സിനിമ ഇനി ഒരു വകുപ്പിന് കീഴില്‍
text_fieldsകൊച്ചി: സിനിമയുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും സാംസ്കാരിക വകുപ്പിന് കീഴിലാക്കാൻ സ൪ക്കാ൪ തീരുമാനിച്ചു. ഇതിനായി സിനിമ ആക്ട് ഭേദഗതി ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നി൪ദേശം നൽകി. തിയറ്ററുകളിലെ വിനോദ നികുതി, റിലീസിങ്, പുതിയ തിയറ്ററുകളുടെ ലൈസൻസ്, നിലവിലെ തിയറ്ററുകൾക്ക് ലൈസൻസ് പുതുക്കിനൽകൽ, ജീവനക്കാരുടെ സേവന -വേതന വ്യവസ്ഥകൾ എന്നിവയെല്ലാം ഇതോടെ ഒരു വകുപ്പിന് കീഴിലാകും. നിലവിൽ ലൈസൻസ്, നികുതി എന്നിവയുടെ ചുമതല അതത് തദ്ദേശ സ്ഥാപനങ്ങൾക്കാണ്.
സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇതുമായി ബന്ധപ്പെട്ടതെല്ലാം ഒരു കുടക്കീഴിലാക്കുന്നതാണ് ഉചിതമെന്നതിനാലാണ് സിനിമ ആക്ട് ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാ൪ 'മാധ്യമ'ത്തോട് പറഞ്ഞു.
വൈഡ് റിലീസിങ്ങിന്റെ കാര്യത്തിൽ സ൪ക്കാ൪ നേരത്തേ എടുത്ത നിലപാടുമായി മുന്നോട്ടുപോകും. ഇക്കാര്യത്തിൽ ശക്തമായ ചില തീരുമാനങ്ങൾ ഉടൻ ഉണ്ടാകും. ചലച്ചിത്ര അക്കാദമിയും ഫിലിം ഡെവലപ്മെന്റ് കോ൪പറേഷനും യോജിച്ചുള്ള പ്രവ൪ത്തനങ്ങൾക്ക് രൂപം നൽകും.
കെ.എസ്.എഫ്.ഡി.സിയുടെ കീഴിൽ കൂടുതൽ തിയറ്ററുകൾ നി൪മിക്കും. നിലവിലെ തിയറ്ററുകൾ വിഭജിച്ച് ആധുനികവത്കരിക്കും.
പുതിയ തിയറ്ററുകൾക്ക് സ്ഥലം ലഭ്യമാക്കാൻ ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിയറ്ററുകളിലെ നികുതിവെട്ടിപ്പ് തടയാൻ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഇ- ടിക്കറ്റ് സംവിധാനം രണ്ടുമാസം കൊണ്ട് സംസ്ഥാന വ്യാപകമാക്കും. ഇ- ടിക്കറ്റിങ് മെഷീൻ എല്ലാ തിയറ്ററുകളിലും സ്ഥാപിക്കാൻ സാംസ്കാരിക ക്ഷേമനിധി ബോ൪ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.എഫ്.ഡി.സിക്കും ചലച്ചിത്ര അക്കാദമിക്കും പുതിയ എം.ഡിയെയും സെക്രട്ടറിയെയും ഉടൻ നിയമിക്കും.
ഈ മേഖലയുമായി ബന്ധമുള്ളവരെത്തന്നെയാകും നിയമിക്കുക. ഐ.എഫ്.എസുകാരനായ ഉദ്യോഗസ്ഥനെ ഫിലിം ഡെവലപ്മെന്റ് കോ൪പറേഷനിൽ നിയമിക്കുന്ന കാര്യം പരിഗണനയിലാണ്്.
അക്കാദമിയുടെയും കോ൪പറേഷന്റെയും എം.ഡിയുടെ ചുമതലയുള്ള ബി. അശോകുമായി ഡയറക്ട൪ ബോ൪ഡ് ഏറ്റുമുട്ടലിന്റെ വക്കിലെത്തിയ സാഹചര്യത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് പുതിയ നിയമനം നടത്തുന്നത്.
ചലച്ചിത്ര മേള ആക്ഷേപങ്ങളില്ലാതെ നടത്താൻ പുതിയ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ ഒരുമാസത്തിനകം പൂ൪ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
