മടുത്തു, ഇനി വാനപ്രസ്ഥം -യേശുദാസ്
text_fieldsദുബൈ: കേരളത്തിൽ ഗന്ധ൪വനാദത്തിൻെറ ‘കാൽപ്പാടുകൾ’ പതിപ്പിച്ച് അഞ്ചുപതിറ്റാണ്ട് പിന്നിടുമ്പോൾ ഡോ. കെ.ജെ. യേശുദാസിൻെറ മനസ്സിൽ നിറയുന്നത് വാനപ്രസ്ഥത്തെ കുറിച്ച ചിന്ത. ദൈവം ശ്രുതിയിട്ട പാട്ടുയാത്രയുടെ അമ്പതാണ്ടിൻെറ ആഘോഷങ്ങൾ കഴിഞ്ഞാൽ ആരുടെയും ഒന്നിൻെറയും ശല്യമില്ലാത്ത ഒരിടത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്ന് പറയുന്നു മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ.
‘എല്ലാത്തിൽ നിന്നും പിന്മാറണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. കാരണം, എനിക്ക് മടുത്തു. ഞാൻ ആഗ്രഹിച്ച, അനുഭവിച്ച സംഗീതങ്ങളുടെ കാലം കഴിഞ്ഞു. അത്രക്ക് ശുദ്ധമായത് പഠിച്ചിട്ട് വേറൊരു തലത്തിലെ സംഗീതം എനിക്ക് പറ്റില്ല. അതുകൊണ്ട് ചിലപ്പോൾ ഇതെല്ലാം വിട്ടെറിഞ്ഞ് ആരുടെയും ഒന്നിൻെറയും ശല്യമില്ലാത്ത സ്ഥലത്തേക്ക് പോയേക്കും. 50 വ൪ഷത്തിൻെറ ആഘോഷമൊക്കെ കഴിയാൻ കാത്തിരിക്കുകയാണതിന്. ഭാര്യയും മക്കളുമൊക്കെ എതി൪ക്കുമായിരിക്കാം. എങ്കിൽ അവരോട് വരെ ‘നമസ്കാരം’ പറയേണ്ടി വരും. തത്ത്വം പറഞ്ഞ് ഒഴിയാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ പേടിപ്പിക്കാനോ അല്ല ഇത് പറയുന്നത്. നേരത്തേ ഒരു വിവരം തരുകയാണ്. പെട്ടന്നത് സംഭവിക്കുമ്പോൾ ദാസേട്ടൻ ഇത് ചെയ്തല്ലോ എന്ന് എന്നെ സ്നേഹിക്കുന്നവ൪ പറയരുത്’- ഗാനസപര്യയുടെ 50ാം വ൪ഷം മറുനാട്ടിൽ ആദ്യമായാഘോഷിക്കുന്ന ‘ഗന്ധ൪വഗാന’ത്തിൻെറ ഒരുക്കങ്ങളുടെ ഭാഗമായി ദുബൈയിലെത്തിയ യേശുദാസ് ‘ഗൾഫ് മാധ്യമ’ത്തോട് മനസ്സ് തുറന്നു.
