റയലും ചെല്‍സിയും ക്വാര്‍ട്ടറില്‍
text_fieldsലണ്ടൻ/മഡ്രിഡ്: ആദ്യപാദത്തിലെ കനത്ത തിരിച്ചടിക്ക് സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ പ്രായശ്ചിത്തം ചെയ്ത ചെൽസി തക൪പ്പൻ ജയത്തോടെ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൻെറ ക്വാ൪ട്ട൪ ഫൈനലിലേക്ക് മുന്നേറി. മുൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡും ചെൽസിക്കൊപ്പം ആധികാരിക ജയവുമായി അവസാന എട്ടിൽ കടന്നു.
ഇറ്റാലിയൻ ടീമായ നാപ്പോളിയെ സ്റ്റാംഫോ൪ഡ് ബ്രിഡ്ജിൽ നടന്ന രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് കീഴടക്കിയാണ് ചെൽസി ലക്ഷ്യംകണ്ടത്. അതേ സ്കോറിന് റഷ്യൻ ക്ളബായ സി.എസ്.കെ.എ മോസ്കോയെ കീഴടക്കിയാണ് റയൽ മുന്നേറിയത്.
വീരോചിതം ചെൽസി
ആദ്യപാദത്തിൽ 3-1ന് തോറ്റ ചെൽസി സ്വന്തം കാണികളുടെ പിന്തുണയോടെ പൊരുതിക്കയറുകയായിരുന്നു. അധിക സമയത്തേക്കു നീണ്ട കളിയുടെ 105ാം മിനിറ്റിൽ ദിദിയ൪ ദ്രോഗ്ബ ഒന്നാന്തരമായി ഒരുക്കിക്കൊടുത്ത അവസരത്തിൽ മാ൪ക് ചെയ്യപ്പെടാതെ നിന്ന ബ്രാനിസ്ലാവ് ഇവാനോവിച്ച് വലയിലേക്ക് തക൪പ്പൻ ഷോട്ടുതി൪ത്തതോടെ ചെൽസി വിജയം പിടിച്ചെടുക്കുകയായിരുന്നു. മൊത്തം സ്കോ൪ 5-4നാണ് ചെൽസി എതിരാളികളെ മറികടന്നത്. കോച്ച് ആന്ദ്രേ വില്ലാസ് ബോയെസിനെ പുറത്താക്കിയശേഷം ഇടക്കാല കോച്ച് റോബ൪ട്ട് ഡി മാറ്റിയോയുടെ കീഴിലാണ് ചെൽസിയുടെ തിരിച്ചുവരവെന്നത് ശ്രദ്ധേയമായി. ചെൽസിയുടെ മുന്നേറ്റം ചാമ്പ്യൻസ് ലീഗിൽ ഇംഗ്ളീഷ് സാന്നിധ്യം അണയാതെ കാത്തു.
തുടക്കത്തിലെ ആവേശരഹിതമായ കരുനീക്കങ്ങൾക്കുശേഷം 28ാം മിനിറ്റിൽ ദ്രോഗ്ബയാണ് ചെൽസിയെ മുന്നിലെത്തിച്ചത്. ഇടതുവിങ്ങിൽനിന്ന് റാമിറെസ് ഉതി൪ത്ത ലക്ഷണമൊത്തൊരു ക്രോസിൽ ദ്രോഗ്ബയുടെ പ്ളേസിങ് ഹെഡ൪ വലയിലേക്ക് പാഞ്ഞുകയറി. ആധിപത്യം തുട൪ന്ന ആതിഥേയ൪ 47ാം മിനിറ്റിലാണ് ലീഡുയ൪ത്തിയത്. കോ൪ണ൪ കിക്കിൽ ഹെഡറുതി൪ത്ത് ക്യാപ്റ്റൻ ജോൺ ടെറിയായിരുന്നു സ്കോറ൪. ഏഴുമിനിറ്റിനുശേഷം ടെറി ഹെഡറിലൂടെ ക്ളിയ൪ ചെയ്ത പന്ത് നെഞ്ചിലെടുത്ത് ഹാഫ് വോളിയിലൂടെ വല കുലുക്കിയ ഗോഖ്ലാൻ ഇൻല൪ നാപ്പോളിക്ക് പ്രതീക്ഷ തിരിച്ചുനൽകി. 75ാം മിനിറ്റിൽ ആന്ദ്രീ ദൊസേന പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാൽറ്റികിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫ്രാങ്ക് ലാംപാ൪ഡ് സ്കോ൪ 3-1 ആക്കി മാറ്റി.
പിന്നീട് കാൽമണിക്കൂറിൽ ആരും വല കുലുക്കാതിരുന്നതിനാൽ മൊത്തം സ്കോ൪ 4-4ൽ കളി എക്സ്ട്രാടൈമിലേക്ക് നീളുകയായിരുന്നു.
റൊണാൾഡോക്ക് ഡബ്ൾ
ആദ്യപാദത്തിൽ റഷ്യയിൽ സി.എസ്.കെ.എക്കെതിരെ 1-1ന് സമനില വഴങ്ങിയ റയൽ മഡ്രിഡ് സാൻറിയാഗോ ബെ൪ണബ്യൂവിലെ രണ്ടാം പാദത്തിൽ എതിരാളികളെ വരച്ചവരയിൽ നി൪ത്തിയാണ് 4-1ന് ജയിച്ചുകയറിയത്. രണ്ടു ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മികവു കാട്ടിയ മത്സരത്തിലെ മിന്നും ജയത്തോടെ മൊത്തം സ്കോ൪ 5-2ൽ റയൽ ആധികാരികമായി മുന്നേറി.
26ാം മിനിറ്റിൽ ഗോൺസാലോ ഹിഗ്വെ്നിലൂടെയാണ് റയൽ ഗോൾവേട്ടക്ക് തുടക്കമിട്ടത്. മത്സരത്തിലുടനീളം നിറഞ്ഞുകളിച്ച കക്കായുടെ പാസിൽ ആറുവാര അകലെനിന്നാണ് ഹിഗ്വെ്ൻ നിറയൊഴിച്ചത്. 55ാം മിനിറ്റിൽ 30 വാര അകലെനിന്ന് റൊണാൾഡോ ഉതി൪ത്ത ഷോട്ട് സി.എസ്.കെ.എ ഗോളി സെ൪ജി ചെപ്ചുഗോവിൻെറ നേരെയായിരുന്നെങ്കിലും അവിശ്വസനീയമായി പന്ത് വഴുതി വലയിലേക്ക് നീങ്ങി. പകരക്കാരനായിറങ്ങിയ കരീം ബെൻസേമ 70ാം മിനിറ്റിൽ തൊടുത്ത ഷോട്ട് ഗോളി തടഞ്ഞെങ്കിലും റീബൗണ്ടിൽ ഫ്രഞ്ചുകാരന് പിഴച്ചില്ല. ഏഴു മിനിറ്റിനുശേഷം സൊറാൻ ടോസിച്ച് റയൽ ബോക്സിലേക്ക് കട്ടുചെയ്തു കയറി തൊടുത്ത ഷോട്ട് ക്രോസ്ബാറിൻെറ അടിയിലുരുമ്മി വലക്കുള്ളിലെത്തി. ഇഞ്ചുറി ടൈമിൻെറ നാലാം മിനിറ്റിൽ ബെൻസേമയുടെ പാസിൽനിന്നായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
