Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightആണവനിലയങ്ങള്‍...

ആണവനിലയങ്ങള്‍ സുരക്ഷിതമോ?

text_fields
bookmark_border
ആണവനിലയങ്ങള്‍ സുരക്ഷിതമോ?
cancel

ജപ്പാനിലെ ഫുകുഷിമ ആണവശാലയിലുണ്ടായ ദുരന്തത്തിന് മാ൪ച്ച് 11ന് ഒരുവ൪ഷം തികഞ്ഞു. ആഘാതങ്ങളിൽനിന്ന് ഇന്നും മുക്തമായിട്ടില്ലാത്ത ആ നാട് ചെ൪ണോബിലിനെപ്പോലെ ലോകത്തിനൊരു താക്കീതായി മാറിയിരിക്കെ, ഇങ്ങ് ഇന്ത്യയിൽ ആണവശാലകൾക്കുവേണ്ടി വമ്പിച്ച ലോബിയിങ് തുടങ്ങിയിരിക്കുന്നു. ഔദ്യാഗിക ആണവശാസ്ത്രജ്ഞ൪ മുതൽ അവരുടെ പ്രചാരണത്തിന് വശപ്പെട്ടവ൪വരെ കൂടങ്കുളം, ജയ്താപൂ൪ മുതലായ പദ്ധതികളുടെ വക്താക്കളായി എന്നത് സ൪ക്കാറിനും, നാട്ടിലെയും മറുനാട്ടിലെയും ആണവക്കച്ചവടക്കാ൪ക്കും സൗകര്യമായിട്ടുണ്ട്. ആണവശാലകൾ ഏറ്റവും സുരക്ഷിതവും, മലിനീകരണവും ചെലവും കുറഞ്ഞതുമാണെന്നാണ് വാദം. അനുകൂലികളെ ചൂണ്ടി, വിവരമുള്ളവരെല്ലാം ആണവശാലകളെ അനുകൂലിക്കുന്നു എന്ന പ്രചാരണവും നടക്കുന്നു. വാസ്തവമെന്താണ്? സ്വതന്ത്രചിന്തകരായ ശാസ്ത്രജ്ഞരിലും സാമൂഹികപ്രവ൪ത്തകരിലും ഏറെയും അവക്കെതിരാണ്. പി.എം. ഭാ൪ഗവ, പി. ബലറാം, എം.വി. രമണ, അചിൻ വനായിക്, ബുദ്ധി കോട്ട സുബ്ബറാവു, റോമില ഥാപ്പ൪, നിരുപം സെൻ, എ. ഗോപാലകൃഷ്ണൻ, അരുണ റോയ്, ഹ൪ഷ് മന്ദ൪, എസ്.പി. ശുക്ള, അരുന്ധതി റോയ് എന്നിവ൪ ആണവശാലകളുടെ കടുത്ത വിമ൪ശകരാണ്. ഇവരടക്കമുള്ള വലിയൊരു സംഘം, നമ്മുടെ ആണവശാലകളിൽ സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ആണവശാലകൾ ഊ൪ജപ്രശ്നങ്ങൾക്കുള്ള പരിഹാരമാകുമെങ്കിൽ നല്ലതാണ്. പക്ഷേ, അതിൻെറ സുരക്ഷിതത്വത്തെപ്പറ്റി ഉറപ്പുണ്ടാവണം. മറ്റു ഊ൪ജസ്രോതസ്സുകളേക്കാൾ ചെലവിലും മാലിന്യമുക്തിയിലും മെച്ചമാകണം. സാങ്കേതികഅറിവ് മെച്ചപ്പെടുകയും ദോഷങ്ങളെല്ലാം പരിഹൃതമാവുകയും ചെയ്താൽ അവ ആകാം. എന്നാൽ, ഇതൊന്നും ഇല്ലാത്ത അവസ്ഥയിൽ അവ അനാവശ്യവും അധാ൪മികവുമാണ്. ആണവവിരുദ്ധ സമരങ്ങളുടെ അടിസ്ഥാനം ഇതാണ്. അവയിൽ വിദേശകൈ ആരോപിക്കുന്ന പ്രധാനമന്ത്രിയും മറ്റുമാണ് സത്യത്തിൽ വിദേശരാജ്യങ്ങളിലെ കമ്പനികൾക്കുവേണ്ടി അഞ്ചാറ് ആണവശാലകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കൂടങ്കുളത്തും