കൊലപാതകികള്‍ക്ക് സ്ത്രീ എന്ന പരിഗണന നല്‍കാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: കൊലപാതകമുൾപ്പെടെ കേസുകളിൽ പ്രതിയായ ആൾക്ക് സ്ത്രീ എന്ന പരിഗണന നൽകി ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. വരാപ്പുഴ പെൺവാണിഭ കേസിലെ ഒന്നാംപ്രതി ശോഭാ ജോണിൻെറ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാരുടെ നിരീക്ഷണം. കുപ്രസിദ്ധമായ തന്ത്രി കേസിലും മറ്റ് ഒട്ടേറെ കേസുകളിലും പ്രതിയാണ് ഹരജിക്കാരി. ഒട്ടേറെ കേസുകളിൽ വിവിധ കോടതികളിൽ വിചാരണ നടക്കുന്നുണ്ടെന്ന് പ്രതി തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ത്രീയെന്ന പരിഗണന നൽകി ജാമ്യം നൽകണമെന്ന ഹരജിക്കാരിയുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിധവയാണെന്നും ഒരു കുട്ടിയുടെ മാതാവാണെന്നും കാണിച്ചാണ് ശോഭാജോൺ ജാമ്യാപേക്ഷ സമ൪പ്പിച്ചത്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇവ൪ക്ക് ഉന്നതങ്ങളിൽ വൻ സ്വാധീനമാണുള്ളതെന്നും കോടതി വ്യക്തമാക്കി. വിചാരണ നടക്കുന്ന കേസുകളിൽ തീരുമാനമുണ്ടാകേണ്ടതിനാൽ രണ്ടുമാസം വരെ ജാമ്യാപേക്ഷ നൽകരുത്. ഇതിനുശേഷം വീണ്ടും ജാമ്യാപേക്ഷ സമ൪പ്പിക്കാമെന്നും കോടതി ഉത്തരവിട്ടു. നേരത്തേ രണ്ടുതവണ ഇവ൪ സമ൪പ്പിച്ച ജാമ്യ ഹരജി ഹൈകോടതി തള്ളിയിരുന്നു. വരാപ്പുഴയിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇവരുടെ ജാമ്യാപേക്ഷ പറവൂ൪ സെഷൻസ് കോടതിയും തള്ളിയിരുന്നു. അഞ്ചുവ൪ഷം മുമ്പ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽ നിന്ന് കൊണ്ടുപോയി പെൺവാണിഭത്തിനുപയോഗിച്ചെന്നാണ് ശോഭാ ജോണിനെതിരായ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
