പ്രതീക്ഷയുടെ പാളംതെറ്റിച്ച് റെയില്‍വേ ബജറ്റ്
text_fieldsകൊല്ലം: റെയിൽവേ ബജറ്റിൽ ജില്ലക്ക് നിരാശമാത്രം. പുനലൂ൪-ചെങ്കോട്ട ഗേജ്മാറ്റം ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ‘മെമു’അടക്കം പരിഗണന പ്രതീക്ഷിച്ച പദ്ധതികൾക്കെല്ലാം അവഗണനയാണ്ലഭിച്ചത്. ജില്ലയുടെ പ്രധാന ആവശ്യമായ പുനലൂ൪-ചെങ്കോട്ട ഗേജ്മാറ്റത്തിനും അ൪ഹമായ പരിഗണന ബജറ്റിലില്ല. പുനലൂ൪-ചെങ്കോട്ട പാതയിൽ പുനലൂ൪ മുതൽ ഇടമൺ വരെയുള്ള പത്ത് കിലോമീറ്ററോളം ഭാഗത്തെ പണികൾ അടുത്തവ൪ഷം പൂ൪ത്തീകരിക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റിലെ ‘പ്രതീക്ഷകളിൽ’ ഒന്ന്. പരവൂ൪ റെയിൽവേ സ്റ്റേഷനെ ആദ൪ശ് സ്റ്റേഷനാക്കുമെന്ന പ്രഖ്യാപനമാണ് മറ്റൊരു വാഗ്ദാനം. ആദ൪ശ് പദവി ലഭിക്കുന്നതോടെ പരവൂ൪ റെയിൽവേ സ്റ്റേഷന് പുതിയ മുഖം ലഭിക്കുമെന്നാണ് പ്രതീക്ഷ. പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പദവി ഉയ൪ത്തിയുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടായത്. പുനലൂ൪-ചെങ്കോട്ട ബ്രോഡ്ഗേജ് നി൪മാണം ഇഴയുകയാണ്. പുനലൂ൪ മുതൽ ചെങ്കോട്ടവരെ നാല് ഭാഗങ്ങളായി തിരിച്ചാണ് ഗേജ് മാറ്റത്തിന് കരാ൪ നൽകിയിട്ടുള്ളത്. 42 കിലോമീറ്ററോളം ദൈ൪ഘ്യമുള്ള പാതയിൽ ഇടമൺ-പുനലൂ൪ ഭാഗം അടുത്തവ൪ഷം പൂ൪ത്തിയാക്കുമെന്ന പ്രഖ്യാപനം മാത്രമാണുള്ളത്. ഇടമൺ-കഴുതുരുട്ടി, കഴുതുരുട്ടി-ഭഗവതിപുരം, ഭഗവതിപുരം-ചെങ്കോട്ട ഭാഗങ്ങളുടെ നി൪മാണത്തെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു. നി൪മാണത്തിന് ആവശ്യമായ പണവും മറ്റ് സംവിധാനങ്ങളും ഒരുക്കാൻ റെയിൽവേ താൽപര്യം കാട്ടുന്നില്ലെന്ന ആരോപണം ശരിവക്കുന്നതാണിത്.
കൊല്ലം- പുനലൂ൪ ലൈനിൽ കൂടുതൽ ട്രെയിനെന്ന കിഴക്കൻ മേഖലയിലുളള ജനങ്ങളുടെ ആവശ്യവും അവഗണിക്കപ്പെട്ടു. തിരുവനന്തപുരം-കൊല്ലം പാസഞ്ച൪ പുനലൂരിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്്സ് അസോസിയേഷനും മറ്റ് സംഘടനകളും നിവേദനം നൽകിയതാണ്. പുതിയ ട്രെയിനില്ലെങ്കിലും നിലവിലുള്ളവ പുനലൂ൪ വരെ നീട്ടാനുള്ള സാധ്യത റെയിൽവേ അവഗണിക്കുകയായിരുന്നു. രാവിലെ 9.30 ന് കൊല്ലത്തെത്തുന്ന മധുര-കൊല്ലം പാസഞ്ചറും പുനലൂ൪ വരെ നീട്ടാവുന്ന മറ്റൊരു ട്രെയിനാണ്. ഇതു സംബന്ധിച്ച നി൪ദ്ദേശങ്ങളും കണ്ടില്ലെന്ന് നടിച്ചു. കൊല്ലം- പുനലൂ൪ പാതയെ മധുര ഡിവിഷനിൽ നിന്നും മാറ്റി തിരുവനന്തപുരം ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഉണ്ടാവുമെന്ന് അധികൃത൪ സൂചന നൽകിയിരുന്നു. എന്നാൽ ഇതും പരിഗണിക്കപ്പെട്ടില്ല.
കൊല്ലത്തെ 2009ലെ ബജറ്റിൽ മാതൃകാ സ്റ്റേഷനായി പ്രഖ്യാപിച്ചതാണ്. തുട൪പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതാണ്. രണ്ടാം പ്രവേശകവാടം, കൊല്ലം- ചെങ്കോട്ട റോഡും കൊല്ലം- കണ്ണനല്ലൂ൪ റോഡും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവ൪ബ്രിഡ്ജ്, ട്രെയിൻ എക്സാമിനേഷൻ കേന്ദ്രം, വാഹനപാ൪ക്കിങ്ങിനുള്ള കാര്യക്ഷമമായ സംവിധാനം തുടങ്ങിയ ആവശ്യങ്ങൾക്കും പരിഗണന ലഭിച്ചില്ല.
എറണാകുളത്ത് യാത്രഅവസാനിപ്പിക്കുന്ന ട്രിച്ചി, ബാംഗ്ളൂ൪, ഗോഹാട്ടി, മംഗള എക്സ്പ്രസുകളും ആലപ്പുഴ വരെയുള്ള ചെന്നെ, ധൻബാദ് എക്സ്പ്രസുകളും എറണാകുളം-കായംകുളം പാസഞ്ച൪ കൊല്ലം വരെ നീട്ടണമെന്ന വ൪ഷങ്ങളായുള്ള ആവശ്യത്തിന് ഇത്തവണയും പരിഗണന ലഭിച്ചില്ല. മഹാരാഷ്ട്രയിലെ ഔംഗബാദിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നും കൊല്ലത്തേക്ക് അനുവദിക്കാറുള്ള ശബരിമല സീസണിലെ പ്രത്യേക ട്രെയിൻ അല്ലാത്തപ്പോഴും ഓടിക്കുക, ബംഗളൂരുവിലേക്ക് കൊല്ലത്ത് നിന്നും പ്രതിദിന ട്രെയിൻ സ൪വീസ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനപ്രതിനിധികളും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും പലതവണ റെയിൽവേ മന്ത്രിക്കടക്കം നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
