവുമായി ഓടിയെത്തുന്ന സാമൂഹിക, സന്നദ്ധ പ്രവ൪ത്തകരെയാണ്. പരേതൻെറ പാസ്പോ൪ട്ട് ലഭിക്കാത്തതിനാൽ ഇവ൪ വല്ലാതെ വലയേണ്ടി വരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഏതെങ്കിലും കൊള്ളക്കാരൻെറ കൈകളിലാണ് പാസ്പോ൪ട്ടെന്ന് അറിയുക. കടക്കാരൻ മരിച്ചെന്ന വിവരമറിഞ്ഞെങ്കിലും പലിശക്കാരനിൽ നിന്ന് അൽപം കാരുണ്യമോ നേരിയ ഇളവോ പ്രതീക്ഷിച്ച് അവിടേക്ക് ചെല്ലുമെങ്കിലും നിരാശയായിരിക്കും ഫലം. മരിച്ചയാൾ തനിക്ക് പതിനായിരങ്ങളോ ലക്ഷങ്ങളോ തരാനുണ്ടെന്നും പാസ്പോ൪ട്ട് തിരിച്ചുനൽകാനാവില്ലെന്നുമായിരിക്കും ഇയാളുടെ പ്രതികരണം. കടക്കെണിയിലായ സമയത്ത് സഹായമായാണ് പണം നൽകിയതെന്നോ ചിട്ടി നടത്തിയ വകയിൽ നൽകാനുള്ളതാണെന്നോ ഇയാൾ വിശദീകരിക്കും. ഒരു മാനുഷിക പരിഗണന വെച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമവുമായി രംഗത്തിറങ്ങിയവരെ പ്രതിക്കൂട്ടിലാക്കാനും, ഇവരുടെ മേൽ മരിച്ചയാളുടെ സാമ്പത്തിക ഭാരം കെട്ടിവെക്കാനും വരെ ചില൪ ശ്രമം നടത്തുന്നു. വെറുതെ വേണ്ടാത്ത പണിക്ക് പോകേണ്ടെന്നും ബാധ്യത മുഴുവൻ നിങ്ങളുടെ തലയിലാകുമെന്നും നിരാശപ്പെടുത്തുന്നവരും ഭീഷണിപ്പെടുത്തുന്നവരും വരെയുണ്ട്. പലരും ആത്മാഹുതിയിലുടെ ആത്മശാന്തി തേടാനൊരുങ്ങുമ്പോൾ അത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്നദ്ധ പ്രവ൪ത്തക൪ക്കും അശാന്തിയുടെ ദിനരാത്രങ്ങളാണ് സമ്മാനിക്കുന്നത്. ഒടുവിൽ പലിശക്കാരനിൽ നിന്ന് പാസ്പോ൪ട്ട് ലഭിക്കാതെ വരുമ്പോൾ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിലും മറ്റും കയറിയിറങ്ങി രേഖകൾ ശരിയാക്കിയെടുക്കാൻ സാമൂഹിക പ്രവ൪ത്തക൪ ഏറെ വിയ൪ക്കുന്നു. ഒരിക്കൽ ഇത്തരം സേവനങ്ങളുമായി രംഗത്തിറങ്ങുന്നവ൪ ഇനിയൊരിക്കലും ‘ഈ പണിക്ക് താനില്ലെ’ന്ന് ചിന്തിക്കും വിധം മനംമടുക്കുന്നു. ഇങ്ങിനെ ഒരാളുടെ പലിശയിടപാടുകൾ ഒരു സമൂഹത്തിന് മുഴുവൻ ശാപമായി പരിണമിക്കുന്നു.
മണിക്കുട്ടൻ മരിക്കുന്നതിന് മുമ്പ് ഇയാളുടെ ഇത്തരം സാമ്പത്തിക ഇടപാടുകളെ കുറിച്ച് പുറംലോകം അറിഞ്ഞിരുന്നില്ലെന്ന് പ്രസാദ് പറയുന്നു. കുടുംബ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഈ മരണത്തിനും പലിശയിടപാട് സംഘവുമായി ബന്ധമുണ്ടെന്നാണ് അടുപ്പമുള്ളവ൪ പറയുന്നത്. നാട്ടിൽ പോയി തിരിച്ചെത്തി ഒരു മാസം തികയും മുമ്പാണ്, റാസൽഖൈമ അൽ ഗസൽ റെൻറ് കാ൪ കമ്പനിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മണിക്കുട്ടൻ മരിച്ചത്. കാൽ നൂറ്റാണ്ട് കാലം പ്രവാസ ലോകത്ത് ടാക്സിയോടിച്ച മണിക്കുട്ടൻ ഒരു നാൾ താമസ സ്ഥലത്ത് ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിക്കുകയായിരുന്നു.
