രോഗം അനുഗ്രഹമാകുന്നത്
text_fieldsരോഗം ബാധിക്കാത്തവ൪ വിരളം. ചില രോഗങ്ങൾ നിസ്സാരമായിരിക്കും; ചിലത് ഗുരുതരവും. മാറാരോഗങ്ങൾ ബാധിച്ച് കൊല്ലങ്ങളോളം കിടപ്പിലാകുന്നവരും കുറവല്ല. രോഗികൾ രോഗത്തോട് സ്വീകരിക്കുന്ന സമീപനം വ്യത്യസ്തമായിരിക്കും. അതിലെ അന്തരത്തിനനുസരിച്ച് മാനസികാവസ്ഥയിലും മാറ്റമുണ്ടാവും. അതിനനുസൃതമായി രോഗം അനുഗ്രഹമോ ശാപമോ ആയി മാറും. കഴിഞ്ഞദിവസം അബൂദബിയിൽവെച്ച് ബദീഉസ്സമാൻ സഈദ്നൂ൪സിയുടെ ഒരു ചെറുകൃതി ശ്രദ്ധയിൽപെട്ടു. രോഗികൾക്കുള്ള ഇരുപത്തഞ്ച് സന്ദേശങ്ങളുടെ സമാഹാരം. ആധുനിക തു൪ക്കിയിലെ പ്രമുഖ പണ്ഡിതനായിരുന്നു സഈദ് നൂ൪സി. അരനൂറ്റാണ്ടു മുമ്പാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. എങ്കിലും തു൪ക്കിയിലിപ്പോൾ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളിൽ അദ്ദേഹത്തിൻെറ ചിന്തകൾക്കും പ്രവ൪ത്തനങ്ങൾക്കും അനൽപമായ പങ്കുണ്ട്.
രോഗം അനുഗ്രഹമാണെന്നും ശാപമല്ലെന്നും സമ൪ഥിക്കുകയാണ് സഈദ് നൂ൪സി. നമ്മുടെ വശമുള്ളതൊന്നും നമ്മുടേതല്ല; ശരീരവും ജീവനും ജീവിതവും ആയുസ്സും ആരോഗ്യവുമൊന്നും. എല്ലാം ദൈവദത്തമാണ്. ആരോഗ്യാവസ്ഥയിൽ ഏറെപ്പേരും അതൊന്നും ഓ൪ക്കാറില്ല. പലപ്പോഴും ദാതാവിനെ മറക്കുന്നു. അവൻെറ നിയമനി൪ദേശങ്ങൾ അവഗണിക്കുന്നു. അതുകൊണ്ടുതന്നെ, ആരോഗ്യാവസ്ഥയിലെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അതിൽ നിരവധി പാളിച്ചകൾ കാണാം.
എന്നാൽ, രോഗാവസ്ഥയിൽ ജീവിതത്തിൻെറ ക്ഷണികത ഓ൪ക്കുന്നു. ആയുസ്സിൻെറ വിലയറിയുന്നു. ആരോഗ്യത്തിൻെറ അനുഗ്രഹം ബോധ്യമാകുന്നു. എല്ലാറ്റിൻെറയും ദാതാവായ ദൈവത്തെ സ്മരിക്കുന്നു. അങ്ങനെ ജീവിതത്തെ ആവുംവിധം വിശുദ്ധമാക്കാൻ ശ്രമിക്കുന്നു. അതോടെ രോഗാവസ്ഥ പുണ്യങ്ങളുടെ പൂക്കാലമായി മാറുകയാണ്. ആയുസ്സാണ് ജീവിതത്തിൻെറ മൂലധനം. അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ആരോഗ്യാവസ്ഥയിൽ ഏറെപ്പേരും അതിനെ പാഴാക്കുകയാണ്. എന്നാൽ, രോഗാവസ്ഥയിൽ ആയുസ്സിൻെറ വിലയറിയുന്നതിനാൽ ആലോചിച്ചും ശ്രദ്ധിച്ചും മാത്രമേ അത് ചെലവഴിക്കുകയുള്ളൂ.
