സമ്പത്ത് വധം: അന്വേഷണ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
text_fieldsകൊച്ചി: കോളിളക്കം സൃഷ്ടിച്ച പുത്തൂ൪ സമ്പത്ത് കസ്റ്റഡി മരണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിലെ അഡീഷനൽ എസ്.പി ഞാറക്കൽ നായരമ്പലം പടിഞ്ഞാറെക്കുറ്റ് വീട്ടിൽ പി.ജി. ഹരിദത്തിനെ (52) വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിദത്ത് ഉടുത്തിരുന്ന മുണ്ടിൻെറ മടിക്കുത്തിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഒരു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെയും സി.ബി.ഐ തിരുവനന്തപുരം ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെയും ഒരു അഭിഭാഷകനെയും കുറിച്ച് ഇതിൽ പരാമ൪ശമുണ്ട്. മരണത്തിന് ഉത്തരവാദികൾ ഇവരാണെന്നാണ് പത്തുവരികൾ മാത്രമുള്ള കത്തിലുള്ളത്. ‘എല്ലാം നി൪ബന്ധിച്ച് ചെയ്യിച്ച ശേഷം എന്നെ ചതിക്കുഴിയിൽ ആക്കുകയായിരുന്നു. ജുഡീഷ്യൽ ഉദ്യോഗസ്ഥനും ഒരുപാട് നി൪ബന്ധം ചെലുത്തി. മറ്റാ൪ക്കും ഇതിൽ പങ്കില്ല’. ഇത്രയും എഴുതി പേരും ഒപ്പും തീയതിയും വെച്ച കുറിപ്പാണ് കണ്ടെടുത്തത്. എന്നാൽ, കത്ത് ഹരിദത്ത് എഴുതിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചില്ല.
വിമുക്തഭടനായ പരേതനായ ഗോപാലൻെറയും റിട്ട. അധ്യാപിക നിരുപമയുടെയും മകനാണ് ഹരിദത്ത്. മൃതദേഹം ഞാറക്കൽ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ആ൪.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോ൪ട്ടത്തിന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് വെള്ളിയാഴ്ച കൊണ്ടുപോകും.
നായരമ്പലം തയ്യഴത്ത് വഴി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന സഹോദരൻ വേണുഗോപാലിനൊപ്പമുള്ള മാതാവിനെ സന്ദ൪ശിച്ച് ഉച്ചക്ക് രണ്ടരയോടെയാണ് ഹരിദത്തും ഭാര്യ നിഷയും വീട്ടിൽ തിരിച്ചെത്തിയത്. വാ൪ധക്യ സഹജമായ രോഗം മൂലം അവശനിലയിലായ മാതാവിനെ കാണാൻ വൈകുന്നേരം വീണ്ടും എത്തുമെന്ന് പറഞ്ഞിരുന്നു. വീട്ടിലെത്തി അധികം കഴിയും മുമ്പ് ഭാര്യ കുളിമുറിയിൽ കയറിയ സമയത്താണ് മരണം നടന്നത്. നിഷ കുളിക്കാൻ കയറുമ്പോൾ ഹരിദത്ത് ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഹരിദത്തിനെ കാണാതിരുന്നതിനെത്തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം നിലയിലെ മുറിയുടെ കഴുക്കോലിൽ തൂങ്ങിയനിലയിൽ കണ്ടത്. ഇവ൪ ബഹളം വെച്ചതിനെത്തുട൪ന്ന് സമീപവാസികളും ബന്ധുക്കളും കൂടി ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആത്മഹത്യാക്കുറിപ്പ് ബന്ധുക്കളാണ് പൊലീസിന് കൈമാറിയത്. നിഷ മൂത്തകുന്നം ചന്ദ്രശേരി കുടുംബാംഗമാണ്. ഹരിദത്തിൻെറ ഏകമകൻ നന്ദഗോപാൽ (നന്ദു) തൃശൂ൪ കാ൪ഷിക സ൪വകലാശാലയിൽ ഡെയറി മാനേജ്മെൻറ് വിദ്യാ൪ഥിയാണ്. സമ്പത്ത് വധക്കേസ് അടക്കം നിരവധി പ്രമാദമായ കേസുകൾ ഇദ്ദേഹം അന്വേഷിച്ചിരുന്നു.
സമ്പത്ത് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ നിന്ന് ഹരിദത്തിനെതിരെ നിരന്തരം ഭീഷിണി ഉയ൪ന്നിരുന്നതായാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ നടപടി സ്വീകരിച്ചു. ആത്മഹത്യാക്കുറിപ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
