റെയില്‍വേ: മുന്‍ പ്രഖ്യാപനങ്ങള്‍ കടലാസില്‍
text_fieldsതിരുവനന്തപുരം: മറ്റൊരു റെയിൽവേ ബജറ്റ് കൂടി പടിവാതിലിൽ നിൽക്കുമ്പോഴും രണ്ടാം യു.പി.എ സ൪ക്കാറിന്റെ ബജറ്റ് വാഗ്ദാനങ്ങളെല്ലാം കടലാസിൽ. മമത ബാന൪ജി റെയിൽവേ മന്ത്രിയായിരുന്നപ്പോൾ കേരളത്തിന് വാഗ്ദാനംചെയ്ത പദ്ധതികളാണ് ഇതുവരെ നടപ്പാക്കാത്തത്. മൂന്ന് മെമു ഉൾപ്പെടെ പ്രഖ്യാപിച്ച പുതിയ ട്രെയിനുകൾ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. മെഡിക്കൽ കോളജ്, വാട്ട൪ ബോട്ടിലിങ് പ്ലാന്റ്,കോച്ചിങ് യാ൪ഡ് തുടങ്ങി പ്രഖ്യാപനത്തിലൊതുങ്ങിയ പദ്ധതികൾ നിരവധിയാണ്. ദിനംപ്രതി അഞ്ച് ലക്ഷത്തിൽ പരം യാത്രക്കാരുള്ള കേരളം റെയിൽവേക്ക് കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമാണ്.
കൊച്ചുവേളി-പോ൪ബന്ത൪ എക്സ്പ്രസ്, ആഴ്ചയിൽ രണ്ട് ദിവസം ഓടേണ്ടിയിരുന്ന എറണാകുളം- ലോകമാന്യതിലക് എക്സ്പ്രസ്, എറണാകുളം -ചെന്നൈ എക്സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചിരുന്ന ട്രെയിനുകളിൽ പ്രധാനം. കൂടാതെ കോട്ടയം, ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള രണ്ട് മെമു ട്രെയിനുകളും നാഗ൪കോവിലിലേക്കുള്ള ഒന്നും തുടങ്ങിയിട്ടില്ല. കടയ്ക്കാവൂ൪- അകത്തുമുറി റെയിൽവേ മെഡിക്കൽ കോളജായിരുന്നു മറ്റൊരു പ്രധാന പ്രഖ്യാപനം. എന്നാൽ രണ്ട് വ൪ഷം കഴിഞ്ഞിട്ടും പദ്ധതി ഒന്നുമായില്ല. നേമം, കടയ്ക്കാവൂ൪ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച വാട്ട൪ ബോട്ടിലിങ് പ്ലാന്റിന്റെ പ്രവ൪ത്തനവും ആരംഭിച്ചിട്ടില്ല. നി൪ദിഷ്ട പ്ലാന്റ് തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.
നേരത്തെ കടയ്ക്കാവൂരിൽ ശുദ്ധജല യൂനിറ്റും കൽക്കരിക്ക് വെള്ളം നിറക്കുന്ന സംവിധാനവും ഉണ്ടായിരുന്നു. കൂടാതെ ഏക്ക൪ കണക്കിന് ഭൂമിയും ഇവിടെയുണ്ട്. ഇത് പരിഗണിക്കാതെയാണ് പ്ലാന്റ് മാറ്റാൻ ശ്രമിക്കുന്നത്. നേമം, കോട്ടയം എന്നിവിടങ്ങളിലെ കോച്ചിങ് യാ൪ഡ് പ്രഖ്യാപനത്തിലൊതുങ്ങിയപ്പോൾ കൊച്ചുവേളിയിലെ ഗുഡ്സ് യാ൪ഡും ടെ൪മിനലും നടപ്പായിട്ടില്ല. ടെ൪മിനൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഗുഡ്സ് യാ൪ഡ് ഒഴിവാക്കിയത്. നിലവിൽ കൊച്ചുവേളിക്ക് രണ്ട് വാഗ്ദാനങ്ങളും നഷ്ടമായ നിലയാണ്. ചേ൪ത്തലയിൽ പ്രഖ്യാപിച്ച വാഗൺ ഫാക്ടറിയും പ്രഖ്യാപനത്തിലൊതുങ്ങി.
സംസ്ഥാനത്തെ രണ്ട് റെയിൽവേ ഡിവിഷനുകളിലായി രണ്ട് ലക്ഷത്തോളം ജീവനക്കാരുടെ ഒഴിവുകളാണ് നികത്താത്തത്. ആ൪.പി.എഫിൽ സംസ്ഥാനത്ത് ആകെയുള്ളത് 19 വനിതാ ജീവനക്കാരാണ്. മറ്റ് മേഖലകളിലും വനിതാ ജീവനക്കാരുടെ ഗണ്യമായ കുറവുണ്ട്. വടക്കേഇന്ത്യയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒഴിവാക്കുന്ന കോച്ചുകളാണ് കേരളത്തിൽ സ൪വീസ് നടത്തുന്നത്. ആറ്റിങ്ങലിലും നെടുമങ്ങാടും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഇ.പി.ആ൪.എസ് യാഥാ൪ഥ്യമായിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്കുയ൪ത്തുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
ആദ൪ശ് സ്റ്റേഷനുകളുടെ പ്രഖ്യാപനവും നിലവാരം ഉയ൪ത്തലും തുടങ്ങിയിട്ടില്ല. എം.പിമാരുടെ യോഗംവിളിക്കുകയോ ആവശ്യങ്ങളിൽ അനുഭാവപൂ൪ണമായ തീരുമാനം എടുക്കുകയോ റെയിൽവേ ചെയ്യുന്നില്ലെന്ന ആക്ഷേപത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
