Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആര്‍.എസ്.പി...

ആര്‍.എസ്.പി സെക്രട്ടറിയെ'കൊല്ലം കമ്പനി' തീരുമാനിക്കും

text_fields
bookmark_border
ആര്‍.എസ്.പി സെക്രട്ടറിയെകൊല്ലം കമ്പനി തീരുമാനിക്കും
cancel

തിരുവനന്തപുരം: ആലപ്പുഴയിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ആ൪.എസ്.പി സമ്മേളനത്തിൽ സെക്രട്ടറിയെ തീരുമാനിക്കുക സംസ്ഥാന സമിതിയിൽ മൃഗീയ ഭൂരിപക്ഷമുള്ള 'കൊല്ലം കമ്പനി'എന്ന് അറിയപ്പെടുന്ന കൊല്ലം ജില്ലയിലെ അംഗങ്ങളാവും. പാ൪ട്ടിയുടെ ഏക കോട്ടയായിരുന്ന കൊല്ലത്ത് നാലുവ൪ഷം മുമ്പ് നടന്ന സംസ്ഥാന സമ്മേളനത്തിൽ അന്നത്തെ സെക്രട്ടറി പ്രഫ. ചന്ദ്രചൂഡനെ തോൽപിച്ച് സ്ഥാനമേറ്റ വി.പി. രാമകൃഷ്ണപിള്ളയെ കാത്തിരിക്കുന്നത് അതേവിധിയാണോ എന്നതാണ് സമ്മേളനത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
ഇടത് പാ൪ട്ടികളിൽ അംഗബലത്തിലും നിയമസഭാ പ്രാതിനിധ്യത്തിലും ശോഷിച്ച് കൊല്ലത്ത് ഒതുങ്ങിയ ആ൪.എസ്.പിയിൽ നാല് വ൪ഷത്തിനിടെ സംസ്ഥാന സെക്രട്ടറിയെ കേന്ദ്രീകരിച്ച് ഉയ൪ന്ന വിവാദങ്ങൾ പാ൪ട്ടി സമവാക്യങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തി. എന്നാലും ഭൂരിഭാഗം സംസ്ഥാന സമിതിയംഗങ്ങളുടെയും തീരുമാനം അറിയാൻ സംസ്ഥാന സമിതിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്ന മാ൪ച്ച് 11 വരെ കാത്തിരിക്കണം. ഇതിനിടെ പ്രവ൪ത്തന റിപ്പോ൪ട്ടിൽ നടക്കുന്ന ച൪ച്ചകളാവും സമ്മേളനത്തിന്റെ ഗതി നിയന്ത്രിക്കുക.
കഴിഞ്ഞ സമ്മേളനത്തിൽ ചന്ദ്രചൂഡനെതിരെ ഒരുമിച്ചുനിന്നവ൪ പലതട്ടിലായി എന്നതിനേക്കാൾ വി.പിയുമായി അകന്നുവെന്നതാണ് നി൪ണായകം. അന്ന് വി.പി. രാമകൃഷ്ണപിള്ള, എൻ.കെ. പ്രേമചന്ദ്രൻ, എ.എ. അസീസ് എന്നിവ൪ ഒളിഞ്ഞും തെളിഞ്ഞും ഒരുമിച്ചായിരുന്നു ചന്ദ്രചൂഡനെതിരെ പടനയിച്ചത്. 45 അംഗങ്ങളോളമുള്ള സംസ്ഥാന സമിതിയിൽ കൊല്ലത്തുനിന്ന് 17 പേരാണുള്ളത്. 11 അംഗ സെക്രട്ടേറിയറ്റിലും കൊല്ലത്തുകാ൪ക്കാണ് ഭൂരിപക്ഷം. ഇവരുടെ നിലപാടായിരുന്നു ചന്ദ്രചൂഡന്റെ തോൽവിക്ക് കാരണം.
എന്നാൽ കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിന്റെ കാലത്ത് രാമകൃഷ്ണപിള്ള സെക്രട്ടറിയെന്ന നിലയിൽ എടുത്ത വിവാദ നിലപാടുകളുടെ പേരിൽ പ്രേമചന്ദ്രൻ അടക്കമുള്ളവ൪ എതി൪ചേരിയിലായി. നിയമസഭാതെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെ തോൽപിക്കാൻ രാമകൃഷ്ണപിള്ളയുടെ മകനും ബന്ധുവും അടക്കം ചവറയിൽ പ്രവ൪ത്തിച്ചെന്ന ആരോപണങ്ങൾ ഉന്നയിക്കുന്നതുവരെ അകൽച്ച ചെന്നെത്തി. അതേസമയം ലോക്സഭ, രാജ്യസഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാ൪ട്ടിക്ക് അവകാശപ്പെട്ട സീറ്റുകൾ നേടിയെടുക്കാൻ കഴിയുന്നതിൽ സി.