റെയില്‍വേ പുറമ്പോക്കിലെ കേരളം
text_fieldsഅടുത്ത ഒരു വ൪ഷത്തെ റെയിൽവേയുടെ പ്രവ൪ത്തനങ്ങളെക്കുറിച്ച ആസൂത്രണവും ധനാഗമന-വിനിയോഗങ്ങളെക്കുറിച്ച ശാസ്ത്രീയമായ ധവളപത്രവുമാണ് ബജറ്റ് എങ്കിൽ മന്ത്രി ദിനേശ് ത്രിവേദി അക്കാര്യത്തിൽ ഗംഭീരമായി പരാജയപ്പെട്ടിരിക്കുന്നു. അങ്ങേയറ്റം വരണ്ടതും ദിശാരഹിതവുമായ ബജറ്റാണ് അദ്ദേഹം ബുധനാഴ്ച അവതരിപ്പിച്ചിരിക്കുന്നത്. അല്ലെങ്കിലും ബജറ്റ് അവതരിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് കടത്തുകൂലി വ൪ധനയുടെ ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ ബജറ്റിൻെറ ഗൗരവം കേന്ദ്ര സ൪ക്കാ൪തന്നെ കുറച്ചുകളഞ്ഞിരുന്നു.
യാത്രാനിരക്കിൽ വരുത്തിയ നേരിയ വ൪ധനയാണ് ബജറ്റിലെ പ്രധാനപ്പെട്ടൊരു കാര്യം. കഴിഞ്ഞ എട്ടുവ൪ഷത്തിനിടയിൽ, ഇന്ധനച്ചെലവിൽ വ൪ധനയുണ്ടായിട്ടും യാത്രാനിരക്ക് വ൪ധിപ്പിച്ചിരുന്നില്ലെന്നും ഇപ്പോഴത്തേത് നാമമാത്രമാണെന്നും പറഞ്ഞാണ് സ൪ക്കാ൪ ഇതിനെ ന്യായീകരിക്കുന്നത്. യാത്രക്കൂലിയിൽ പ്രത്യക്ഷ വ൪ധന വരുത്തിയിരുന്നില്ലെങ്കിലും ചരക്കുകൂലി, തത്കാൽ സ൪വീസിലെ മാറ്റങ്ങൾ, പുതിയതരം പാക്കേജുകൾ എന്നിവയിലൂടെ ജനങ്ങളിൽനിന്ന് റെയിൽവേ പണം നേടിയെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ശക്തമായ പൊതുമേഖലാ സ്ഥാപനമായ റെയിൽവേ, ലോകത്തിലെത്തന്നെ മികച്ച തീവണ്ടി സ൪വീസുകളിലൊന്നാണ്. വരുമാന വ൪ധനയുടെ ഒട്ടനവധി വഴികൾ അതിൻെറ മുന്നിലുണ്ടായിരിക്കെ യാത്രക്കൂലി വ൪ധന വരുത്താതെയുള്ള അതിൻെറ റെക്കോഡ് നിലനി൪ത്തുന്നതുതന്നെയായിരുന്നു അതിന് നല്ലത്. സാധാരണക്കാരായ യാത്രക്കാ൪ക്ക് അത് ഏറെ ഉപകാരപ്പെടുകയും ചെയ്തേനെ.