ചിട്ടികളാണ് പല ഭാഗങ്ങളിലും പലിശയിലേക്കുള്ള വാതിലുകൾ തുറക്കുന്നതെന്നാണ് അനുഭവം. യാതൊരു തത്വദീക്ഷയുമില്ലാതെ നടക്കുന്ന ലേലക്കുറികൾ പലപ്പോഴും പലിശ മാഫിയയുടെ പ്രധാന വിളനിലങ്ങളായി മാറുകയാണ്. 20 പേരെ കൂട്ടി 2,500 ദി൪ഹം വീതം വാങ്ങി 20 മാസം കുറി നടത്തുമ്പോൾ സാധാരണ നറുക്ക് കുറികളിലും മറ്റും ഒരാൾക്ക് അര ലക്ഷം ദി൪ഹമാണ് ലഭിക്കേണ്ടത്. എന്നാൽ ലേല കുറികളിൽ അത്യാവശ്യക്കാ൪ക്ക് തുക പറഞ്ഞ് ചിട്ടി വിളിക്കാം. വിളിച്ചെടുക്കുന്ന തുക കഴിച്ച് ബാക്കിയാണ് ലഭിക്കുക. എന്നാൽ പലപ്പോഴും ഇത്തരം ലേലക്കുറികൾ വിളിക്കാൻ പലിശ ഇടപാടുകാരാണ് രംഗത്തെത്തുന്നതെന്ന് അനുഭവസ്ഥ൪ പറയുന്നു. 25,000 ദി൪ഹം കുറച്ചുപോലും വിളിച്ചെടുക്കാൻ ഇവ൪ തയാറാകും. സംഖ്യയിൽ പകുതി കിട്ടിയാലും ഇവ൪ക്ക് നഷ്ടമില്ല. കാരണം ആ സംഖ്യ മുഴുവൻ കൊള്ളപ്പലിശക്ക് കടം കൊടുത്ത് അവ൪ ഇരട്ടിയിലേറെ സമ്പാദിക്കുന്നു. അര ലക്ഷത്തിന് മാസം 2,500 ദി൪ഹം പലിശയിനത്തിൽ മാത്രമാണ് ഇവ൪ക്ക് ലഭിക്കുന്നത്. ഈ തുകയാണ് അവ൪ അടുത്ത മാസങ്ങളിൽ ചിട്ടിയിൽ വെക്കുന്നതും. വെറും 2, 500 ദി൪ഹം കൊണ്ട് പ്രതിമാസം അത്രയും തുക ഇവ൪ സമ്പാദിക്കുന്നു. മകളെ കെട്ടിച്ചയക്കാനും വീട് നി൪മാണത്തിനുമൊക്കെ ചിട്ടി വിളിക്കാമെന്ന് കരുതിയിരിക്കുന്നവ൪ക്ക് ഇത്തരം ഗൂഢ ലക്ഷ്യങ്ങളുമായി എത്തുന്ന വട്ടിപ്പലിശക്കാ൪ വിലങ്ങുതടിയാവുകയും ചെയ്യുന്നു. ഇത് ചെറിയൊരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ നിരവധി തന്ത്രങ്ങളിലൂടെയാണ് കൊള്ളപ്പലിശക്കാ൪ രംഗത്തെത്തുന്നത്. ചുരുക്കത്തിൽ മുതൽ മുടക്ക് പോലും ആവശ്യമില്ലാത്ത വ്യവസായമായി വട്ടിപ്പലിശ മാറുകയാണെന്ന് സാരം. ദീ൪ഘകാലം പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടിലേക്ക് പോകുമ്പോൾ കമ്പനിയിൽ നിന്ന് വിരമിക്കൽ ആനുകൂല്യമായി ലഭിച്ച മുഴുവൻ സംഖ്യയും ഇവിടെ പലിശ ഇടപാടുകൾ നടത്തുന്നതിന് വിശ്വസ്തരെ ഏൽപിച്ച് പോകുന്നവരും നിരവധിയാണ്. ആ൪ക്കും എപ്പോൾ വേണമെങ്കിലും പണം ലഭിക്കും. പക്ഷേ, പത്ത് മുതൽ 20 ശതമാനം വരെ പലിശ നൽകണമെന്ന് മാത്രം. ഈടായി ബ്ളാങ്ക് ചെക്കും പാസ്പോ൪ട്ടും നൽകുകയും വേണം. 1,000 ദി൪ഹത്തിന് 400 ദി൪ഹം ആദ്യ ഗഡുവായി നൽകണം. ഇത് കൈപ്പറ്റിയ ശേഷമേ ആവശ്യക്കാരന് പണം നൽകുകയുള്ളു. ഫലത്തിൽ 600 ദി൪ഹം മാത്രമാണ് ആവശ്യക്കാരന് ലഭിക്കുന്നത്. 200 ദി൪ഹം പലിശയായി നൽകുകയും വേണം. 10,000 ദി൪ഹമാണ് വാങ്ങുന്നതെങ്കിൽ പലിശക്കാ൪ ഈടാക്കുന്ന അധിക സംഖ്യ 2,000 ദി൪ഹം. മൂന്നു മാസത്തിനകം പലിശയടക്കം തിരിച്ചടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നുറപ്പ്. വളരെ കുറഞ്ഞ ശമ്പളക്കാ൪ മുതൽ സാമൂഹിക രംഗത്ത് സജീവമായവരും വൻ സ്രാവുകളും വരെ ഈ ഇടപാടുകാരിലുണ്ട്. വാങ്ങുന്നവ൪ കൈയൊഴിഞ്ഞാലല്ലാതെ ഈ വൻ വ്യവസായത്തിന് തടയിടാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതിന് വ്യാപക ബോധവത്കരണമാണ് ആവശ്യം. ആറ് മലയാളിക്ക് നൂറെന്ന തോതിൽ പ്രവാസ ലോകത്തും തഴച്ചുവളരുന്ന സംഘടനകൾ ഇതിന് മുൻകൈയെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2012 9:20 AM GMT Updated On
date_range 2012-03-14T14:50:30+05:30മരിച്ചിട്ടും പിടി വിടാതെ കൊള്ളപ്പലിശയുടെ നീരാളിക്കൈകള്‍
text_fieldsNext Story