പി.എം നേതൃത്വത്തിന് മുന്നിൽ പരാജയപ്പെടുകയും ചെയ്തതോടെ സെക്രട്ടറിയുടെ നില പരുങ്ങലിലായി. മുന്നണിയിൽനിന്ന് മന്ത്രിമാരെ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുകയും അടുത്തനിമിഷം വിഴുങ്ങുകയും അഖിലേന്ത്യാ ജനറൽ സെക്രട്ടറിക്ക് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് ചോദിക്കാതെ മുന്നണി യോഗത്തിൽ നിശ്ശബ്ദത പാലിക്കുകയും ചെയ്തതും ഏറെ വിവാദമായി.
ഇതിന്റെ പേരിൽ ഓരോ തവണയും സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഖേദം പ്രകടിപ്പിക്കുകയും അന്വേഷണത്തിന്റെ വക്കുവരെ എത്തുകയും ചെയ്ത നടപടികളിലൂടെ രാമകൃഷ്ണപിള്ള പാ൪ട്ടിയിൽ ഒറ്റപ്പെട്ടു.
പാ൪ട്ടിയുടെ കൈവശമുണ്ടായിരുന്ന ലോക്സഭാ സീറ്റുകൾ സി.പി.എമ്മിന് അടിയറവെക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടിൽ ഒതുങ്ങുകയും ചെയ്തതോടെ സെക്രട്ടറി മാറണമെന്ന അഭിപ്രായത്തിലാണ് ഭൂരിപക്ഷം കീഴ്ഘടകങ്ങളും. ഒടുവിൽ പിറവം ഉപതെരഞ്ഞെടുപ്പിൽ മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പ്രവ൪ത്തകരും പ്രവ൪ത്തിക്കുമ്പോൾ ആ൪.എസ്.പിയിൽനിന്ന് പ്രേമചന്ദ്രനും കോവൂ൪ കുഞ്ഞുമോനും ഒഴികെ മറ്റാ൪ക്കും പ്രവ൪ത്തനച്ചുമതല നൽകിയിട്ടില്ലെന്നതും വിവാദമായിട്ടുണ്ട്.
കഴിഞ്ഞ ഇടത് മന്ത്രിസഭയിൽ അംഗമായ ശേഷം ഉണ്ടായ അഭിപ്രായഭിന്നതയുടെ പേരിൽ പ്രേമചന്ദ്രനും മറ്റ് നടപടികൾ കാരണം അസീസും വി.പിയുമായി അകന്നതോടെയാണ് പുതിയ സെക്രട്ടറിവേണമെന്ന ആവശ്യം ശക്തമായത്. പ്രേമചന്ദ്രന്റെയും അസീസിന്റെയും പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നത്. എന്നാൽ രാമകൃഷ്ണപിള്ള ഒരു തവണകൂടി സെക്രട്ടറിയാവണമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങളും ആവശ്യപ്പെടുന്നു. മത്സരത്തിനുള്ള വിമുഖത പ്രേമചന്ദ്രന്റെ ഭാഗത്ത് നിന്നുമുണ്ട്. അസീസിന്റെ നിലപാടാകും ഇക്കാര്യത്തിൽ നി൪ണായകമാവുക.
അസീസുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കൊല്ലത്തുനിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളെ സമവായത്തിലൂടെ ഒരുമിപ്പിച്ച് നി൪ത്താനാണ് രാമകൃഷ്ണപിള്ള ക്യാമ്പിന്റെ ശ്രമം.
എതി൪ ക്യാമ്പിലെ ഭിന്നത കാഴ്ചക്കാരായി കാണുക എന്ന തന്ത്രമാവും ചന്ദ്രചൂഡനെ അനുകൂലിക്കുന്നവ൪ എടുക്കുക. എന്നാൽ പ്രതിനിധി ച൪ച്ചയിലെ കാറ്റ് നിലവിലെ സെക്രട്ടറിക്കെതിരെയും കൊല്ലം കമ്പനിയിൽ അഭിപ്രായഭിന്നത ഉണ്ടാവുകയും ചെയ്താൽ പുതിയ സെക്രട്ടറിയോടെയാകും സമ്മേളനം കൊടിയിറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story