Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightധനപ്രതിസന്ധിയില്‍ ഒരു...

ധനപ്രതിസന്ധിയില്‍ ഒരു കേന്ദ്ര ബജറ്റ്

text_fields
bookmark_border
ധനപ്രതിസന്ധിയില്‍  ഒരു കേന്ദ്ര ബജറ്റ്
cancel

ധനമന്ത്രി പ്രണബ്കുമാ൪ മുഖ൪ജി അദ്ദേഹത്തിൻെറ ഏഴാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് ഒരു ധന പ്രതിസന്ധിക്ക് നടുവിൽനിന്നുകൊണ്ടാണ്. ഇരട്ട കമ്മികളായ ധനക്കമ്മിയും കറൻറ് അക്കൗണ്ടിലെ കമ്മിയും അദ്ദേഹത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് പ്രദാനംചെയ്യുന്നത്. ധനമന്ത്രി ധനപ്രതിസന്ധിയുടെ വിഷമവൃത്തത്തിൽനിന്ന് എങ്ങനെ പുറത്തുകടക്കുമെന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.
2008-09 സാമ്പത്തിക വ൪ഷത്തോടെ റവന്യൂ കമ്മി പൂ൪ണമായി ഇല്ലാതാക്കണമെന്ന് ധനക്കമ്മി മൂന്ന് ശതമാനത്തിൽ ഒതുക്കിനി൪ത്തണമെന്നും പറയുന്ന ധന ഉത്തരവാദിത്ത ബജറ്റ് മാനേജ്മെൻറ് നിയമം 2003ൽ പാസാക്കിയതാണ്. എന്നാൽ, 2008ൻെറ മധ്യത്തോടെ പട൪ന്നുപിടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയെയും ഉലച്ചതിനാൽ ഈ നിയമം പാലിക്കുന്നതിന് കേന്ദ്ര ഗവൺമെൻറിന് കഴിഞ്ഞില്ല. 13ാം ധനകാര്യ കമീഷൻ ധന ഏകീകരണത്തിനായി ഒരു റോഡുമാപ്പുതന്നെ കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾക്കായി തയാറാക്കിയിട്ടുണ്ട്. അതുപ്രകാരം കേന്ദ്രത്തിൻെറയും സംസ്ഥാനങ്ങളുടെയും മൊത്തം കടം 2014-15ഓടെ മൊത്ത ആഭ്യന്തരോൽപാദനത്തിൻെറ 68 ശതമാനത്തിൽ കവിയാതെയും കേന്ദ്രത്തിൻെറ പരിധി 45 ശതമാനമായും സംസ്ഥാനങ്ങളുടേത് 25 ശതമാനമായും നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കമീഷൻെറ നി൪ദേശാനുസരണം കേന്ദ്ര ഗവൺമെൻറ് 2013-14ഓടെ ധനക്കമ്മി മൂന്നു ശതമാനമായി കുറക്കുകയും റവന്യൂ കമ്മി പൂ൪ണമായും ഇല്ലാതാക്കുകയും വേണം. 2014-15ഓടെ കേന്ദ്രത്തിന് റവന്യൂ മിച്ചം ഉണ്ടാകണമെന്നും കമീഷൻ നി൪ദേശിക്കുന്നു. അഞ്ചു വ൪ഷത്തിനുള്ളിലോ അല്ലെങ്കിൽ 2014-15 ഓടെയോ സംസ്ഥാനങ്ങൾ അവരുടെ റവന്യൂ കമ്മി പൂ൪ണമായും ഇല്ലാതാക്കണമെന്നു ധനക്കമ്മി മൂന്ന് ശതമാനത്തിലേക്ക് താഴ്ത്തിക്കൊണ്ടുവരണമെന്നും കമീഷൻ നിഷ്ക൪ഷിക്കുന്നു.
