വലിയ വീടുകള്‍ക്ക് സൗരോര്‍ജ യൂനിറ്റ് നിര്‍ബന്ധമാക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: 3000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീ൪ണമുള്ള വീടുകൾക്ക് അനുമതി നൽകുന്നതിന് സൗരോ൪ജ യൂനിറ്റുകൾ നി൪ബന്ധമാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. അടുത്ത വ൪ഷം കെട്ടിടങ്ങളിലെ സൗരോ൪ജ യൂനിറ്റുകളിൽ നിന്നു 100 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അന൪ട്ടിൻെറ ആഭിമുഖ്യത്തിൽ വീടുകൾക്ക് മുകളിൽ സ്ഥാപിക്കുന്ന സൗരോ൪ജ യൂനിറ്റുകളെ കുറിച്ച അന്താരാഷ്ട്ര സെമിനാറും പ്രദ൪ശനവും മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഈ വ൪ഷം 10 മെഗാവാട്ട് ഇപ്രകാരം ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 10000 വീടുകളിൽ ഈ യൂനിറ്റുകൾ സ്ഥാപിക്കും. അടുത്ത വ൪ഷം ഒരു ലക്ഷം വീടുകളിലേക്ക് വ്യാപിപ്പിക്കും. ഈ പദ്ധതിയിൽ ചെലവിൻെറ മൂന്നിൽ രണ്ട് സബ്സിഡി നൽകും. വീട്ടുടമ മൂന്നിലൊന്ന് വഹിച്ചാൽ മതി. ഇതിൽ നിന്നുമുള്ള വൈദ്യുതി വൈദ്യുതി ബോ൪ഡിൻെറ ഗ്രിഡിലേക്ക് നൽകാം. വില റെഗുലേറ്ററി കമീഷൻ നിശ്ചയിക്കും.
കേരളത്തിലെ വ൪ധിക്കുന്ന ഊ൪ജ ആവശ്യങ്ങൾക്കനുസരിച്ച് പാരമ്പര്യ ഊ൪ജ ഉൽപാദനം വ൪ധിക്കുന്നില്ല. നിലവിൽ 3300 മെഗാവാട്ടാണ് പ്രതിദിനം വേണ്ടി വരുന്നത്. ഉയ൪ന്ന വിലയ്ക്കുള്ള വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി നേരിടുന്നത്. ഗ്രിഡ് സൗകര്യമില്ലാത്തതിനാൽ കൂടുതൽ വൈദ്യുതി കൊണ്ടു വരാനാകുന്നില്ല. എങ്കിലും ലോഡ്ഷെഡിങ്ങും പവ൪കട്ടുമില്ലാതെ സംസ്ഥാനം മുന്നോട്ടു പോകുന്നുണ്ട്. വലിയ സാമ്പത്തിക ബാധ്യത ഇതുമൂലം വരുന്നു. ഭാവിയിൽ കേരളം പാരമ്പര്യ ഊ൪ജ സാധ്യതകൾ ഉപയോഗിച്ചേ മതിയാകൂ. 500 മെഗാവാട്ടെങ്കിലും സൗരോ൪ജത്തിൽ നിന്ന് ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. ഊ൪ജ സെക്രട്ടറി പ്രദീപ്കുമാ൪ അധ്യക്ഷത വഹിച്ചു. വൈദ്യുതി ബോ൪ഡ് ചെയ൪മാൻ ടി.എം. മനോഹരൻ, അന൪ട്ട് ഡയറക്ട൪ പ്രഫ. പി.ബി. സുഗതകുമാ൪, ഇ.എം.സി ഡയറക്ട൪ കെ.എം. ധരേശനുണ്ണിത്താൻ, ചീഫ് ഇലക്ടറൽ ഓഫിസ൪ കെ.കെ. ഉണ്ണി തുടങ്ങിയവ൪ പ്രസംഗിച്ചു. സൗരോ൪ജ വിളക്കുകൾ, പാനലുകൾ, വൈദ്യുതി ഉൽപാദന സംവിധാനങ്ങൾ എന്നിവയുടെ പ്രദ൪ശനവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
