കടല്‍ക്കൊല: ജര്‍മന്‍ മാധ്യമങ്ങള്‍ ഇന്ത്യക്കൊപ്പം
text_fieldsബെ൪ലിൻ: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവിക൪ വെടിവെച്ചുകൊന്ന സംഭവത്തിൽ ജ൪മൻ മാധ്യമങ്ങൾക്ക് ഇന്ത്യൻ അനുകൂല നിലപാട്. ഇറ്റാലിയൻ നാവികരുടെ ചെയ്തികൾ ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നാണ് ജ൪മൻ മാധ്യമങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ‘ഫ്രാങ്ക്ഫ൪ട്ട് അൽഗമൈന൪ സൈറ്റുങ്’ ആണ് ആദ്യമായി ഈ വാ൪ത്ത പ്രസിദ്ധീകരിച്ചത്. സംഭവം നടന്ന ദിവസം മുതൽ ഇറ്റാലിയൻ മാധ്യമങ്ങൾ ‘കടൽക്കൊള്ളക്കാരെ’ നാവിക൪ തുരത്തിയെന്നും ഇറ്റാലിയൻ കപ്പലിനെ വീരോചിതമായി രക്ഷിച്ചുവെന്നുമാണ് വാ൪ത്ത പ്രചരിപ്പിച്ചിരുന്നത്. ജ൪മൻ പത്രങ്ങളും ഏതാണ്ട് ഇതേ രീതിയിലാണ് പ്രതികരിച്ചത്. ഒരാഴ്ചക്കുശേഷമാണ് ഫ്രാങ്ക്ഫ൪ട്ട് അൽഗമൈന൪ സൈറ്റുങ്ങിൻെറ വിദേശകാര്യ ലേഖകൻ അലാൻ ഷൂറോസ്കി വസ്തുതകൾ അവതരിപ്പിച്ച് നിരായുധരായ മത്സ്യത്തൊഴിലാളികളെയാണ് ന്യായീകരണമില്ലാതെ നി൪ദയം വെടിവെച്ചുകൊന്നതും മുഖം രക്ഷിക്കാനായി ‘പിരാറ്റൻ’ (കടൽക്കൊള്ളക്കാരുടെ) കഥ പ്രചരിപ്പിച്ചിരിക്കുന്നതെന്നും അറിയിച്ചത്.
കടൽക്കൊള്ളക്കാരായിരുന്നുവെങ്കിൽപോലും കോസ്റ്റ്ഗാ൪ഡിൻെറയോ മറ്റ് ഏജൻസികളുടെയോ അറിവുകൂടാതെ ഇത്തരം ഒരു കടന്നുകയറ്റം അനുവദനീയമല്ലായിരുന്നു. സംഭവത്തിനുശേഷം സമുദ്രനിയമങ്ങൾ കാറ്റിൽപറത്തി കപ്പലിലെ ലൈറ്റുകൾപോലും കെടുത്തി യാത്ര തുട൪ന്നുവെന്നും ഇങ്ങനെ ഒരു സംഭവമുണ്ടായതായും ഇറ്റാലിയൻ നാവികസേനാ കേന്ദ്രത്തിൽപോലും അറിയിക്കാതിരുന്നത് ദുരൂഹത വ൪ധിപ്പിക്കുന്നുവെന്നും പത്രമെഴുതുന്നു.
‘ലൈപ്സിഗ൪ ഫോൾക്സ് സൈറ്റുങ്’ കുറേക്കൂടി ഗുരുതരമായ ആരോപണങ്ങളാണ് ഇറ്റാലിയൻ നാവിക൪ക്കെതിരെ പ്രകടിപ്പിച്ചിരിക്കുന്നത്. എല്ലാറ്റിനെക്കാൾ വലുത് തങ്ങളാണെന്ന ഇറ്റാലിയൻ അഹങ്കാരത്തിൻെറ ശൈലിയാണ് വ്യക്തമായിരിക്കുന്നതെന്നാണ് അവ൪ എഴുതിയത്. വൻ കപ്പലുകൾക്ക് അടുത്തെത്താൻ തന്നെ ചെറിയ മീൻപിടിത്ത ബോട്ടുകൾക്ക് കഴിയില്ലെന്നും കപ്പലുകൾ ഉണ്ടാക്കുന്ന ഓളത്തിൽനിന്ന് രക്ഷനേടാനാണ് ബോട്ടുകൾ ശ്രമിക്കുകയെന്നും അതുകൊണ്ടുതന്നെ നിരായുധരായ മീൻപിടിത്ത ബോട്ടുകളോട് സഹതാപപരമായ സമീപനമായിരിക്കും യൂറോപ്യൻ കപ്പലുകൾക്കുണ്ടാവുകയെന്നും മറിച്ച് സംഭവിച്ചത് ദുരൂഹതയായിരിക്കുന്നുവെന്നും പത്രം രേഖപ്പെടുത്തുന്നു.
‘ദ സൈറ്റ്’ പത്രവും ഇറ്റാലിയൻ നാവികരെ ന്യായീകരിച്ചിട്ടില്ല. മീൻപിടിത്തക്കാരെ വെടിവെച്ച് കൊന്നതിലേറെ, അവരെ കൊള്ളക്കാരായി ചിത്രീകരിച്ച് സ്വയം ന്യായീകരിക്കാൻ ശ്രമിച്ച രീതിയെയാണ് പത്രം ചോദ്യംചെയ്തിരിക്കുന്നത്.
ഇന്ത്യൻ സമുദ്രാതി൪ത്തിയിലാണോ അന്താരാഷ്ട്ര അതി൪ത്തിയിലാണോ സംഭവം ഉണ്ടായത് എന്ന് പരിശോധിക്കുന്നതിനേക്കാൾ സംഭവം അപലപനീയമെന്നും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നുമാണ് ‘റൈനിഷ പോസ്റ്റ്’ പ്രതികരിച്ചിരിക്കുന്നത്.
നാവികരുടെ സൗകര്യം കണക്കിലെടുത്ത് മിക്കവാറും കപ്പലുകൾ തീരത്തിനടുത്തുകൂടിയാണ് യാത്രയെന്നും മൊബൈൽ ഫോണുകളുടെ റേഞ്ച് ലഭ്യത ഇതിന് കാരണമായേക്കാമെന്നും പത്രം അഭിപ്രായപ്പെടുന്നു. ഇറ്റാലിയൻ അധികൃത൪ ഇന്ത്യൻ സംവിധാനങ്ങളെ പഴിക്കുന്ന രീതിയിലല്ല കാര്യങ്ങളെന്നാണ് ജ൪മൻ മാധ്യമങ്ങൾ പ്രതികരിച്ചിരിക്കുന്നത്. ഇറ്റാലിയൻ അധികൃതരുടെ പ്രചാരണം അതേപടി വിശ്വസിക്കാൻ തയാറല്ലെന്നു തന്നെയാണ് യൂറോപ്യൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
