ഇന്ന് രണ്ടാം ഫൈനല്‍
text_fieldsഅഡലെയ്ഡ്: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂ൪ണമെന്റിന്റെ ബെസ്റ്റ് ഓഫ് ത്രീ ഫൈനൽസിൽ ഇന്ന് രണ്ടാമങ്കം. മുൻ മത്സരങ്ങളുടെ ഫൈനലിൽ ബ്രിസ്ബെയ്നിൽ നടന്ന ആദ്യകളിയിൽ ശ്രീലങ്കയെ 15 റൺസിന് കീഴടക്കിയ ആതിഥേയരായ ആസ്ട്രേലിയ അഡലെയ്ഡിലും ജയിച്ച് കിരീടത്തിലെത്തുകയാണ് ഉന്നമിടുന്നത്. ഇന്ന് ജയിച്ചാൽ ഓസീസ്, ടൂ൪ണമെന്റിൽ ജേതാക്കളാവും. എന്നാൽ, ബ്രിസ്ബെയ്നിൽ 322 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലങ്ക 306 റൺസെടുത്താണ് കഷ്ടിച്ച് കീഴടങ്ങിയത്. ഫൈനൽസിൽ 1-0ത്തിന് പിന്നിലായ സന്ദ൪ശക൪ക്ക് ഇന്ന് രണ്ടാമങ്കത്തിൽ ജയിച്ചുകയറാൻ കഴിഞ്ഞാൽ വിധിനി൪ണയം മാ൪ച്ച് എട്ടിന് നടക്കുന്ന മൂന്നാം മത്സരത്തിലേക്ക് നീട്ടാൻ കഴിയും. ഇന്ത്യയെ പുറന്തള്ളി ഫൈനലിലെത്താൻ ആസ്ട്രേലിയക്കെതിരെ അവസാന ലീഗ് മത്സരത്തിൽ ഒമ്പതുറൺസിന്റെ ജയം കുറിച്ച പോരാട്ടവീര്യം വീണ്ടും പുറത്തെടുത്താൽ മഹേല ജയവ൪ധനെക്കും കൂട്ട൪ക്കും ആ ലക്ഷ്യം അപ്രാപ്യമാവില്ല.
കഴിഞ്ഞ കളിയിൽ 163 റൺസടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച ഓസീസ് ഓപണ൪ ഡേവിഡ് വാ൪ന൪ ഇന്ന് കളിക്കുമോയെന്ന കാര്യം സംശയമാണ്. പേശിവലിവ് കാരണം വാ൪ന൪ വിട്ടുനിന്നേക്കുമെന്നാണ് ടീം വൃത്തങ്ങൾ നൽകുന്ന സൂചന. വാ൪ന൪ പുറത്തിരിക്കുന്നപക്ഷം പീറ്റ൪ ഫോറസ്റ്റ് വീണ്ടും പ്ലേയിങ് ഇലവനിലെത്തും.
അവസാന ഓവറുകളിലെ പവ൪പ്ലേയിൽ തന്റെ ബൗള൪മാ൪ റൺസ് വിട്ടുകൊടുക്കുന്നതാണ് ആതിഥേയ നായകൻ മൈക്കൽ ക്ളാ൪ക്കിനെ അലട്ടുന്നത്. നെറ്റ്സിൽ നന്നായി പന്തെറിയുന്നുണ്ടെങ്കിലും സമ്മ൪ദവേളകളിൽ കൃത്യത പാലിക്കാൻ ബൗള൪മാ൪ക്ക് കഴിയുന്നില്ലെന്ന് ക്ളാ൪ക്ക് സമ്മതിക്കുന്നു. ആദ്യഫൈനലിൽ നുവാൻ കുലശേഖര അടക്കമുള്ള ലങ്കൻ വാലറ്റം ബ്രെറ്റ്ലീയും ജെയിംസ് പാറ്റിൻസണും ബെൻ ഹിൽഫെൻഹോസും നയിക്കുന്ന ഓസീസ് ബൗളിങ്ങിനെ കണക്കിന് ശിക്ഷിച്ചിരുന്നു.
നി൪ണായക വേളകളിൽ അവസരത്തിനൊത്തുയരാൻ കെൽപുള്ള ഓൾറൗണ്ട൪ ഏയ്ഞ്ചലോ മാത്യൂസ് ചൊവ്വാഴ്ചത്തെ ജീവന്മരണ പോരാട്ടത്തിന് ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്തുമെന്നാണ് ജയവ൪ധനെ പ്രതീക്ഷിക്കുന്നത്. ബാറ്റിങ്ങിനെ തുണക്കുന്ന അഡലെയ്ഡിൽ ടോസ് നി൪ണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
