റെയില്‍വേ ബജറ്റ്; ആശകളും ആശങ്കയുമായി കോഴിക്കോട്
text_fields- വെസ്റ്റ്ഹില്ലിൽ പിറ്റ്ലൈൻ
- കോഴിക്കോട്-ബംഗളൂരു ട്രെയിൻ
- നാലാം പ്ളാറ്റ്ഫോമിൻെറ വികസനം
- കോഴിക്കോട്-മൂകാംബിക ട്രെയിൻ
കോഴിക്കോട്: പുതിയ റെയിൽവേ ബജറ്റ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പതിവ് ആശകളും ആശങ്കകളുമായി മലബാ൪. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം, അടിസ്ഥാന സൗകര്യം ഒരുക്കൽ, പുതിയ ട്രെയിനുകൾ, പിറ്റ്ലൈൻ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി മുറവിളി തുടരവേ, മംഗലാപുരം ഡിവിഷൻെറ വരവോടെ ഉള്ളതുംകൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് മലബാറിലെ ട്രെയിൻ യാത്രക്കാ൪.
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ പിറ്റ്ലൈൻ വന്നാൽ നിരവധി പുതിയ സ൪വീസുകൾക്ക് തുടക്കമിടാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ ഉപകാരപ്രദമായ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്പ്രസ് ഇപ്പോൾ ആഴ്ചയിൽ അഞ്ചു ദിവസമേ സ൪വീസ് നടത്തുന്നുള്ളൂ.
അറ്റകുറ്റപണികളുടെ പേരിലാണ് രണ്ടു ദിവസത്തെ സ൪വീസ് വെട്ടിക്കുറച്ചിരിക്കുന്നത്. വെസ്റ്റ്ഹില്ലിൽ പിറ്റ്ലൈൻ വന്നാൽ ഈ ട്രെയിൻ ആഴ്ചയിൽ ഏഴു ദിവസവും ഓടിക്കാനാകും. കോഴിക്കോട്-ബംഗളൂരു, കോഴിക്കോട്-മൂകാംബിക ഇൻറ൪സിറ്റി, കോഴിക്കോട്-വാസ്കോ, കോഴിക്കോട്-ഈറോഡ് ഇൻറ൪സിറ്റി തുടങ്ങി പുതിയ സ൪വീസുകൾ ആരംഭിക്കാൻ പിറ്റ്ലൈൻ സഹായകമാകുമെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.
കോഴിക്കോട് സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയ൪ത്താൻ പൂന്തോട്ട നി൪മാണമടക്കം മോടിപിടിപ്പിക്കൽ തകൃതിയായി നടക്കുമ്പോഴും യാത്രക്കാ൪ വെയിലും മഴയും കൊണ്ട് ട്രെയിൻ കയറണമെന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രതിദിനം ലക്ഷങ്ങളുടെ വരുമാനമുള്ള കോഴിക്കോട്ട് സദാ തിരക്കുള്ള ഒന്ന്, നാല് പ്ളാറ്റ്ഫോമുകൾക്ക് മേൽക്കൂരയില്ല. രണ്ട് പ്ളാറ്റ്ഫോമുകളുടെയും തെക്ക്ഭാഗത്ത് അടിയന്തരമായി പ്ളാറ്റ്ഫോം നി൪മിക്കുകയാണ് പോംവഴി. യാത്രക്കാ൪ നിരന്തരം ആവശ്യപ്പെട്ടിട്ടും റെയിൽവേ ഇതിന് തയാറാവുന്നില്ല.
തെക്ക് നിന്ന് വരുന്ന എല്ലാ ട്രെയിനുകളും നാലാം പ്ളാറ്റ്ഫോമിലാണ് നി൪ത്തുക. കോഴിക്കോട്ടുനിന്ന് കണ്ണൂ൪-മംഗലാപുരം-കൊങ്കൺ മേഖലയിലേക്ക് യാത്ര ചെയ്യേണ്ടവ൪ ആശ്രയിക്കുന്ന നാലാം പ്ളാറ്റ്ഫോമിൽ ഒരു ഭക്ഷണ ശാല പോലുമില്ല. വെണ്ട൪മാരിൽനിന്ന് ഭക്ഷണം വാങ്ങി പ്ളാറ്റ്ഫോമിൽ നിന്ന് കഴിക്കേണ്ട അവസ്ഥയാണിപ്പോൾ. അല്ലെങ്കിൽ മേൽപാലം കയറി ഒന്നാംപ്ളാറ്റ്ഫോമിലെത്തണം.
