റോഡ് ജനങ്ങളുടെ അവകാശം
text_fieldsപൊതുനിരത്തിൽ പ്രകടനങ്ങൾ വിലക്കിയ കോടതിനടപടിക്കെതിരെ വൻ പ്രതിഷേധമാണ് കേരളത്തിൽ ഉയ൪ന്നുവന്നത്. ആ പ്രതിഷേധത്തിൻെറ നായകത്വമേറ്റെടുക്കാൻ, കോടതിയലക്ഷ്യമാകുമോയെന്ന ഭയംപോലുമില്ലാതെ ചിലരൊക്കെ തയാറാവുകയും ചെയ്തു. എന്നാൽ, സംസ്ഥാനത്തെ പ്രധാന സഞ്ചാരപഥങ്ങളാകെ ജനങ്ങളിൽനിന്ന് വേലികെട്ടിത്തിരിക്കുന്ന സ൪ക്കാ൪ നിലപാടിനെതിരെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽനിന്ന് ഒരു ശബ്ദവുമുയ൪ന്നില്ല. വികസനമെന്ന മാസ്മരികപദത്തിൻെറ മറവിൽ വിശ്രമിക്കുകയാണവ൪.
പ്രധാന രാഷ്ട്രീയ കക്ഷികളുടെ പങ്കാളിത്തമില്ലാതെത്തന്നെ ഒട്ടേറെ സമരമുന്നേറ്റങ്ങൾ കേരളത്തിൽ രൂപപ്പെട്ടിരിക്കുന്നു. ദേശീയപാത കുടിയിറക്ക്-സ്വകാര്യവത്കരണ വിരുദ്ധ സമിതി, ദേശീയപാത സംരക്ഷണ സമിതി, ആക്ഷൻ കൗൺസിൽ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാരംഭിച്ച സമരത്തിലേക്ക് കൂടുതൽ സംഘടനകളും ജനങ്ങളും അണിചേരുകയാണ്. ഇവയെയൊക്കെ വികസനവിരുദ്ധ നീക്കങ്ങളായാണ് അധികാരത്തിനു ചുറ്റും കറങ്ങിത്തിരിയുന്ന പ്രസ്ഥാനങ്ങൾ വ്യാഖ്യാനിക്കുന്നത്. സ്വതന്ത്രവും ദേശീയവുമായ കാഴ്ചപ്പാടുള്ള വാ൪ത്താമാധ്യമങ്ങൾപോലും യഥാ൪ഥവസ്തുതയെന്തെന്ന് അന്വേഷിക്കുന്നില്ല. അങ്കമാലി-മണ്ണുത്തി പാതയിലെ പാലിയേക്കരയിൽ ടോൾബൂത്തിനരികിൽ ടോൾവിരുദ്ധസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഒരു മാസമാവുകയാണ്. ഈ സാഹചര്യത്തിൽ സാംസ്കാരിക-രാഷ്ട്രീയ കേരളം പ്രക്ഷോഭകരുയ൪ത്തുന്ന മുദ്രാവാക്യങ്ങളെ ക്ഷമാപൂ൪വം പരിശോധിക്കാൻ സന്നദ്ധമാകേണ്ടതുണ്ട്.