രോഗത്തിന് ചികിത്സ അനിവാര്യമാണ്. ശരീരത്തിനുള്ള ചികിത്സ. എന്നാൽ, രോഗംതന്നെ ഒരു ചികിത്സയാണ്. മനസ്സിനും ജീവിതത്തിനുമുള്ള ചികിത്സ. മനസ്സിനെ ബാധിച്ച ഗുരുതരമായ നിരവധി രോഗങ്ങളെ അത് ശമിപ്പിക്കുന്നു. ഒരു മരത്തെ പിടിച്ചുകുലുക്കുമ്പോൾ അതിലെ പഴങ്ങൾ കൊഴിഞ്ഞുവീഴുംപോലെ ഒരു വിശ്വാസിയെ രോഗം പിടിച്ചുലക്കുമ്പോൾ അയാളിലെ പാപങ്ങൾ പിഴുതെറിയപ്പെടുന്നുവെന്ന പ്രവാചകവചനം അന്വ൪ഥമാകുന്നു.
വിശ്വാസി രോഗത്തെ ക്ഷമയോടെയാണ് സമീപിക്കുക. ദൈവം നൽകിയ ആരോഗ്യത്തെ അവൻതന്നെ തിരിച്ചെടുത്തതാണെന്ന് വിശ്വാസി തിരിച്ചറിയുന്നു. രോഗി സദാ രോഗശമനത്തിനായി പ്രാ൪ഥിക്കും- അത് തീ൪ത്തും ആത്മാ൪ഥമായിരിക്കും. തികഞ്ഞ മനസ്സാന്നിധ്യത്തോടെയുമായിരിക്കും പ്രാ൪ഥന. രോഗാവസ്ഥയെപ്പോലെ ദൈവസാന്നിധ്യം അനുഭവിച്ചറിയുന്ന അവസരങ്ങൾ അത്യപൂ൪വമാണ്. അതോടെ, രോഗിയുടെ ജീവിതം അവിരാമമായ പ്രാ൪ഥനയായിമാറുന്നു.
രോഗം മനുഷ്യനെ മരണത്തെക്കുറിച്ച് നിരന്തരം ഓ൪മപ്പെടുത്തുന്നു. മരണാനന്തരജീവിതത്തെ സംബന്ധിച്ച ചിന്തയുണ൪ത്തുകയും ചെയ്യുന്നു. അങ്ങനെ രോഗം നല്ലൊരു മുന്നറിയിപ്പുകാരനും ഗുരുവുമായി മാറുകയാണ്. രോഗം ദൈവികമായ പരീക്ഷണമാണെന്ന് തിരിച്ചറിയാത്തവ൪ അതിനെ ശാപമായി കരുതി അക്ഷമ കാണിക്കുന്നു. ആവലാതികളും പരാതികളുമായി കഴിയുന്നു. അതോടെ മനസ്സ് അസ്വസ്ഥമാവും. രോഗിക്ക് ആരോഗ്യവാൻെറ അത്ര ബാധ്യതകളില്ല. തൻെറ കഴിവിനനുസൃതമായ ചുമതലകളേയുള്ളൂ. അതിനാൽ, ആരോഗ്യവാൻ ചെയ്യേണ്ട കനത്ത ഉത്തരവാദിത്തങ്ങൾ നി൪വഹിച്ചാലുള്ള പ്രതിഫലം പരിമിതമായ പ്രവ൪ത്തനങ്ങളിലൂടെ രോഗിക്ക് ലഭിക്കും. ആരോഗ്യാവസ്ഥയിലാണ് മരണം സംഭവിക്കുന്നതെങ്കിൽ അത് പാപവൃത്തിയിലായിരിക്കെ ആവാനും സാധ്യതയുണ്ട്. എന്നാൽ, രോഗി മരണം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാൽ സദാ സുമനസ്സും സദ്വൃത്തികളുമായി കഴിയുന്നു. അപ്പോഴുണ്ടാവുന്ന മരണം മഹത്തായ അനുഗ്രഹമായിത്തീരുന്നു.
രോഗിയെ സന്ദ൪ശിക്കുന്നത് ദൈവത്തെ സന്ദ൪ശിക്കുംപോലെ പുണ്യകരമാണെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. രോഗിയെ ചികിത്സിക്കുന്നതും പരിചരിക്കുന്നതും മഹത്തായ ദൈവോപാസനയാണെന്ന് ഉദ്ബോധിപ്പിക്കുന്നു. അതിനാൽ, രോഗി എല്ലാവരുടെയും സ്നേഹത്തിനും സൗഹൃദത്തിനും സൗമനസ്യത്തിനും അ൪ഹനായിത്തീരുന്നു. ഇവ്വിധം രോഗത്തെ രചനാത്മകമായി സമീപിക്കാൻ സാധിക്കുന്നവരാണ് സൗഭാഗ്യവാന്മാ൪. ദൈവത്തിൻെറ മഹത്തായ അനുഗ്രഹത്തിന് അ൪ഹരായിത്തീരുന്നതും അവ൪തന്നെ.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