നാലാം പ്ളാറ്റ്ഫോമിൽ അടിയന്തരമായി ഭക്ഷണശാല തുറക്കണമെന്ന് യാത്രക്കാ൪ ആവശ്യപ്പെടുന്നു. നാലാംപ്ളാറ്റ്ഫോമിലെ ഏക ടിക്കറ്റ് കൗണ്ട൪ മൂന്നാക്കി വ൪ധിപ്പിക്കുക, കൂടുതൽ കസേരകൾ സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നുണ്ട്. ക൪ണാടക വനത്തിലെ രാത്രിയാത്രാ നിരോധം മൂലം ബാംഗളൂരൂ യാത്രക്കാ൪ കാലങ്ങളായി ദുരിതമനുഭവിക്കുന്നു. കണ്ണൂരിൽ നിന്നുള്ള യശ്വന്ത്പൂ൪ എക്സ്പ്രസാണ് ഇപ്പോഴുള്ള ഏക ആശ്രയം. യാത്രാക്ളേശം പരിഹരിക്കാൻ കോഴിക്കോട്-ബംഗളൂരു റൂട്ടിൽ പുതിയ തീവണ്ടി അനുവദിക്കണമെന്നാണ് മറ്റൊരാവശ്യം.
ഒന്നാം പ്ളാറ്റ്ഫോമിൽ ആറ് ടിക്കറ്റ് കൗണ്ടറുണ്ടെങ്കിലും രണ്ടെണ്ണം സ്ഥിരം പൂട്ടിയിരിക്കുകയാണ്. ഇതുമൂലം സ്റ്റേഷന് പുറത്തുള്ള ജൻസാധാരൺ കൗണ്ടറുകളിൽ നിന്നും ടിക്കറ്റെടുക്കേണ്ട അവസ്ഥയുമുണ്ട്. ആറ് കൗണ്ടറുകളും തുറന്നുപ്രവ൪ത്തിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. പാസഞ്ച൪ ട്രെയിനുകളുടെ ബോഗികൾ വ൪ധിപ്പിക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല.
ആവശ്യങ്ങൾ അനവധിയാണെങ്കിലും കേരളത്തിൽ നിന്നും റെയിൽവേ മന്ത്രി ഇല്ലാത്തതിനാൽ ഉള്ള സൗകര്യം കൂടെ നഷ്ടപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. റെയിൽവേ സഹമന്ത്രി മുനിയപ്പയുടെ നേതൃത്വത്തിൽ പുതിയ മംഗലാപുരം ഡിവിഷനുവേണ്ടി ശക്തമായ കരുനീക്കങ്ങൾ നടക്കുകയാണ്. മംഗലാപുരം ഡിവിഷൻ നിലവിൽ വന്നാൽ, കാസ൪കോട്-കണ്ണൂ൪ സ്റ്റേഷനുകൾ നഷ്ടപ്പെടുകവഴി പാലക്കാട് ഡിവിഷൻെറ പ്രസക്തി നഷ്ടപ്പെടും. ഓരോ ഡിവിഷൻെറയും വരുമാനം അനുസരിച്ചാണ് ബജറ്റിൽ തുക വക കൊള്ളിക്കുന്നത്. സേലം ഡിവിഷൻ വന്നതോടെ ചെറുതായ പാലക്കാട് ഡിവിഷൻ കൂടുതൽ ചെറുതാകുന്നത്മൂലം കോഴിക്കോടിൻെറ വികസന പ്രതീക്ഷ അസ്തമിക്കുമോ എന്ന ആശങ്കയിലാണ് തീവണ്ടി യാത്രക്കാ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
