കാന്തബോംബ്: പത്രപ്രവര്‍ത്തകന്‍ അറസ്റ്റില്‍
text_fieldsന്യൂദൽഹി: മൂന്നാഴ്ച മുമ്പ് ഇസ്രായേലിന്റെ എംബസി വാഹനത്തിൽ സ്ഫോടനം നടന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര പത്രപ്രവ൪ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് അഹ്മദ് കാസ്മി (50)യാണ് അറസ്റ്റിലായത്. കേസിൽ സംശയിക്കുന്ന പ്രധാന പ്രതിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒരു സ്കൂട്ടറും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ കാസ്മിയെ 20 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വിദേശികളുടെ പങ്ക് സ്ഫോടനത്തിൽ സംശയിക്കുന്നതിനാൽ കാസ്മിയെ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. സ്ഫോടനം ആകസ്മികമല്ലെന്നും വ്യക്തമായി ആസൂത്രണം ചെയ്തതാണെന്നും പൊലീസ് വിശദീകരിച്ചു. എന്നാൽ, അതിന്റെ മുഴുവൻ വിശദാംശങ്ങളും തുറന്ന കോടതിയിൽ നൽകാൻ കഴിയില്ല. അത്് അന്വേഷണത്തെ ബാധിക്കും.
പിടികൂടിയ ആളെ ഒരു അന്താരാഷ്ട്ര ഭീകരൻ എന്ന നിലയിൽ പൊലീസ് ചിത്രീകരിക്കുന്നതിനെ കാസ്മിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എതി൪ത്തു. ഇറാഖ് യുദ്ധം വരെ റിപ്പോ൪ട്ട്ചെയ്ത സ്വതന്ത്ര പത്രപ്രവ൪ത്തകനാണ കാസ്മി. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളും റിപ്പോ൪ട്ട് ചെയ്യാറുണ്ട്. അറസ്റ്റുചെയ്ത രീതിയോടും അഭിഭാഷകൻ വിയോജിച്ചു. സുപ്രീംകോടതി മാ൪ഗനി൪ദേശങ്ങൾക്ക് വിരുദ്ധമായി, യൂനിഫോമിലല്ലാത്ത പൊലീസാണ് പിടികൂടിയത്. ശരിയായ കേസ് ഡയറിയില്ലാതെ പൊലീസ് കസ്റ്റഡിയിൽ വിടാൻ പാടില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ കോടതി അംഗീകരിച്ചില്ല.
കാസ്മിയെ ദിവസങ്ങൾക്കു മുമ്പു തന്നെ പൊലീസ് പിടികൂടിയിരുന്നുവെന്നാണ് സൂചന. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെയാണ്. കാന്തബോംബ് സ്ഫോടനത്തെക്കുറിച്ച അന്വേഷണത്തിൽ വ്യക്തമായ പുരോഗതി അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് മാസാന്ത വാ൪ത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് അറസ്റ്റ്. എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ ഇയാളാണ് കൈമാറിയതെന്ന് പൊലീസ് പറയുന്നു.
അതേസമയം, ഇസ്രായേലിന്റെ വാഹനത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട്, ഇറാനിലെ ഒരു പ്രസിദ്ധീകരണത്തിനുവേണ്ടി എഴുതുന്നുണ്ടെന്ന് പറയുന്ന പത്രപ്രവ൪ത്തകനെ അറസ്റ്റു ചെയ്തതിന്റെ പേരിൽ എന്തെങ്കിലും നിഗമനങ്ങൾ നടത്താൻ ഇന്ത്യ വിസമ്മതിച്ചു. അന്വേഷണം പല വഴിക്ക് പുരോഗമിക്കുകയാണ്. ഇപ്പോഴത്തെ ഘട്ടത്തിൽ ഒന്നും തീ൪ച്ചപ്പെടുത്താൻ പറ്റില്ല -വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അഖ്റാബുദ്ദീൻ വാ൪ത്താലേഖകരോട് പറഞ്ഞു. കാസ്മിക്ക് ഇറാനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ, ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ തുടരാൻ ഇന്ത്യ വിഷമിക്കുമെന്ന് ഇസ്രായേൽ പ്രസിദ്ധീകരണമായ 'ഹാരെറ്റ്സ്' വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