മീശക്കും താടിക്കും തൊപ്പിക്കും മുതൽ മുലകൾക്കുവരെ കരം വാങ്ങിയിരുന്ന കാടൻ ചൂഷണവ്യവസ്ഥയോട് കണക്കുതീ൪ത്താണ് നവോത്ഥാനവും ജനാധിപത്യവുമൊക്കെ ശക്തിപ്പെട്ടത്. ഇപ്പോൾ സഞ്ചരിക്കാൻ നികുതി കൊടുക്കണം. ഓരോ പ്രദേശത്തെയും ജനങ്ങളുടെ ത്യാഗവും സഹനവുമാണ് ഓരോ പാതയും. അതു മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ജനങ്ങൾ നികുതി കൊടുക്കുന്നുമുണ്ട്. യാത്രക്കൂലിയുടെ നിശ്ചിത ശതമാനം ചുങ്കമാണ്. വാഹന ഉടമകൾ വാഹനനികുതിയിനത്തിൽ മോശമല്ലാത്ത സംഖ്യയാണ് മുൻകൂറായി നൽകുന്നത്. ഓരോ ലിറ്റ൪ ഇന്ധനത്തിനും രണ്ടു രൂപ വീതം വേറെയും നൽകുന്നു. വാഹനങ്ങൾ പെരുകുമ്പോൾ സ൪ക്കാറിൻെറ വരുമാനവും പെരുകുന്നുണ്ട്. ഈ ഇനത്തിൽ ലഭിക്കുന്ന സംഖ്യ മതി ശരിയായ റോഡ് വികസനത്തിന്. ഈ വരുമാനത്തിൻെറയും ഈ ഇനത്തിലെ ചെലവിൻെറയും നിജസ്ഥിതിയറിയാൻ ജനങ്ങൾക്ക് തീ൪ച്ചയായും അവകാശമുണ്ട്.
പ്രധാന പാതകളൊക്കെ യാത്രക്കാ൪ക്കുള്ളതാണെന്ന ധാരണ പൂ൪ണമായും ശരിയല്ല. ലോകവിപണിയെ നമ്മുടെ പ്രാദേശിക കമ്പോളങ്ങളുമായി ബന്ധിപ്പിക്കുന്ന ചരക്കു-മൂലധന സഞ്ചാരത്തിൻെറ രാജപാതകളാണവ. വഴിസൗകര്യത്തിൻെറ സൗജന്യം ഡോളറും യൂറോയും രൂപയുമൊക്കെയായി ഏറ്റുവാങ്ങുന്നത് വൻകിട മൂലധനമൂ൪ത്തികളാണ്. അവ൪ക്കു പരവതാനി വിരിക്കാൻ നമ്മുടെ സഞ്ചാരസ്വാതന്ത്ര്യം അടിയറവെക്കണോ? നാം നൂറ്റാണ്ടുകളായി നടന്നും വാഹനമുരുട്ടിയുമുണ്ടാക്കിയ വഴികൾ നമ്മുടെ അവകാശമാണ്. അവക്കുമേൽ കാൽനാട്ടി ടോൾബൂത്തുകൾ കെട്ടരുത്. മറ്റേതെങ്കിലും സ്വ൪ഗീയമേൽപാതകളുണ്ടാക്കി ആകാശചാരികളിൽനിന്ന് ചുങ്കം പിരിക്കണമോയെന്ന് സ൪ക്കാറിനാലോചിക്കാം.
ചുങ്കപ്പിരിവ് മാത്രമല്ല പ്രശ്നം. സഞ്ചാരപഥങ്ങളാകെ പ്രത്യേക സാമ്പത്തിക മേഖലയായി തിരിക്കാനുള്ള അപ്രഖ്യാപിത നീക്കം കാണേണ്ടതുണ്ട്. പാതകളിൽ പ്രവേശിക്കാനോ മുറിച്ചുകടക്കാനോ ഓരത്ത് കച്ചവടം നടത്താനോ പ്രതിഷേധപ്പന്തൽ കെട്ടാനോ ഒന്നും അനുവാദമില്ല. പ്രത്യേകം വേലികെട്ടിത്തിരിച്ച നെടുനീളൻ സ്വകാര്യ സാമ്പത്തിക മേഖലയായി അതു മാറും. ദരിദ്രന് സ൪വീസ്റോഡെന്ന വാഗ്ദാനം കോരൻെറ കുമ്പിളിൽ കിടക്കും. രാജപാത വരേണ്യ൪ക്കും, കുഴിയും കുമ്പിളുമുള്ള റോഡ് കോരന്മാ൪ക്കുമെന്ന ജനാധിപത്യമാണോ നമ്മുടെ ഭരണഘടനയുടെ വാഗ്ദാനം? റോഡ് ജനങ്ങളുടെ അവകാശമാണ്. അത് ലാഭപ്പെരുപ്പത്തിനുപയോഗിക്കുന്ന ബഹുരാഷ്ട്ര കുത്തകകൾക്കും അവരുടെ പ്രാദേശിക ദല്ലാളന്മാ൪ക്കുമാണ് നികുതി ചുമത്തേണ്ടത്. അവരിൽനിന്നുള്ള ചുങ്കം ജനങ്ങൾക്കു ലഭിക്കണം. അത് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സ൪ക്കാറുകളുടെ ചുമതലയാണ്.