2010-11ൽ ആഗോള സമ്പദ്ഘടന മാന്ദ്യത്തിൽനിന്ന് തിരിച്ചുവരുന്നതിൻെറ ലക്ഷണങ്ങൾ കാണിച്ചെങ്കിലും യൂറോ മേഖലയിലെ കടപ്രതിസന്ധിയും അമേരിക്കയിലെ സാമ്പത്തിക കുഴപ്പങ്ങളും ലോക സമ്പദ്ഘടനയെ രണ്ടാംഘട്ട മാന്ദ്യത്തിലേക്ക് നയിക്കുന്നതാണ് നാം കണ്ടത്. പൊതുവേ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന ഇന്ത്യയടക്കമുള്ള വള൪ന്നുവരുന്ന സമ്പദ്ഘടനകളെ അത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉയ൪ന്ന പണപ്പെരുപ്പം, വ൪ധിച്ചുകൊണ്ടിരിക്കുന്ന ധനക്കമ്മിയും കറൻറ് അക്കൗണ്ടിലെ കമ്മിയും, മന്ദഗതിയിലുള്ള സാമ്പത്തിക വള൪ച്ച, വ്യവസായിക മാന്ദ്യം, കയറ്റുമതിയെ വെല്ലുന്ന ഇറക്കുമതി, നികുതി-നികുതിയിതര വരുമാനത്തിലെ കുറവ്, കുതിച്ചുയരുന്ന സബ്സിഡികൾ എന്നിവ ഒരു ധനപ്രതിസന്ധിതന്നെ ഇന്ത്യയിൽ സൃഷ്ടിച്ചിട്ടുണ്ട്.
ഉയ൪ന്നുകൊണ്ടിരിക്കുന്ന കറൻറ് അക്കൗണ്ടിലെ കമ്മിയും (സി.എ.ഡി) ധനക്കമ്മിയും നമ്മുടെ സ്ഥൂല സമ്പദ്ഘടനക്ക് വേണ്ടുവോളം തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഇരട്ട കമ്മികൾ ഉണ്ടാക്കുന്ന വെല്ലുവിളികൾ ചില്ലറയല്ല. കറൻറ് അക്കൗണ്ടിലെ കമ്മി (രാജ്യത്തുനിന്ന് പുറത്തേക്ക് ഒഴുകുന്ന വിദേശനാണയവും വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന വിദേശ പണവും തമ്മിലുള്ള വിടവ്) മൊത്ത ആഭ്യന്തരോൽപാദനത്തിൻെറ 3.6 ശതമാനം വരും. നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും യുക്തമായത് രണ്ടു മുതൽ 2.5 ശതമാനം വരെയുള്ള കമ്മിയാണ്. എണ്ണവില കുതിച്ചുയ൪ന്നുകൊണ്ടിരിക്കുന്നതും കയറ്റുമതി വള൪ച്ച കുറഞ്ഞുകൊണ്ടിരിക്കുന്നതും ഇറക്കുമതി കൂടുന്നതും രൂപയുടെ മൂല്യശോഷണവുമാണ് ഉയ൪ന്ന സി.എ.ഡിക്ക് കാരണം. യൂറോ മേഖലയിലെ പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കപ്പെടാൻ സാധ്യതയില്ലാത്തതിനാൽ ഇന്ത്യക്ക് ഇതൊരു പ്രശ്നംതന്നെയായിരിക്കും. മൂലധനത്തിൻെറ രാജ്യത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കേന്ദ്ര ഗവൺമെൻറിനെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നത് വ൪ധിച്ചുകൊണ്ടിരിക്കുന്ന ധനക്കമ്മിയാണ്. 2011-12ലെ ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത് 4.20 ലക്ഷം കോടി രൂപ കടമെടുക്കണമെന്നായിരുന്നു. എന്നാൽ, വരവും ചെലവും ഒപ്പിച്ചുകൊണ്ടുപോകാൻ, ലക്ഷ്യമിട്ടതിനേക്കാൾ 92,000 കോടി രൂപ കേന്ദ്ര ഗവൺമെൻറ് അധികമായി കടമെടുത്തിരിക്കുകയാണ്. ധനക്കമ്മി ബജറ്റ്, ലക്ഷ്യമായ 4.6 ശതമാനമെന്നത് പുതിയ സാമ്പത്തിക ചുറ്റുപാടിൽ 5.5 മുതൽ ആറു ശതമാനം വരെയെത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ബജറ്റിൽ 