ബ്യാരി: ആക്ഷേപങ്ങള്‍ക്ക് മറുപടിയായി അംഗീകാരം
text_fieldsകാസ൪കോട്: 'നീ എവിടെ പോയി' എന്ന മലയാള വാചകം കാസ൪കോട് എത്തിയാൽ 'നീ ഏട പോയിനി' എന്നാകും. പിന്നെയും വടക്കോട്ട് മാറുമ്പോൾ 'നീ ഓടേക്ക് പോന്നേ?' എന്നായി മാറും. കേൾവിയിലെ വൈജാത്യത്തിനപ്പുറം അതൊരു വേറിട്ട ഭാഷയാണ്. 'നാൻ മൈക്കാൽത്തേക്ക് പോന്നേ' എന്ന മറുപടിയിൽ മനസ്സിലാകാത്തത് രണ്ടാമത്തെ വാക്ക് മാത്രം. അത് മംഗലാപുരം എന്നാണ്. മികച്ച ചിത്രത്തിന് ദേശീയ പുരസ്കാരം നേടിയ കെ.പി. സുവീരന്റെ 'ബ്യാരി' എന്ന സിനിമ ഈ വാമൊഴി ഭാഷയുടെ വ്യവഹാരമാണ് അനുഭവപ്പെടുത്തുന്നത്.
കുമ്പള മുതൽ ഉഡുപ്പി വരെയുള്ള തീരദേശ മേഖലയിൽ, ബ്യാരി അനൗദ്യോഗിക മാതൃഭാഷയാകുന്നത് ഉള്ളാളിലാണ്. മലയാളം, തുളു, കന്നട, കൊങ്ങിണി, അറബി, തമിഴ് ഭാഷകളിൽനിന്ന് വാക്കുകൾ കടംകൊണ്ടുണ്ടായ ഭാഷയാണ് ബ്യാരി. കാസ൪കോടിന്റെ സപ്തഭാഷ പട്ടത്തിന്റെ പട്ടികയിൽ ഒന്ന് ബ്യാരിയാണ്.
സുബഹ് (രാവിലെ-അറബി), തണ്ണി (വെള്ളം-തമിഴ്), മംഗില (കല്യാണം-കന്നട), മദ്മെ (മാല-തുളു) എന്നിങ്ങനെ വിവിധ ഭാഷകളുടെ സംഗമം തീ൪ത്താണ് ബ്യാരി ഉപയോഗിക്കുന്നത്. 1200 വ൪ഷം പഴക്കമുള്ള ഭാഷയാണിത്. അറബികൾ കേരളത്തിൽ വന്ന് വ്യാപാരം നടത്തിയതിന്റെ തിരുശേഷിപ്പാണ്് ഈ ഭാഷയെന്ന് മുൻ ബ്യാരി അക്കാദമി ചെയ൪മാൻ എം.ബി. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു.
മുസ്ലിംകളാണ് ഈ ഭാഷയുടെ ഉപയോക്താക്കളിൽ അധികവും. എന്നാൽ, മുക്കുവ, തിയ്യ വിഭാഗക്കാരും സംസാരിക്കുന്നുണ്ടെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. കന്നട ലിപിയിൽ നൂറോളം ബ്യാരി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുമ്പള, മഞ്ചേശ്വരം, മംഗലാപുരം, ഉള്ളാൾ, ചിക്കമഗളൂരു, ഉഡുപ്പി, ഹാസൻ, ഷിമോഗ എന്നിവിടങ്ങളിലായി 20 ലക്ഷം പേ൪ ഈ ഭാഷ സംസാരിക്കുന്നു.
ബ്യാരിക്ക് ഭാഷാ ന്യൂനപക്ഷ പരിഗണന വേണമെന്ന ആവശ്യം ഉയ൪ന്നിട്ടുണ്ട്. മദ്റസകളിൽ ബ്യാരി പഠിപ്പിക്കാൻ അക്കാദമി ശ്രമം തുടങ്ങിക്കഴിഞ്ഞെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.
കാസ൪കോടുകാ൪ മലയാളം മോശമായി സംസാരിക്കുന്നുവെന്ന ആരോപണം പലയിടത്തും കേൾക്കാം. അത് വീണ്ടും മോശമായാൽ ബ്യാരിയായി എന്നാണ് പൊതുധാരണ. ഈ ആക്ഷേപത്തിനുള്ള മറുപടിയാണ് ബ്യാരി എന്ന സിനിമക്ക് ലഭിച്ച അംഗീകാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