സ൪ക്കാ൪ കൂട്ടുനിൽക്കുന്നത് കേരളത്തിൻെറ ഗ്രാമീണ സമ്പദ്ഘടനയെ തക൪ക്കാനുള്ള കോ൪പറേറ്റുകളുടെ ബോധപൂ൪വമായ നീക്കത്തിനാണ്. കാ൪ഷികോൽപന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്മയും വലിയ വിഭാഗം ജനങ്ങളെ വഴിയോര വാണിഭങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. നമ്മുടെ ഗ്രാമീണസമ്പദ്ഘടനയുടെ നട്ടെല്ലാണവ൪. അവരെയെല്ലാം കുടിയൊഴിച്ച് വാൾമാ൪ട്ടിനെപ്പോലെയുള്ള കോ൪പറേറ്റ് ഭീമന്മാ൪ക്ക് വഴിയോര വാണിഭ മേഖലയാകെ തീറെഴുതുന്നത് സ്വന്തം ജനതയോടുള്ള യുദ്ധമല്ലെങ്കിൽ മറ്റെന്താണ്?
നാലുവരിപ്പാതയോ ആറുവരിപ്പാതയോ നി൪മിക്കാൻ 30 മീറ്റ൪ വീതിയിൽ ഏറ്റെടുക്കുന്ന സ്ഥലം മതിയെന്നിരിക്കെ വഴിയോരമൊഴിപ്പിക്കലിനും വേലികെട്ടലിനും മാത്രമായി വീതികൂട്ടലും ഫ്രീസിങ്ങും നടപ്പാക്കുന്നത് വികസനത്തിനു മറവിൽ മറ്റു ലക്ഷ്യങ്ങളുള്ളതുകൊണ്ടാണ്. ഒരുവരിപ്പാതക്ക് മൂന്നരമീറ്ററാണ് അംഗീകരിക്കപ്പെട്ട അളവ്. 30 മീറ്ററിൽ മീഡിയനും നടപ്പാതക്കും ഓവുചാലിനും സ്ഥലമുണ്ടാകും. പക്ഷേ, പ്രത്യേക സാമ്പത്തിക മേഖല രൂപപ്പെടുത്താനാവുകയില്ല. ഇവിടെ വഴിയല്ല അവരുടെ ലക്ഷ്യം. വഴിക്കച്ചവടമാണ് എന്നു വ്യക്തം.
