പാളയം തീപിടിത്തം: അട്ടിമറിയില്ലെന്ന് പ്രാഥമിക നിഗമനം
text_fieldsകോഴിക്കോട്: പാളയത്ത് കഴിഞ്ഞദിവസമുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസും ഫയ൪ഫോഴ്സും പ്രഥമാന്വേഷണ റിപ്പോ൪ട്ടുകൾ നൽകി. അട്ടിമറി സാധ്യതയില്ലെന്നും ഹോട്ടലിൻെറ അടുപ്പിൽനിന്ന് തീപട൪ന്നതാകാമെന്നുമാണ് നിഗമനം. ഫയ൪ഫോഴ്സിൻെറ റിപ്പോ൪ട്ട് ജില്ലാ കലക്ട൪ ഡോ. പി.ബി. സലീമിനും പൊലീസ് അന്വേഷണ റിപ്പോ൪ട്ട് സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാറിനുമാണ് സമ൪പ്പിച്ചത്. സംഭവത്തെപ്പറ്റി ജില്ലാ കലക്ട൪ തയാറാക്കുന്ന പ്രാഥമിക റിപ്പോ൪ട്ട് തിങ്കളാഴ്ച സ൪ക്കാറിന് നൽകുമെന്ന് കലക്ട൪ ഡോ. പി.ബി. സലീം പറഞ്ഞു.
തീപിടിത്തത്തിൽ ഒരു കോടിയിലേറെ രൂപ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ തിങ്കളാഴ്ച സ്ഥലം സന്ദ൪ശിച്ച് നഷ്ടത്തെപ്പറ്റി വിശദ റിപ്പോ൪ട്ട് തയാറാക്കും. ശനിയാഴ്ചതന്നെ സ്ഥലം പരിശോധിച്ച ഇലക്ട്രിക്കൽ ഡയറക്ടറേറ്റിൻെറ റിപ്പോ൪ട്ടും ഉടൻ നൽകും. ഫയ൪ഫോഴ്സ് അസി. ഡിവിഷനൽ ഓഫിസ൪ അരുൺ ഭാസ്ക൪ അടക്കമുള്ള ഉയ൪ന്ന ഉദ്യോഗസ്ഥ൪ ഞായറാഴ്ച സ്ഥലത്ത് പരിശോധന നടത്തി. പൊലീസിൻെറ സയൻറിഫിക് വിദഗ്ധ൪ ശനിയാഴ്ചതന്നെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇത് വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിൽ അയച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോ൪ട്ട് ലഭിച്ചശേഷമേ തീപിടിത്തത്തെപ്പറ്റി അന്തിമമായി പറയാനാവൂവെന്നാണ് ഉയ൪ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.
പാളയം ഭാരത് ഹോട്ടലിൽ തലേന്ന് അടുപ്പിൽ അവശേഷിച്ച കനലിൽനിന്ന് അപകടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോ൪ട്ടിൽ പറയുന്നത്. ഷോ൪ട്ട് സ൪ക്യൂട്ട് സാധ്യതയും പരിശോധിക്കുന്നുണ്ട്. അടുപ്പിന് സമീപം രാസവസ്തുക്കളുടെ സാന്നിധ്യത്തെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ഫയ൪ഫോഴ്സ് ഞായറാഴ്ച നടത്തിയ പരിശോധനയിൽ ഭാരത് ഹോട്ടലിൻെറയും ചെരിപ്പുകടയുടെയും ഇടയിൽനിന്നാണ് തീ പട൪ന്നു തുടങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നഗരത്തിൽ തീപിടിത്തം നിയന്ത്രിക്കാൻ അത്യാധുനിക സംവിധാനം ഏ൪പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്ന് മേയ൪ പ്രഫ. എ.കെ. പ്രേമജം. സ്ഥിരമായി തീപിടിത്തമുണ്ടാകുന്ന ഭാഗത്ത് സ്ഥിരം ഫയ൪ഫോഴ്സ് കേന്ദ്രം സജ്ജീകരിക്കണം. നഷ്ടം സംഭവിച്ചവ൪ക്ക് കഴിയുന്ന സഹായം ചെയ്യുന്ന കാര്യം നഗരസഭ ആലോചിക്കുമെന്നും മേയ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
