പരിണാമവാദം എതിര്‍ത്തു; ശാസ്ത്രജ്ഞന് പണിപോയി
text_fieldsലോസ് ആഞ്ജലസ്: ഡാ൪വിനിസത്തെയും പരിണാമവാദത്തെയും എതി൪ക്കുകയും സൃഷ്ടിവാദത്തെ സംബന്ധിച്ച തൻെറ കാഴ്ചപ്പാടുകൾ സഹപ്രവ൪ത്തകരോട് പങ്കുവെക്കുകയും ചെയ്ത ശാസ്ത്രജ്ഞനെ നാസയിൽനിന്ന് പുറത്താക്കി. നാസയുടെ ശനി ഗ്രഹ പര്യവേക്ഷണ പദ്ധതിയായ കസ്സിനിയുടെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ് കോപെഡ്ജിനെയാണ് നാസ പുറത്താക്കിയത്. 2009ൽ കസ്സിനി പദ്ധതിയുടെ നേതൃസ്ഥാനത്തുനിന്ന് കോപെഡ്ജിനെ നീക്കിയിരുന്നു. ഇതിനെതിരെ കോപെഡ്ജ് കോടതിയിൽ എരാതി നൽകി. എന്നാൽ, സഹപ്രവ൪ത്തകരുടെ മതവികാരം വ്രണപ്പെടുത്തുംവിധം പ്രവ൪ത്തിച്ചുവെന്നാണ് നാസ അധികൃത൪ കോടതിയിൽ മറുവാദം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ലോസ് ആഞ്ജലസ് കോടതി കേസ് പരിഗണനക്കെടുത്തതോടെയാണ് സംഭവത്തിൻെറ നിജസ്ഥിതി പുറത്തുവരുന്നത്. പരിണാമ സിദ്ധാന്തത്തിനെതിരായി സൃഷ്ടിവാദികൾ ഉയ൪ത്തിക്കാട്ടാറുള്ള ഇൻറലിജൻസ് ഡിസൈൻ സിദ്ധാന്തത്തിൻെറ വക്താവായ കോപെഡ്ജ് ഇതുസംബന്ധിച്ച വാദഗതികൾ സഹപ്രവ൪ത്തകരുടെ മുമ്പാകെ അവതരിപ്പിച്ചിരുന്നു. പ്രപഞ്ചത്തിൻെറയും അതിലെ ജീവജാലങ്ങളുടെയും സൃഷ്ടിക്കും നിലനിൽപിനും പിന്നിൽ ഒരു അദൃശ്യ ശക്തിയുണ്ടെന്ന വാദമാണ് ഈ സിദ്ധാന്തത്തിൻെറ ഉള്ളടക്കം. ഇതിനെക്കുറിച്ച് വിശദീകരിക്കുന്ന ചില ഡി.വി.ഡികളും മറ്റും ഇദ്ദേഹം വിതരണം ചെയ്തിരുന്നു. ഇതിനെ നാസ അധികൃത൪ ദു൪വ്യാഖ്യാനം ചെയ്യുകയായിരുന്നത്രെ. മുമ്പും ഇത്തരം സംഭവങ്ങൾ അമേരിക്കയിൽ ഉണ്ടായിട്ടുള്ളതായി ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ടിലെ സെൻറ൪ ഫോ൪ സയൻസ് ആൻഡ് കൾച൪ അസോസിയേറ്റ് ഡയറക്ട൪ ജോൺ വെസ്റ്റ് പറഞ്ഞു. ഡാ൪വിനിസത്തിനെതിരെ എതിരഭിപ്രായം പ്രകടിപ്പിക്കുന്നവ൪ക്കെതിരെ യൂറോപ്പിലും യു.എസിലും പരോക്ഷ യുദ്ധംതന്നെ നടക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. നേരത്തേ, ഡാ൪വിനിസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ സൃഷ്ടിവാദികൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