ഓരോ സംസ്ഥാനത്തിനും സവിശേഷമായ പ്രശ്നങ്ങളാണുള്ളത്. ചിലയിടത്ത് ഭൂപ്രകൃതിയുടെ പരിമിതികൾ കണക്കിലെടുത്തേ റോഡ്വികസനം സാധ്യമാകൂ. കേരളത്തിലാകട്ടെ, ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുക്കണം. പുനരധിവാസം പ്രയാസകരമാകുമ്പോൾ സമാന്തരസാധ്യതകൾ കണ്ടെത്തേണ്ടിവരും. അതിവേഗ തീവണ്ടിപ്പാതയും തീരദേശപാതയുമെല്ലാം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നാം. ജലപാതയും നഗരങ്ങളിലെ മെട്രോ റെയിലും മലയോര ഹൈവേയുമെല്ലാം വലിയ പ്രതീക്ഷ നൽകുന്നു. ഈ പുരോഗതികളെയാകെ പിറകോട്ടടിപ്പിക്കുന്ന ജനവിരുദ്ധ സമീപനമാണ് സ൪ക്കാ൪ തിരുത്തേണ്ടത്. യഥാ൪ഥത്തിൽ റോഡ് നവീകരണത്തിന് ചെലവാകുന്ന സംഖ്യ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നെടുത്ത് സ൪ക്കാ൪ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നുണ്ട്. അതിനുശേഷം അതിനുമെത്രയോ ഇരട്ടി പണം ജനങ്ങളെ പിഴിഞ്ഞ് വസൂലാക്കാൻ പ്രത്യേകാധികാരവും നൽകുന്നു.
ഈ പറഞ്ഞതൊക്കെ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ബോധ്യമുണ്ടായിരുന്ന കാര്യങ്ങളാണ്. അതുകൊണ്ടാണല്ലോ 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻെറ നേതൃത്വത്തിൽ ചേ൪ന്ന സ൪വകക്ഷിയോഗം കേരളത്തിന് ഇവ സ്വീകാര്യമല്ലെന്ന് നിലപാടെടുത്തത്. അക്കാര്യം അവ൪ പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് അറിയിക്കുകയും ചെയ്തു. ചുങ്കം പിരിക്കുക സാധ്യമല്ലെന്നും 30 മീറ്ററിലധികം വീതിയുള്ള പാത കേരളത്തിൽ അപ്രായോഗികമാണെന്നും നിശ്ചയിക്കപ്പെട്ട അലൈൻമെൻറുകൾ അശാസ്ത്രീയമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഇക്കാര്യത്തിൽ എന്തെങ്കിലും നിലപാടറിയിക്കുന്നതിനു മുമ്പുതന്നെ, സ൪വകക്ഷി തീരുമാനത്തിൽ പുന$പരിശോധന വേണമെന്ന ആവശ്യം കേരളത്തിലുയ൪ന്നു. വിസ്മയകരമായ കാര്യം, ആവശ്യമുയ൪ത്തിയത് ഭരിക്കുന്ന പ്രമുഖ കക്ഷിയുടെ സെക്രട്ടറിതന്നെയായിരുന്നു എന്നതാണ്. അതേതുട൪ന്ന് മാത്രമേ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ സംസ്ഥാന പ്രസിഡൻറിന് ഈ ആവശ്യമുന്നയിക്കാൻ ധൈര്യമുണ്ടായുള്ളൂ. രണ്ടാം സ൪വകക്ഷിയോഗം വിളിച്ചുചേ൪ത്ത് തീരുമാനം തിരുത്തണമെന്ന പിണറായി വിജയൻെറ കൽപന അംഗീകരിക്കപ്പെട്ടു. രണ്ടാം യോഗത്തിൽ മുൻനിര നേതാക്കൾതന്നെ അണിനിരന്നു. പിണറായിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാണിയുമൊക്കെ തങ്ങളുടെ ഐക്യവും പക്ഷപാതവും ജനങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തി. വി.എസിനെയും ജനങ്ങളെയും പിണറായി വരച്ചവരയിൽ നി൪ത്തി.
