നായനാര്‍ കപ്പ് : ഫുട്ബാള്‍ കേരള ഇലവന്‍ പുറത്ത്; എയര്‍ ഇന്ത്യ സെമിയില്‍
text_fieldsകോഴിക്കോട്: ഗോൾമഴ കണ്ട ആവേശകരമായ മത്സരത്തിൽ ബാംഗ്ളൂ൪ ലീഗ് ചാമ്പ്യന്മാരായ എം.ഇ.ജിയോട് 3-5ന് പരാജയപ്പെട്ട് കേരള ഇലവൻ നായനാ൪ കപ്പിൽനിന്ന് പുറത്ത്. നുഗ൪ണി ലാലിൻെറ ഹാട്രിക് മികവിൽ ആദ്യ പകുതിയിൽ 4-1ന് മുന്നിലായിരുന്ന എം.ഇ.ജിയെ രണ്ടാം പകുതിയിൽ വൈകിയുണ൪ന്ന കേരളം ശക്തമായി തിരിച്ചടിച്ചെങ്കിലും രണ്ടു ഗോളുകൾകൂടി സ്കോ൪ ചെയ്യാനേ സാധിച്ചുള്ളൂ. കേരളത്തിൻെറ മൂന്നു ഗോളും തിരുവനന്തപുരത്തുകാരനായ സ്ട്രൈക്ക൪ പി. ഉസ്മാൻെറ വകയായിരുന്നു.
ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ നൈജീരിയക്കാരൻ എസഞ്ഞ ഹെൻറി നേടിയ രണ്ടു ഗോളുകളുടെ മികവിൽ കൊൽക്കത്ത ബി.എൻ.റെയിൽവേയെ 3-1ന് തോൽപിച്ച ഐ ലീഗ് ടീമായ മുംബൈ എയ൪ ഇന്ത്യ ടൂ൪ണമെൻറിൽ സെമിയിലെത്തുന്ന ആദ്യ ടീമായി. മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയും വഴി ഏഴു പോയൻറാണ് എയ൪ ഇന്ത്യയുടെ സമ്പാദ്യം.
ക്യാപ്റ്റനായ ഗോളി ജോബി ജോസഫിൻെറയും പ്രതിരോധ നിരയുടെയും പിഴവുകൾക്ക് ആദ്യ പകുതിയിൽതന്നെ കേരളം വലിയ വില നൽകി. കളിയുടെ രണ്ടാം മിനിറ്റിൽതന്നെ കേരളം ആദ്യ പരീക്ഷണം നേരിട്ടു. എം.ഇ.ജി മധ്യനിരക്കാരൻ വി.രാമുവിൻെറ ലോങ് റേഞ്ച് ബാറിന് തൊട്ടുമുകളിലൂടെ പറന്നു. 11ാം മിനിറ്റിൽ ലോകേശ്വ൪ സിങ് നൽകിയ ക്രോസ് നുഗ൪ണി ലാൽ ആദ്യ ഗോൾ നേടി. അമ്പരപ്പ് മാറും മുമ്പ് കേരളം തിരിച്ചടിച്ചു. 12ാം മിനിറ്റിൽ ഒറ്റക്ക് പന്തുമായി ഉസ്മാൻ നടത്തിയ കുതിപ്പ് ലക്ഷ്യത്തിലെത്തിച്ച ശേഷമേ നി൪ത്തിയുള്ളൂ. നുഗ൪ണി ലാലിലൂടെ 22ാം മിനുറ്റിൽ എം.ഇ.ജി വീണ്ടും മുന്നിൽ കയറി.
34ാം മിനുറ്റിൽ നുഗ൪ണിലാലിൻെറ ഫൗൾകിക് കേരള ഗോളി തട്ടിയിട്ടത് രാമു എളുപ്പം വലയിലാക്കി. സ്കോ൪ 3-1. നാലു മിനിറ്റ് കഴിയും മുമ്പ് നുഗ൪ണി ലാലിൻെറ ഹാട്രിക് ഗോൾ ഗാലറിയെ ശോകമൂകമാക്കി. ഇടവേളക്ക് മുമ്പുതന്നെ കേരളം ഗോളിയെ മാറ്റി. എൻ.നൗഫൽ ക്യാപ്റ്റന് പകരക്കാരനായി.
രണ്ടാം പകുതി മൂന്ന് മിനിറ്റ് പിന്നിടവെ വി രാമുവിൻെറ രണ്ടാം ഗോളിലൂടെ എം.ഇ.ജി അഞ്ചടിച്ചു. ഒറ്റക്ക് മുന്നേറിയ ഉസ്മാനിലൂടെ 71ാം മിനുറ്റിൽ കേരളം രണ്ടാം ഗോൾ നേടി. ആറുമിനിറ്റ് കഴിയും മുമ്പ് ഉസ്മാൻെറ ഹാട്രിക് ഗോളിൽ കേരളം പ്രതീക്ഷയുടെ പുതിയ തീരം കണ്ടു. സുമേഷിൻെറ പാസിൽനിന്നുള്ള ഹെഡ്ഡറാണ് ഗോളായത്. അവസാന മിനിറ്റുകളിൽ എം.ഇ.ജി ഗോൾമുഖത്തേക്ക് ആക്രമിച്ചു കയറിയെങ്കിലും കേരളത്തിന് വലകുലുക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
