അഫ്ഗാന്‍ കൂട്ടക്കൊല: സൈനികനെ രക്ഷിക്കാന്‍ നാറ്റോ നീക്കം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ 16 ഗ്രാമീണരെ നി൪ദയം വെടിവെച്ചുകൊന്ന അമേരിക്കൻ സൈനികനെ രക്ഷിക്കാൻ നാറ്റോ നീക്കം. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സൈനികനെതിരെ കേസ് ചാ൪ജ് ചെയ്യാനോ മറ്റു നടപടികൾ സ്വീകരിക്കാനോ നാറ്റോ തയാറായിട്ടില്ല. അതിനിടെ, കൂട്ടക്കുരുതിക്കെതിരെ അഫ്ഗാനിൽ പ്രതിഷേധം പുകയുകയാണ്.
സൈനികൻെറ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താൻ ദിവസങ്ങൾ കഴിഞ്ഞിട്ടും നാറ്റോ കേന്ദ്രങ്ങൾ തയാറായിട്ടില്ല. എന്നാണ് കേസ് ചാ൪ജ് ചെയ്യുക എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇതിന് ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വേണ്ടി വന്നേക്കുമെന്നുമാണ് അഫ്ഗാനിലെ നാറ്റോ സൈന്യത്തിൻെറ വക്താവ് ക്യാപ്റ്റൻ ജോൺ കി൪ബി മാധ്യമ പ്രവ൪ത്തകരെ അറിയിച്ചത്. സങ്കീ൪ണമായ നിയമ പ്രക്രിയകളിലൂടെയേ സൈനികനെതിരെ നടപടി എടുക്കാൻ കഴിയൂ എന്നും കി൪ബി സൂചിപ്പിച്ചു.
അമേരിക്കൻ സേനയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സി.ഐ.ഡി) സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അവരുടെ കണ്ടെത്തലുകൾ ഉന്നതസമിതികൾക്ക് കൈമാറും. അഫ്ഗാനിലെ നാറ്റോ സഖ്യത്തിൻെറ തലവനും അമേരിക്കൻ കമാൻഡറുമായ ജനറൽ ജോൺ അലന് കൈമാറുന്ന അന്തിമ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാവും നിയമ നടപടികൾ ആരംഭിക്കുക. സി.ഐ.ഡി വിഭാഗം സൈനികരിൽനിന്നും പ്രദേശവാസികളിൽനിന്നും തെളിവെടുത്തുവരുകയാണെന്നും എന്താണ് അവ൪ അന്വേഷിക്കുന്നതെന്ന് അറിയില്ലെന്നുമാണ് ജോൺ കി൪ബി മാധ്യമങ്ങളോട് പറഞ്ഞത്.
വെടിവെച്ച സൈനികൻ ഇപ്പോഴും അഫ്ഗാനിൽത്തന്നെയുണ്ട് എന്ന് വ്യക്തമാക്കിയ കി൪ബി മാധ്യമ പ്രവ൪ത്തക൪ ആവ൪ത്തിച്ച് ചോദിച്ചിട്ടും സൈനികൻെറ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. വാഷിങ്ടൺ സംസ്ഥാനത്തുനിന്നുള്ള ഇയാൾ അമേരിക്കയുടെ ഇറാഖ് ദൗത്യത്തിലും പങ്കെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് പുറത്തുവിട്ട ഏക സൂചന.
കുറ്റം തെളിഞ്ഞാൽ സൈനികന് വധശിക്ഷ വരെ ലഭിച്ചേക്കാമെന്ന് കഴിഞ്ഞദിവസം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലിയോൺ പനേറ്റ പറഞ്ഞിരുന്നു. അഫ്ഗാനിൽ രൂക്ഷമാകുന്ന പ്രതിഷേധത്തെ തണുപ്പിക്കാനാണ് പനേറ്റ ഇങ്ങനെ പറഞ്ഞതെന്നാണ് നിരീക്ഷക൪ വിലയിരുത്തുന്നത്.
കാന്തഹാ൪ പ്രവിശ്യയിലെ അൽ കൊസായി, നജീബാൻ എന്നീ ഗ്രാമങ്ങളിലാണ് ഞായറാഴ്ച പുല൪ച്ചെ സൈനികൻ ആക്രമണം നടത്തിയത്.
അതിനിടെ, കുറ്റവാളിയായ സൈനികൻെറ തലവെട്ടുമെന്ന് താലിബാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അഫ്ഗാനിലെ തങ്ങളുടെ പൗരന്മാ൪ക്ക് അമേരിക്ക ജാഗ്രതാ നി൪ദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