സ്വകാര്യവത്കരണത്തിനെതിരെയും സാമ്രാജ്യത്വ ആഗോളീകരണത്തിനെതിരെയും കനത്ത തെരുവുപ്രഭാഷണങ്ങൾ നടത്തുന്ന സി.പി.എമ്മിൻെറ യഥാ൪ഥ മുഖം ഒരിക്കൽകൂടി വെളിപ്പെട്ടു. വിദ്യാഭ്യാസ, ആരോഗ്യ, കുടിവെള്ള, ആസൂത്രണ രംഗങ്ങളിലെന്നപോലെ പൊതുവഴി സ്വകാര്യവത്കരണത്തിലും വലതുപക്ഷത്തേക്കാൾ ആവേശം തങ്ങൾക്കാണെന്ന് സി.പി.എം ബോധ്യപ്പെടുത്തി. 2009ലെ കോട്ടയം സമ്മേളന റിവ്യൂ റിപ്പോ൪ട്ടിൽതന്നെ ഈ ധിറുതി കാണാമായിരുന്നു. ഗതാഗത പ്രതിസന്ധിക്കു തടസ്സം ടോൾ ഏ൪പ്പെടുത്താനുള്ള കാലതാമസമാണെന്ന് വി.എസിനെ കുറ്റപ്പെടുത്തുന്നുണ്ട് അന്നത്തെ രേഖ. ഇതിന൪ഥം പാതക്കച്ചവടത്തിൻെറ രൂപരേഖയുണ്ടാക്കിയതിൽ കേന്ദ്ര ഭരണകക്ഷിയായ കോൺഗ്രസിനും സി.പി.എമ്മിനും തുല്യപങ്കാണുള്ളത് എന്നാണ്. ഫെഡറൽ സംവിധാനത്തിനകത്ത് ലഭിക്കേണ്ട സ്വാഭാവിക നീതിയെപ്പറ്റി പറയാൻ ഒരു പാ൪ട്ടിയും മുന്നോട്ടുവന്നില്ല. 1988ലെ നാഷനൽ ഹൈവേ അതോറിറ്റി ആക്ടിൽപോലും സംസ്ഥാനങ്ങൾക്കു പ്രത്യേക ഏജൻസിയെ നിയോഗിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റി പരാമ൪ശമുണ്ട്. രാജ്യതാൽപര്യവും ജനതാൽപര്യവും മുൻനി൪ത്തി പ്രവ൪ത്തിക്കുമ്പോഴല്ലേ ഇതൊക്കെ അറിയേണ്ടതുള്ളൂ.
വികസിതരാജ്യങ്ങളിൽ ഉൾപ്പെടെ ലോകത്തിൻെറ മിക്ക ഭാഗത്തും ടോൾ സമ്പ്രദായം ഏ൪പ്പെടുത്താൻ ആഗോളീകരണ ശക്തികൾ തയാറായിരിക്കുന്നു. അവിടങ്ങളിലെല്ലാം വമ്പിച്ച ജനമുന്നേറ്റം രൂപപ്പെട്ടിട്ടുമുണ്ട്. പ്രക്ഷോഭങ്ങളിലെല്ലാം സാമ്രാജ്യത്വവിരുദ്ധ ശക്തികളും തൊഴിലാളികളും ഇടതുപക്ഷ രാഷ്ട്രീയവും കൈകോ൪ത്തിരിക്കുന്നു. കേരളത്തിലും അത്തരമൊരു രാഷ്ട്രീയവും മുന്നേറ്റവും സജീവമാകുകയാണ്. മുഖ്യധാരാ ഇടതുപക്ഷമുൾപ്പെടെയുള്ള രാഷ്ട്രീയപാ൪ട്ടികളുടെ നിലപാട് അവ൪ക്കൊപ്പംനിൽക്കുന്ന ജനവിഭാഗങ്ങളിൽനിന്നുപോലും ഒറ്റപ്പെടാനേ സഹായകമാകുകയുള്ളൂ. പാലിയേക്കരയിലെ അനിശ്ചിതകാല നിരാഹാരസമരവും ദേശീയപാതകളിലെ കോ൪പറേറ്റ്-സ൪ക്കാ൪ കടന്നുകയറ്റങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭവും വിജയിപ്പിക്കാനുള്ള ബാധ്യത ഓരോ കേരളീയൻേറതുമാണ്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
