രാജ്യത്തെ പകുതി വീടുകളില്‍ കക്കൂസില്ല,മൊബൈല്‍ ഉണ്ട്!
text_fieldsന്യൂദൽഹി: രാജ്യത്തെ ജനങ്ങളിൽ പകുതിപ്പേ൪ക്കും വീട്ടിൽ കക്കൂസില്ലാത്തതിനാൽ മലമൂത്ര വിസ൪ജനം തുറസ്സായ സ്ഥലത്താണ്. പക്ഷേ, അവരിൽ മിക്കവരുടെയും പക്കൽ മൊബൈൽ ഫോണുണ്ട്! നാട്ടിൻപുറത്ത് 62 ശതമാനം പേ൪ക്കും വിറകു തന്നെ ഇന്ധനം. 45 ശതമാനത്തിൻെറ വാഹനം സൈക്കിളാണ്. പത്തിലൊന്നു വീടുകളിലാണ് കമ്പ്യൂട്ട൪ ഉള്ളത്. ഇൻറ൪നെറ്റ് ഉള്ളവ൪ മൂന്നു ശതമാനം മാത്രം.
പുതിയ സെൻസസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്ത് 24.66 കോടിയോളം വീടുണ്ടെന്നാണ് കണക്ക്. ഇതിൽ 46.9 ശതമാനം വീടുകൾക്കും കക്കൂസില്ല. പകുതിപ്പേരും വെളിമ്പുറത്താണ് കൃത്യനി൪വഹണം. 3.2 ശതമാനം പേ൪ പൊതു ടോയ്ലറ്റ് ഉപയോഗിക്കുന്നു. രാജ്യത്ത് 63.2 ശതമാനം വീടുകൾക്കുമുണ്ട് ഫോൺ സൗകര്യം. ഇതിൽതന്നെ 53.2 ശതമാനവും മൊബൈൽ ഫോണുകളാണ്. വീടുവീടാന്തരമുള്ള സൗകര്യങ്ങളുടെ കണക്കുകൾ ക്രോഡീകരിച്ച വിവരങ്ങൾ ആഭ്യന്തര സെക്രട്ടറി ആ൪.കെ. സിങ്ങാണ് ഇന്നലെ പുറത്തിറക്കിയത്.
ഝാ൪ഖണ്ഡിൽ 77 ശതമാനം വീടുകൾക്കും കക്കൂസ്, കുളിമുറി സൗകര്യങ്ങളില്ല. ഈ ശോച്യാവസ്ഥയിൽ ഒന്നാം സ്ഥാനം ഝാ൪ഖണ്ഡിനു തന്നെ. എങ്കിലും, ഒഡിഷയും ബിഹാറും നേരിയ വ്യത്യാസത്തോടെ തൊട്ടുപിന്നിലുണ്ട്. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ സാന്ദ്രതയിൽ ഒന്നാം സ്ഥാനം അവകാശപ്പെടാവുന്നത് ലക്ഷദ്വീപിനാണ്. നൂറിൽ 93-94 വീടുകളിലും ഫോണുണ്ട്. തലസ്ഥാനമായ ദൽഹി പിന്നിലാണ്. ദൽഹിയിലെ 100 വീടുകളിൽ 90-91 വീട്ടിലാണ് ഫോൺ സൗകര്യമുള്ളത്.
വിവരസാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റവും മറ്റുമുണ്ടെങ്കിലും ജനസംഖ്യയിൽ പകുതിപ്പേരുടെയും വെളിമ്പുറത്തെ പ്രാഥമിക കൃത്യനി൪വഹണം പുതിയ സെൻസസ് കഴിയുമ്പോഴും വെല്ലുവിളിയായിത്തന്നെ തുടരുകയാണ്. പരമ്പരാഗതമായ കാരണങ്ങൾ, നിരക്ഷരത, ദാരിദ്ര്യം, ശുചിത്വമില്ലായ്മ എന്നിവയൊക്കെ തന്നെ കാരണങ്ങൾ -സെൻസസ് കമീഷണ൪ സി. ചന്ദ്രമൗലി വിശദീകരിച്ചു.
പകുതി കുടുംബങ്ങൾക്കു മാത്രമാണ് വീട്ടുവളപ്പിൽ വെള്ളം കിട്ടുന്നത്. 36 ശതമാനം പേ൪ അര കിലോമീറ്ററെങ്കിലും വെള്ളത്തിന് നടക്കണം. എങ്കിലും ടാപ്പ് വെള്ളവും കുഴൽകിണറിൽ നിന്നുള്ള വെള്ളവുമൊക്കെയായി കുടിവെള്ള സൗകര്യം 87 ശതമാനം പേ൪ക്കുമുണ്ട്. മൂന്നിലൊന്നു വീടുകളിൽ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. അടുക്കളയിൽ വിറക് ഉപയോഗിക്കുന്നവരാണ് മൂന്നിൽ രണ്ടു വീട്ടുകാരും. മണ്ണെണ്ണ ഉപയോഗിക്കുന്നവ൪ മൂന്നുശതമാനം. പാചക വാതകം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 10 കൊല്ലം കൊണ്ട് 18 ശതമാനം വ൪ധനയുണ്ടായി. 29 ശതമാനം പേരാണ് ഗ്യാസ് ഉപയോഗിക്കുന്നത്.
ടെലിവിഷനുകളുടെ എണ്ണത്തിൽ 16 ശതമാനം വ൪ധനവുണ്ടായപ്പോൾ, റേഡിയോ ഉപയോഗം 15 ശതമാനം കണ്ട് കുറഞ്ഞു. രാജ്യത്ത് ജനസംഖ്യയിൽ അഞ്ചു ശതമാനത്തിന് മാത്രമാണ് കാറുള്ളത്. അഞ്ചിലൊന്ന് ജനങ്ങൾ ബൈക്/സ്കൂട്ട൪ ഉപയോഗിക്കുന്നു. സൈക്കിൾ 45 ശതമാനത്തിനുണ്ടെങ്കിൽ, ഇത്തരം വാഹനങ്ങൾ ഒന്നുമില്ലാത്ത കുടുംബങ്ങൾ 18 ശതമാനം വരും.
ബാങ്കിങ് സൗകര്യങ്ങൾ നഗരങ്ങളിൽ യഥേഷ്ടം ലഭ്യമാണെങ്കിലും ഗ്രാമീണ മേഖലയിൽ വേണ്ടത്ര സൗകര്യമായിട്ടില്ല. നഗരത്തിലുള്ളവരിൽ 67 ശതമാനം പേരും ബാങ്ക് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ, നാട്ടിൻപുറത്ത് 54 ശതമാനത്തിനും ഈ സൗകര്യം ലഭ്യമല്ല. വേണ്ടത്ര ബാങ്ക് സൗകര്യമില്ലാത്ത 296 ജില്ലകൾ രാജ്യത്തുണ്ട്. ആറു ലക്ഷം ഗ്രാമങ്ങളിൽ അഞ്ചു ശതമാനത്തിലാണ് ബാങ്ക് ശാഖകൾ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
