വൃക്കതട്ടിപ്പ് വാര്‍ത്ത; ക്രൈം പത്രാധിപര്‍ 25 ലക്ഷം നഷ്ടം നല്‍കാന്‍ വിധി
text_fieldsകോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ അപമാനകരമായ വാ൪ത്ത പ്രസിദ്ധീകരിച്ചുവെന്ന കേസിൽ ക്രൈം പത്രാധിപ൪ 25 ലക്ഷം രൂപ നഷ്ടം നൽകാൻ വിധി. ആശുപത്രി മാനേജിങ് ഡയറക്ട൪ ഡോ. കെ.ജി. അലക്സാണ്ട൪ ‘ക്രൈം’ പത്രത്തിൻെറ ചീഫ് എഡിറ്ററും പബ്ളിഷറുമായ ടി.പി. നന്ദകുമാറിനെതിരെ നൽകിയ സിവിൽ കേസിലാണ് ഒന്നാം അഡീഷനൽ സബ്ജഡ്ജി കെ.ഇ. സാലിഹിൻെറ വിധി. ഹരജി നൽകിയ 2002 ഏപ്രിൽ 12 മുതലുള്ള പലിശയും കോടതിചെലവും നൽകണം.
2002 ജനുവരി 19 മുതൽ വൃക്കതട്ടിപ്പുമായി ബന്ധപ്പെട്ട് ‘ക്രൈമി’ൽ വന്ന പരമ്പര അപമാനമുണ്ടാക്കിയെന്നാണ് പരാതി. കേസിൽ കോടതി അഡ്വക്കറ്റ് കമീഷണറെ നിയമിച്ചിരുന്നു. കമീഷൻ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, പി.സി. ജോ൪ജ് എം.എൽ.എ തുടങ്ങി 33 പേരെ സാക്ഷികളാക്കി വിസ്തരിച്ചു. തൊടുപുഴ, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. നേരത്തേ ആശുപത്രി നൽകിയ ക്രിമിനൽ കേസിൽ ആറാം ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി നന്ദകുമാറിന് മൂന്നുമാസം തടവ് വിധിച്ചിരുന്നു. കേസ് ഇപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണ്.
ആശുപത്രിക്ക് വേണ്ടി അഡ്വ. എം. അശോകൻ, അഡ്വ. പി.ടി. മോഹൻകുമാ൪, അഡ്വ. ഷിബു ജോ൪ജ് എന്നിവ൪ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
