എയര്‍ ഇന്ത്യയുടെ പിഴവ്; കോഴിക്കോട്ട് ഇറങ്ങേണ്ട യാത്രക്കാരന്‍ കൊച്ചിയില്‍
text_fieldsനെടുമ്പാശേരി: കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തവരെല്ലാം അവിടെ ഇറങ്ങിയെന്ന് എയ൪ ഇന്ത്യ ഉറപ്പാക്കിയില്ല. തന്നിമിത്തം കോഴിക്കോടും കാലിക്കറ്റും തിരിച്ചറിയാത്ത ഒരു പാവം കൊച്ചിയിലിറങ്ങി വശംകെട്ടു.
വ്യാഴാഴ്ച രാവിലെ ജിദ്ദയിൽനിന്ന് കോഴിക്കോട് വഴി കൊച്ചിയിലേക്കുള്ള വിമാനത്തിൽ ഊട്ടി സ്വദേശി ഇമ്രാനാണ് (35) കുടുങ്ങിയത്. ജിദ്ദയിൽ ഒരു ഷോപ്പിൽ ജോലിക്കായി പോയ ഇയാൾക്ക് ശമ്പളം ലഭിച്ചിരുന്നില്ല. തുട൪ന്ന് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹത്തിന് സ്പോൺസ൪ കാലിക്കറ്റിലേക്ക് എയ൪ ഇന്ത്യയുടെ ടിക്കറ്റ് നൽകി.
വിമാനം കോഴിക്കോട്ടെത്തിയപ്പോൾ സഹയാത്രികനോട് ഇത് ഏത് സ്ഥലമാണെന്ന് തിരക്കി. കോഴിക്കോടെന്ന് മറുപടി കിട്ടിയപ്പോൾ കാലിക്കറ്റായില്ലല്ലോ എന്നോ൪ത്ത് വിമാനത്തിൽ തന്നെയിരുന്നു. വിമാനം കൊച്ചിയിലിറങ്ങിയപ്പോൾ കാലിക്കറ്റിൽ എപ്പോഴാണ് എത്തുകയെന്ന് ആരാഞ്ഞു.
അപ്പോഴാണ് കാലിക്കറ്റും കോഴിക്കോടും ഒന്നാണെന്ന് അറിയുന്നത്. തുട൪ന്ന് കൊച്ചിയിലിറങ്ങി. വിമാനത്താവളപരിസരത്ത് അലയുന്നതുകണ്ട് വിമാനത്താവള എയ്ഡ്പോസ്റ്റിലെ പൊലീസുകാ൪ വിവരം ആരാഞ്ഞു.
തുട൪ന്ന് ഇവ൪ എയ൪ ഇന്ത്യ അധികൃതരെ വിവരം ധരിപ്പിച്ചു. അപ്പോഴേക്കും കോഴിക്കോട് വിമാനത്താവളത്തിൽ കാത്തുനിന്ന ബന്ധുക്കൾ കൊച്ചിയിലേക്ക് റോഡുമാ൪ഗം വരുന്നുണ്ടെന്ന വിവരം ലഭിച്ചു. പിന്നീട് ഇവ൪ക്കൊപ്പം കോഴിക്കോട്ടേക്ക് പോയി. എയ൪ ഇന്ത്യയുടെ വീഴ്ചയാണ് യാത്രികനെ ഊരുചുറ്റിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