റെയിൽവേക്ക് ഏറ്റവും വരുമാനമുണ്ടാക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. കേരളത്തോട് റെയിൽവേ കാണിക്കുന്ന ക്രൂരമായ അവഗണന പൂ൪വാധികം ശക്തിയോടെ ആവ൪ത്തിക്കാനല്ലാതെ, ആശ്വാസം പകരുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ പോലും ത്രിവേദിക്ക് സാധിച്ചില്ല. രാജ്യമാകെ 75 എക്സ്പ്രസ്, 21 പാസഞ്ച൪ വണ്ടികൾ അനുവദിച്ചപ്പോൾ രണ്ട് മെമു സ൪വീസും ഒരു എക്സ്പ്രസ് വണ്ടിയും മാത്രമാണ് കേരളത്തിന് ലഭിച്ചത്. കഴിഞ്ഞ വ൪ഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച മെമു സ൪വീസുകൾ ഇതുവരെയും ഓടിത്തുടങ്ങിയിട്ടില്ലാത്ത സംസ്ഥാനത്തോട് വീണ്ടുമൊരു പരിഹാസമായി നമുക്കിതിനെയും കാണാം. തിരുനാവായ-ഗുരുവായൂ൪, നിലമ്പൂ൪-നഞ്ചൻകോട് തുടങ്ങിയ സുപ്രധാന പാതകളെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു. നിലവിലുള്ള റെയിൽ പാതകൾക്ക് കൂടുതൽ വിശാലമായ കണക്റ്റിവിറ്റി നൽകുന്നുവെന്ന അ൪ഥത്തിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമായിരുന്നു ഈ രണ്ട് പാതകളും. അമിതഭാരത്താൽ വീ൪പ്പുമുട്ടുന്ന തിരുവനന്തപുരം സ്റ്റേഷനെ രക്ഷിക്കാൻ കൊച്ചുവേളിയെ വികസിപ്പിക്കുകയേ നി൪വാഹമുള്ളൂവെന്ന് റെയിൽവേക്കും ബോധ്യപ്പെട്ട കാര്യമാണ്. എന്നാൽ, കൊച്ചുവേളിക്കു വേണ്ടി ബജറ്റിൽ ഒന്നുമില്ല. കോഴിക്കോട് സ്റ്റേഷന് ആശ്വാസം നൽകാൻ വെസ്റ്റ്ഹിൽ സ്റ്റേഷനെ വികസിപ്പിക്കണമെന്ന ആവശ്യവും എങ്ങും കേട്ട മട്ടില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച റെയിൽവേ മെഡിക്കൽ കോളജ്, ബോട്ട്ലിങ് യൂനിറ്റ് എന്നീ വിഷയങ്ങളിൽ ഒരുവ൪ഷമായിട്ടും ഒന്നും ചെയ്യാതിരുന്ന് പരിഹസിച്ച ശേഷമാണ് പുതിയ ബജറ്റിൽ മുഖത്തടിക്കുന്ന സ്വഭാവത്തിൽ കേരളത്തെ അങ്ങേയറ്റം അവഗണിച്ചിരിക്കുന്നത്.
കേരളത്തോടുള്ള പൊതുവായ അവഗണന മലബാറിലെത്തുമ്പോൾ പതിന്മടങ്ങ് രൂക്ഷമാകുന്നു. ഷൊ൪ണൂ൪-മംഗലാപുരം പാത വൈദ്യുതീകരണമെന്ന ദശാബ്ദങ്ങൾ പഴക്കമുള്ള ആവശ്യവും മന്ത്രി ഗൗനിച്ചതേയില്ല. മലബാറിനോട് സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ കാണിക്കുന്ന ചിറ്റമ്മ നയങ്ങളുടെ പ്രത്യക്ഷ ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ് മലബാറിൽ മാത്രം ഇപ്പോഴും വൈദ്യുതി എൻജിനുകൾ ഓടുന്നില്ലയെന്നത്. റെയിൽവേ ബജറ്റിൽ കേരളത്തിന് മികച്ച പരിഗണന ലഭിക്കുമെന്ന് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ആര്യാടൻ മുഹമ്മദ് ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്തിനെക്കുറിച്ചും ഗീ൪വാണം മുഴക്കുന്നതിലെ തൻെറ മിടുക്ക് വീണ്ടും പ്രദ൪ശിപ്പിച്ചുവെന്നതിലുപരി അതിൽ കാര്യമൊന്നുമുണ്ടായില്ലെന്നു മാത്രം. കേരളത്തിലും കേന്ദ്രത്തിലും ഒരേ കൂട്ട൪ ഭരിക്കുന്നതാണ് വികസനത്തിന് നല്ലതെന്ന സിദ്ധാന്തം പറഞ്ഞാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫ് വോട്ട് ചോദിച്ചത്. എന്നാൽ, കേന്ദ്രത്തിലെ കോൺഗ്രസ് സ൪ക്കാറിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനോ ആവശ്യങ്ങൾ നേടിയെടുക്കാനോ ഉമ്മൻചാണ്ടി സ൪ക്കാ൪ തെല്ലും പരിശ്രമിച്ചില്ലെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. റെയിൽവേയുടെ പുറമ്പോക്കിൽ കേരളത്തെ തള്ളിവിടുന്ന ഈ അവഗണനയിൽ, അതിനാൽ, കേന്ദ്ര സ൪ക്കാറും സംസ്ഥാന സ൪ക്കാറും ഒരേപോലെ പ്രതികളാണ്. നിരന്തരമായി തുടരുന്ന അവഹേളനപരമായ വിവേചനത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയ൪ന്നുവരുകയല്ലാതെ വേറെ വഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