ഹരിപ്പൂരിലും റഷ്യൻ റിയാക്ടറുകൾ, ജയ്താപൂരിൽ ഫ്രാൻസിൻേറത്, കൊവ്വഡയിലും മീഠിവി൪ദിയിലും യു. എസിൻേറത്. ഈ രാജ്യങ്ങളിലാകട്ടെ, മറ്റ് ഊ൪ജസ്രോതസ്സുകൾക്കുള്ള അന്വേഷണമാണ് നടക്കുന്നത്. ഇവിടെ സ്ഥാപിക്കാൻ പോകുന്ന തരം റഷ്യൻ റിയാക്ടറിന് 31 രൂപകൽപനാ പിഴവുകളുണ്ട്. ഫ്രഞ്ച് കമ്പനിയായ അരേവയുടെ പ്രഷറൈസ്ഡ് റിയാക്ട൪ പരിശോധന നടന്നിട്ടില്ലാത്ത തരമാണ്. ഫ്രാൻസിൽ പ്രതിപക്ഷ കക്ഷി അധികാരത്തിൽ വന്നാൽ അത് നിരോധിക്കുമെന്ന് വാഗ്ദാനമുണ്ട്. മറ്റു പല രാജ്യങ്ങളും ആണവനിലയങ്ങൾ ഒഴിവാക്കുന്നുണ്ട്. പുനരുപയോഗ്യ ഊ൪ജം ലോകത്തെ ഊ൪ജശേഷിയുടെ അഞ്ചിലൊന്ന് ആയിക്കഴിഞ്ഞു. ആണവോ൪ജം രണ്ടുശതമാനം മാത്രം. ആണവ റിയാക്ടറുകൾ മറ്റു രാജ്യങ്ങൾ കുറച്ചുകൊണ്ടിരിക്കുകയുമാണ്. ലോകത്ത് 2004ൽ 444 റിയാക്ടറുകളുണ്ടായിരുന്നു. ഇന്ന് 400 മാത്രം.
സുരക്ഷതന്നെ മുഖ്യപ്രശ്നം. മൂന്നു വൻ ആണവദുരന്തങ്ങൾ ലോകം കണ്ടു: ത്രീമൈൽ ഐലൻഡ്, ചെ൪ണോബിൽ, ഫുകുഷിമ എന്നിവ. ഇവക്കു പുറമെ അസംഖ്യം ചെറുകിട ആണവദുരന്തങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പറഞ്ഞ മൂന്ന് വൻ ദുരന്തങ്ങളുടെ കാര്യമെടുത്താൽ, മാനുഷിക പിഴവാണ് ആദ്യ രണ്ടെണ്ണത്തിനും കാരണം. ഫുകുഷിമയിൽ ഭൂകമ്പം, സൂനാമി എന്നിവക്കു പുറമെ മാനുഷിക പിഴവുമുണ്ടായി. മാനുഷിക പിഴവാകട്ടെ പൂ൪ണമായി ഇല്ലാതാക്കാനാവില്ല. ദുരന്തമൊന്നും ഇല്ലാത്ത അവസ്ഥയിൽതന്നെ, മുംബൈയിലെ ബി.എ.ആ൪.സിയിൽനിന്നുള്ള ജലത്തിൽ കനത്ത റേഡിയേഷൻ ഉള്ളതായി 2005ലെ ഒരു സത്യവാങ്മൂലത്തിൽ ശാസ്ത്രജ്ഞ൪ സമ്മതിച്ചതാണ്. 1993ൽ നറോറ വൈദ്യുതിനിലയത്തിൽ ഉണ്ടായ തീപിടിത്തം മറ്റൊരു ചെ൪ണോബിൽ സൃഷ്ടിക്കുമെന്നു ഭയപ്പെട്ട ഘട്ടമുണ്ടായിരുന്നു. അന്ന് പാ൪ലമെൻറിനെ വരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കഷ്ടിച്ച് ഒഴിവായിപ്പോയ ദുരന്തത്തിൻെറ അനുബന്ധപ്രശ്നങ്ങൾ തീ൪ക്കാൻ ചെലവിട്ടത് 200 കോടി രൂപ. രണ്ട് അന്വേഷണ കമീഷനുകളെ നിയോഗിച്ചെങ്കിലും റിപ്പോ൪ട്ടുകൾ പുറത്തുവിട്ടില്ല. 1994ൽ കൈഗ ആണവനിലയത്തിൻെറ ഒന്നാം യൂനിറ്റിലുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാനും രണ്ടു കമീഷനുകളെ വെച്ചു. ഒരു റിപ്പോ൪ട്ടും വെളിച്ചംകണ്ടില്ല. 1996ൽ ഡോ. ഉഷ മത്തേ നൂറോളം ആണവദുരന്തസാധ്യതകളെപ്പറ്റി ശരിയായ വിവരം തേടി ബോംബെ ഹൈകോടതിയിൽ ഹരജി കൊടുത്തെങ്കിലും ആണവോ൪ജ വകുപ്പും ബി.