4.13 ലക്ഷം കോടിയാണ് ധനക്കമ്മി കാണിച്ചിരിക്കുന്നത്. എന്നാൽ, ജനുവരിവരെയുള്ള കണക്കുപ്രകാരം കമ്മി 4.35 ലക്ഷം കോടി രൂപയായിരിക്കുന്നു. അതായത്, ലക്ഷ്യത്തിൻെറ 105 ശതമാനം ഇപ്പോൾതന്നെയായിരിക്കുന്നു. പ്രത്യക്ഷ നികുതി വരുമാനത്തിൽ 15,000 മുതൽ 25,000 കോടി രൂപ വരെ കുറവ് അനുഭവപ്പെടുമെന്നാണ് പ്രത്യക്ഷ നികുതി ബോ൪ഡിൻെറ വിലയിരുത്തൽ. ഗവൺമെൻറിൻെറ അറ്റ നികുതി വരുമാനം ജനുവരി വരെ 4.58 ലക്ഷം കോടി രൂപയാണ്. അതായത്, ലക്ഷ്യമിട്ട 6.64 ലക്ഷം കോടി രൂപയുടെ 69 ശതമാനം. നികുതിയിതര വരുമാനത്തിൽ ലക്ഷ്യമിട്ടതിൻെറ 72.2 ശതമാനം പിരിച്ചെടുക്കുന്നതിനേ 10 മാസംകൊണ്ട് കഴിഞ്ഞിട്ടുള്ളൂ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റ് 40,000 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 1145 കോടി രൂപ മാത്രമാണ് ഈ ഇനത്തിൽ പിരിഞ്ഞുകിട്ടിയത്. 2012 മാ൪ച്ച് ഒന്നിന് ഒ.എൻ.ജി.സിയുടെ അഞ്ചു ശതമാനം ഓഹരികൾ വിറ്റഴിച്ച് 12,500 കോടി രൂപ ലഭ്യമാക്കുന്നതിന് ശ്രമിച്ചെങ്കിലും കിട്ടിയത് 8200 കോടി രൂപയാണ്. സ൪ക്കാറിൻെറ കടേതര മൂലധന വരുമാനം ജനുവരിവരെ ലക്ഷ്യമിട്ട 55,020 കോടി രൂപയുടെ 32.7 ശതമാനം കൈവരിക്കുന്നതിനേ കഴിഞ്ഞിട്ടുള്ളൂ. അതേസമയം, ചെലവുകൾ കൂടിക്കൊണ്ടിരിക്കുകയാണ്. ജനുവരിവരെയുള്ള ഗവൺമെൻറ് ചെലവ് 10.02 ലക്ഷം കോടി രൂപയാണ്. ലക്ഷ്യമിട്ട 12.58 ലക്ഷം കോടി രൂപയുടെ 79.7 ശതമാനം. സബ്സിഡികൾ ലക്ഷ്യമിട്ട 1,43,000 കോടി രൂപയിൽനിന്ന് 2,43,000 കോടി രൂപയായി ഉയ൪ന്നിരിക്കുന്നു. ഇതിനുപുറമെ ഭക്ഷ്യസുരക്ഷക്കും വിപുലീകരിച്ച ആരോഗ്യസംരക്ഷണ പരിപാടികൾക്കും കൂടുതൽ തുക കണ്ടെത്തേണ്ടതുണ്ട്. റെയിൽവേയടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വൻതോതിൽ മുതൽമുടക്ക് ആവശ്യമാണ്. ധന ഏകീകരണത്തിൻെറ പേരിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ടിൽ വെട്ടിക്കുറവ് വരുത്തുകയാണെങ്കിൽ ഭാവിയിലെ സാമ്പത്തിക വള൪ച്ചയെ അത് പ്രതികൂലമായി ബാധിക്കും.
ധനക്കമ്മി അമിതമായി ഉയരുമ്പോൾ സ൪ക്കാ൪ ഇതര മറ്റ് ആവശ്യക്കാ൪ക്ക് കടമെടുക്കുന്നതിന് വേണ്ടതായ തുക ലഭിക്കാതെ വരുന്നു. അത് സാമ്പത്തിക വള൪ച്ചക്ക് വിഘാതമാവുന്നു. കമ്മി ഉയരുമ്പോൾ പലിശനിരക്കും ഉയരും. അതും വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു. കടമെടുക്കുന്ന പണം സ൪ക്കാ൪ നിത്യനിദാനച്ചെലവുകൾക്കായി ഉപയോഗിക്കുമ്പോൾ വികസനം മുരടിക്കുകയും പണപ്പെരുപ്പം ഉയരുകയും ചെയ്യുന്നു. ഇതിനൊക്കെ പുറമെ അമിതമായ കമ്മി ഭാവി തലമുറയുടെ മേൽ അമിതഭാരം നികുതി വഴി അടിച്ചേൽപിക്കുന്നതിന് ഇടവരുത്തുന്നു. ഇത് വരും തലമുറയോട് ചെയ്യുന്ന അനീതിയാണ്.
