ആഭ്യന്തരവകുപ്പില്‍ കാര്യങ്ങള്‍ നടക്കുന്നത് മുഖ്യമന്ത്രി അറിയാതെ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയാതെ ആഭ്യന്തരവകുപ്പിൽ എന്തൊക്കെയോ സംഭവിക്കുന്നു. അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. ഒന്നുകിൽ എല്ലാം മുഖ്യമന്ത്രി അറിഞ്ഞിട്ട്, അല്ലെങ്കിൽ അദ്ദേഹത്തിൻെറ അറിവില്ലാതെ ഉദ്യോഗസ്ഥരാണ് വകുപ്പ് നിയന്ത്രിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച ഇ-മെയിൽ ചോ൪ത്തൽ വിവാദത്തിലും ആറ്റുകാൽ പൊങ്കാലക്ക് കേസെടുത്ത സംഭവത്തിലും താനൊന്നും അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇൻറലിജൻസ് മേധാവിയായിരുന്ന എ. ഹേമചന്ദ്രൻെറ നി൪ദേശാനുസരണം എസ്.പി കെ.കെ. ജയമോഹനാണ് സിമി ബന്ധം ആരോപിച്ച് 268 പേരുടെ ഇ-മെയിൽ വിശദാംശങ്ങൾ ചോ൪ത്താൻ ഹൈടെക്സെൽ മേധാവിക്ക് കത്തയച്ചത്. സംഭവം വിവാദമായപ്പോൾ താനൊന്നും അറിഞ്ഞില്ലെന്നും ഇൻറലിജൻസിന്് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ അവരാണ് വിശദാംശങ്ങൾ തേടിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ മുസ്ലിംലീഗ് നേതാക്കൾ ഉൾപ്പെടെ പ്രമുഖരുടെ ഇ-മെയിൽ പരിശോധിക്കാൻ ആഭ്യന്തരവകുപ്പിൻെറ അനുമതിയില്ലാതെ ഇൻറലിജൻസ് ശ്രമിച്ചെന്ന വാദം അവിശ്വസനീയമായിരുന്നു.
വിവിധ മേഖലകളിലെ പ്രശസ്ത൪ക്ക് നിരോധിത സംഘടനയായ സിമി ബന്ധം ആരോപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പ് തയാറായില്ലെന്നതാണ് ഇതിൽ പ്രധാനം. മെയിൽ ചോ൪ത്തലുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോ൪ത്തി നൽകി എന്ന് ചൂണ്ടിക്കാട്ടി ഒരു എസ്.ഐയെ ബലിയാടാക്കുകയായിരുന്നു.
സമാന സംഭവമാണ് ഇപ്പോൾ പൊങ്കാല കേസിലുമുണ്ടായത്. പൊങ്കാലയുടെ പേരിൽ ആ൪ക്കെതിരെയും കേസെടുക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി മണിക്കൂറുകൾക്കുള്ളിൽ 11,000 സ്ത്രീകളെ പ്രതി ചേ൪ത്ത് കേസെടുത്ത് കോടതിയിൽ എഫ്.ഐ.ആ൪ സമ൪പ്പിച്ചു. ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ട് കേസ് പിൻവലിക്കാൻ നി൪ദേശിക്കുകയും കോടതിയിൽ കേസുകൾ എഴുതിത്തള്ളാൻ അനുമതി വാങ്ങുകയും ചെയ്ത് തലയൂരി.
എന്നാൽ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാകുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ലംഘിച്ച് രണ്ട് സ്റ്റേഷനുകളിലെ എസ്.ഐമാ൪ക്ക് കേസെടുക്കാൻ സാധിക്കുമോ. സ൪ക്കാറിൻെറ നയപരമായ തീരുമാനത്തിന് വിരുദ്ധമായി കേസെടുക്കാൻ നി൪ദേശം നൽകാൻ ഡി.സി.പി മാത്രം വിചാരിച്ചാൽ കഴിയുമോ. കോടതിയലക്ഷ്യകേസ് വരാതിരിക്കാൻ പൊലീസിലെയും ആഭ്യന്തരവകുപ്പിലെയും ഉന്നതരുടെ അറിവോടെയാണ് കേസ് രജിസ്റ്റ൪ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഓരോ ദിവസത്തെയും പൊലീസിൻെറ പ്രവ൪ത്തനം വിലയിരുത്താനായി സ്റ്റേഷനുകളുടെ ചുമതലയുള്ള എസ്.എച്ച്.ഒമാരോട് സിറ്റി പൊലീസ് കമീഷണറോ ഡി.സി.പിയോ കാര്യങ്ങൾ അന്വേഷിക്കും.
മാ൪ച്ച് എട്ടിന് കമീഷണറുടെ അഭാവത്തിൽ ഈ വിവരം ആരാഞ്ഞ ഡി.സി.പി വി.സി. മോഹനനോട് കേസ് രജിസ്റ്റ൪ ചെയ്യുന്നത് സംബന്ധിച്ച് തമ്പാനൂ൪, ഫോ൪ട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥ൪ വ്യക്തമാക്കിയതാണത്രേ. ഇക്കാര്യം ഡി.സി.പി ഉന്നത ഉദ്യോഗസ്ഥരേയും അറിയിച്ചു. എന്നാൽ വിവാദമായതോടെ ഡി.സി.പിയെ സസ്പെൻഡ് ചെയ്ത് മറ്റുള്ളവ൪ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടി.
ഡി.സി.പിക്കെതിരായ സസ്പെൻഷൻ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കോടതിയലക്ഷ്യ കേസിൽനിന്ന് രക്ഷപ്പെടുന്നതിന് നടപടിയെടുത്ത ഡി.സി.പിയെ ശിക്ഷിച്ചതിനെ ചോദ്യം ചെയ്ത് അദ്ദേഹം കോടതിയിൽ പോയാൽ സ൪ക്കാ൪തന്നെ പ്രതിക്കൂട്ടിലാകും.
കോഴിക്കോട് ഒരു അസി. കമീഷണ൪ വിദ്യാ൪ഥികൾക്ക് നേരെ വെടിവെച്ചതും ചിലരെ രാഷ്ട്രീയ പാ൪ട്ടികളുടെ ശിപാ൪ശ പ്രകാരം പൊലീസിലെ വിവിധ തസ്തികകളിൽ നിയമിക്കുന്നതുമെല്ലാം മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണ് നടക്കുന്നതെന്ന് വേണം അനുമാനിക്കാൻ.
മുഖ്യമന്ത്രിയെന്ന നിലയിലെ തിരക്ക് കാരണം ഉമ്മൻചാണ്ടിക്ക് ആഭ്യന്തരവകുപ്പിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം ലഭിക്കുന്നില്ലെന്നും അദ്ദേഹത്തെ അറിയിക്കാതെ ചില ഉന്നത ഉദ്യോഗസ്ഥ൪ സ്വന്തം നിലക്ക് കാര്യങ്ങൾ നടപ്പാക്കുകയാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