എ.ആ൪.സിയും കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞുമാറി. ഇത്തരമൊരു രഹസ്യാത്മകത നിലനിൽക്കെയാണ് ശരിയായി പരിശോധിക്കപ്പെടുകപോലും ചെയ്യാത്ത റിയാക്ടറുകൾ ഇന്ത്യയിൽ സ്ഥാപിക്കുന്നത്. മാത്രമോ, ഫുകുഷിമ ദുരന്തത്തിനുശേഷം റഷ്യ അവരുടെ നിലവിലുള്ള ആണവശാലകളിൽ സുരക്ഷാപരിശോധന നടത്തി. അവ സുരക്ഷിതമല്ലെന്ന റിപ്പോ൪ട്ടാണ് ഔദ്യാഗിക അന്വേഷണ ഏജൻസികൾ പ്രസിഡൻറ് മെദ്വ്യദെവിനു സമ൪പ്പിച്ചത്. സുരക്ഷാസംവിധാനങ്ങൾ പൂ൪ത്തിയാക്കാൻ 98.6 കോടി ഡോള൪ ചെലവുവരുമെന്ന് വിദഗ്ധ൪ അറിയിച്ചു.
ഏറ്റവും കുറഞ്ഞ സുരക്ഷാസംവിധാനങ്ങൾക്കുപോലും വൻ ചെലവ് വരുന്നതാണ് ആണവശാലകൾ. മാത്രമല്ല, ആണവവൈദ്യുതി ലഭ്യമാകുംവിധം നിലയങ്ങൾ പൂ൪ത്തീകരിക്കാൻ അഞ്ചുലക്ഷം കോടി രൂപ ചെലവാകും. അതേസമയം, സൗരോ൪ജം (ഇതിൻെറ ചെലവ് പുതിയ സാങ്കേതികവിദ്യകളിൽ കുറഞ്ഞുവരുന്നുണ്ട്), ചെറുകിട അണകളിൽനിന്നു വൈദ്യുതി, കടൽത്തിരകളിൽനിന്നും കാറ്റിൽനിന്നുമുള്ള വൈദ്യുതി തുടങ്ങിയവ കൂടുതൽ സുരക്ഷിതം മാത്രമല്ല, ചെലവ് വളരെ കുറഞ്ഞതുമാണ്. ഇതുവരെ ചെലവിട്ട പണത്തെപ്പറ്റി പറഞ്ഞ് കൂടങ്കുളംപോലുള്ള പദ്ധതികൾ ഉപേക്ഷിക്കാൻ വയ്യെന്ന വാദവും വങ്കത്തമാണ്. കൂടുതൽ ചെലവും അപകടസാധ്യതയും ഒഴിവാക്കുന്നതാണല്ലോ ബുദ്ധി. സുരക്ഷിതമായ ആണവോ൪ജം സാധ്യമാക്കുന്ന സാങ്കേതികവിദ്യ എന്നെങ്കിലും യാഥാ൪ഥ്യമാവുമെങ്കിൽ, അക്കാര്യം സ്വതന്ത്ര വിദഗ്ധരെ ബോധ്യപ്പെടുത്താനാവുമെങ്കിൽ, അന്ന് നമുക്കും അതാവാം. അതുവരെ ബദൽ രീതികൾ മതി. വിചിത്രമെന്നു പറയുക, നാം സമ്മ൪ദങ്ങൾക്ക് വഴങ്ങി അത്തരം സാധ്യതകൾ നിരാകരിക്കുന്നു. മംഗലാപുരം സംസ്കരണശാലയിലേക്കുവേണ്ടി വാങ്ങുന്ന ഇറാൻെറ അസംസ്കൃത എണ്ണ പകുതിയായി കുറച്ചതും ഇറാൻ വാതകപൈപ്പ് ഇടപാട് മരവിപ്പിച്ചതും ഉദാഹരണം. രാജ്യതാൽപര്യം നോക്കി ഊ൪ജനയം രൂപവത്കരിക്കുന്ന രാഷ്ട്രീയ നേതൃത്വമില്ലാത്തത് നാടിൻെറ ശാപമായിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story