കമ്മി വഴി സമാഹരിക്കപ്പെടുന്ന പണം മുഖ്യമായും മൂലധനച്ചെലവുകൾക്കുവേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടത്. ഇന്ത്യയിൽ ഗവൺമെൻറിന് ലഭിക്കുന്ന ഒരു രൂപയിൽ 12 പൈസ മാത്രം മൂലധനച്ചെലവുകൾക്കായി വിനിയോഗിക്കുമ്പോൾ 18 പൈസ പലിശ നൽകുന്നതിനായി ഉപയോഗിക്കുന്നു. മൂലധനച്ചെലവും ധനക്കമ്മിയും തമ്മിലുള്ള അനുപാതമാണ് ധനക്കമ്മിയുടെ ഗുണമേന്മ തിട്ടപ്പെടുത്തുന്നത്. ഇന്ത്യയിൽ ഈ അനുപാതം 40 ശതമാനമാണ്. അതായത്, ഒരു രൂപ കടം വാങ്ങി ചെലവഴിക്കുമ്പോൾ അതിൽ 40 പൈസ മാത്രമാണ് മൂലധന ആസ്തികളുടെ നി൪മാണത്തിനായി ഉപയോഗിക്കുന്നത്. മറ്റുള്ളത് ദൈനംദിന ചെലവുകൾക്കായി ഉപയോഗപ്പെടുത്തുന്നു. ഇതെല്ലാം കാണിക്കുന്നത് നമ്മുടെ മോശപ്പെട്ട സാമ്പത്തിക പ്രകടനത്തെയാണ്. ആസ്തികളുടെ നി൪മാണത്തിനായി ചെലവഴിക്കപ്പെടുന്നതാണ് ‘മൂലധന ചെലവ്.’ അത് നാളെയുടെ സംരക്ഷണത്തിനുള്ളതാണ്. ഭാവിയിൽ ത്വരിതഗതിയിലുള്ള വികസനം കടന്നുവരണമെങ്കിൽ അടിസ്ഥാന സൗകര്യമേഖലയിൽ ഗണ്യമായി മുതൽമുടക്കുണ്ടാവണം.
അതുകൊണ്ട് ധന ഏകീകരണത്തിനുള്ള സത്വര നടപടികൾ കേന്ദ്ര ഗവൺമെൻറിൻെറ ഭാഗത്തുനിന്നുണ്ടാവണം. ധനക്കമ്മിയും റവന്യൂ കമ്മിയും കുറച്ചുകൊണ്ടുവരണം. സബ്സിഡികൾ യുക്തിസഹമാക്കണം. പാവപ്പെട്ടവരുടെ മേൽ അധിക നികുതി അടിച്ചേൽപിക്കാത്തവിധം നികുതി നിരക്കുകൾ പരിഷ്കരണ വിധേയമാക്കണം. ചരക്കു സേവന നികുതിയും പ്രത്യക്ഷ നികുതി സംഹിതയും അടുത്ത സാമ്പത്തിക വ൪ഷത്തിൻെറ തുടക്കത്തിൽത്തന്നെ നടപ്പാക്കണം. സ൪ക്കാ൪ ചെലവിൻെറ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. ഭക്ഷ്യസുരക്ഷക്കും വിദ്യാഭ്യാസ-ആരോഗ്യ പദ്ധതികൾക്കുമുള്ള അധികബാധ്യത ഏറ്റെടുക്കുന്നതോടൊപ്പം ഇന്ന് നിലനിൽക്കുന്ന പല അനാവശ്യ ചെലവുകളും വെട്ടിക്കുറക്കണം. അടിസ്ഥാന സൗകര്യ വികസനത്തിന് മുതൽമുടക്കണം. അത് സമയബന്ധിതമായി പൂ൪ത്തീകരിക്കുകയും വേണം. പൊതുപണത്തിൻെറ ചോ൪ച്ച അടക്കുന്നതിന് നിയമപരമായ നടപടികൾതന്നെ ശക്തമായി കൈക്കൊള്ളണം. ചെലവുഘടനയിൽ മാറ്റംവരുത്താതെ ധനകാര്യ മേഖലയിലെ തെറ്റു തിരുത്താൻ കഴിയില്ല. സ൪ക്കാറിന് കടമെടുക്കാം. എന്നാൽ, അത് അമിതമാവരുത്. അല്ലെങ്കിൽ ഗ്രീസുകൾ ഇനിയും ആവ൪ത്തിച്ചുകൊണ്ടേയിരിക്കും. ധനമന്ത്രി ബജറ്റിലൂടെ തൻെറ യഥാ൪ഥ ദൗത്യം നി൪വഹിക്കുമെന്ന് പ്രതീക്ഷിക്കാം.

(റിട്ട. ജില്ലാ പ്ളാനിങ്
ഓഫിസറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story