‘ജീവിതം മടുത്തത് കൊണ്ടല്ല ഇത് പറയുന്നത്. ഒളിച്ചോട്ടവുമല്ല. സംഗീതപഠനത്തിനൊക്കെയായി കൂടുതൽ സമയം ലഭിക്കുകയും ചെയ്യും. ഭാര്യക്കും മക്കൾക്കുമൊക്കെ ദു$ഖം നൽകി അത്ര പെട്ടന്ന് എല്ലാം വിട്ടെറിഞ്ഞ് പോകാൻ കഴിയില്ല. എന്നാൽ, കെട്ടുപാടുകളൊന്നുമില്ലാതെ തനിച്ചിരിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇതുവരെയുള്ള ജീവിതത്തിൽ പൂ൪ണ്ണ സംതൃപ്തനാണ്. കടം കിട്ടിയ 16 രൂപയുമായി ജീവിതം തുടങ്ങിയ ആൾക്ക് ഇതിൽ കൂടുതലൊന്നും നേടാനില്ല. ജീവിതത്തിൽ ഒരു ഘട്ടമെത്തുമ്പോൾ ഭാര്യയും ഭ൪ത്താവും വാനപ്രസ്ഥത്തിന് പോകുന്ന പതിവ് പണ്ടുണ്ടായിരുന്നു. ഭാര്യ വന്നില്ലെങ്കിലും ഭ൪ത്താവിന് പോകേണ്ടി വരും. ഞാൻ കഴിയുന്നത്ര പാടും. ബാക്കി എല്ലാറ്റിൽനിന്നും പിന്മാറുകയാണെന്നേ ഇതൊക്കെ അ൪ഥമാക്കുന്നുള്ളൂ. സത്യത്തിൽ എവിടെ പോകണമെന്നറിയില്ല. ശുദ്ധസംഗീതത്തിൻെറ വഴിയിലൂടെ തന്നെ സഞ്ചരിക്കും’- അമ്പതാണ്ട് മലയാളികളുടെ കാതിൽ തേന്മഴയായി പെയ്തിറങ്ങിയ ശബ്ദത്തിനുടമ പറഞ്ഞു.
പൂ൪ത്തിയാക്കാനാകാത്ത സമരങ്ങൾ, ചികിത്സാപദ്ധതികൾ, റിയാലിറ്റി ഷോ തുടങ്ങിയ വിഷയങ്ങളിൽ അടുത്തിടെയുണ്ടായ വിവാദങ്ങളല്ല തീരുമാനത്തിന് കാരണമെന്ന് യേശുദാസ് വ്യക്തമാക്കി. ‘വിവാദങ്ങളും എതി൪പ്പുകളുമൊന്നും തള൪ത്താത്ത ജീവിതമാണ് എൻേറത്. സ൪ക്കാ൪ ഏറ്റെടുത്ത ശേഷവും ‘പട്ടി പുല്ല് തിന്നുകയുമില്ല, പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല’ എന്ന അവസ്ഥ വന്നപ്പോഴാണ് ‘ഹൃദയതരംഗം’ ചികിത്സാപദ്ധതിയിൽ നിന്ന് പിന്മാറിയത്. ഇത്തരം പദ്ധതികളുമായി ഇറങ്ങിത്തിരിച്ചപ്പോഴാണ് ആരോഗ്യമേഖലയിൽ നിലനിൽക്കുന്ന വൻ ക്രമക്കേടുകൾ മനസ്സിലായത്. അങ്ങനെ ഒത്തുപോകാനാകാത്ത പല കാര്യങ്ങൾ. ഇതിനെയൊക്കെ എതി൪ക്കാൻ എൻെറ സംഗീതം കൊണ്ടാകില്ല. അപ്പോൾ പിന്നെ വഴിമാറി പോകുകയാണ് നല്ലത്. മലയാളികളെ ഒന്നടങ്കം കുറ്റപ്പെടുത്തുകയല്ല. ഈ ലോകത്തിൻെറ മുഴുവൻ പോക്കിനെ കുറിച്ചാണ് പറയുന്നത്. കണ്ണ് വെച്ചുകൊണ്ട് കുരുടനായി ജീവിക്കാൻ എനിക്ക് കഴിയില്ല.’- ഗാനഗന്ധ൪വൻെറ വാക്കുകൾ പണ്ട് പാടിയ പാട്ടിൻെറ വരികൾ പോലെ...
‘കൂരിരുൾ തിങ്ങുമീ ജീവിതത്തിൽ/ഏകനായിന്നു ഞാനീവിധത്തിൽ
ഇല്ലൊരു മിന്നാമിനുങ്ങ് പോലും/തെല്ലു വെളിച്ചമെനിക്ക് നൽകാൻ...’
(അഭിമുഖത്തിൻെറ പൂ൪ണ്ണ രൂപം ഞായറാഴ്ച പ്രസിദ്ധീകരിക്കുന്ന ‘വാരാദ്യ മാധ്യമ’ത്തിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
