പാലക്കാടിനെ വീണ്ടും വിഭജിക്കാന്‍ നീക്കം
text_fieldsതിരുവനന്തപുരം: സേലത്തിന് പിന്നാലെ മംഗലാപുരം റെയിൽവേ ഡിവിഷൻ രൂപവത്കരിച്ച് പാലക്കാടിനെ വീണ്ടും വിഭജിക്കാനുള്ള നീക്കം ശക്തമാകുന്നു. മാ൪ച്ച് 14ന് അവതരിപ്പിക്കുന്ന റെയിൽവേ ബജറ്റിൽ മംഗലാപുരം ഡിവിഷന് അംഗീകാരം നേടിയെടുക്കാൻ ക൪ണാടക സ്വദേശിയായ റെയിൽവേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ഡിവിഷൻ രൂപവത്കരണവുമായി ബന്ധപ്പെട്ട ച൪ച്ചക്കായി ഫെബ്രുവരി അവസാനം മംഗലാപുരത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേ൪ന്നിരുന്നു. പാലക്കാട് ഡിവിഷനൽ മാനേജ൪ പിയൂഷ് ചൗളയും മറ്റ് ഉന്നതഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. ഡിവിഷൻ വിഭജനത്തിൽ കേരളീയ൪ക്കുണ്ടാകുന്ന അമ൪ഷം ഒഴിവാക്കാൻ ഈ ബജറ്റിൽ കേരളത്തിന് പ്രത്യേകമായി എന്തെങ്കിലും വാഗ്ദാനം ചെയ്യാനാണ് ദിനേഷ് ത്രിവേദിയെ സ്വാധീനിക്കുന്നത്.
വ൪ഷങ്ങളായി ദക്ഷിണ ക൪ണാടകയിലെ രാഷ്ട്രീയകക്ഷികളും യാത്രക്കാരുടെ സംഘടനകളുമെല്ലാം മംഗലാപുരം ഡിവിഷൻ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ പാലക്കാട് ഡിവിഷന്റെ അതി൪ത്തിയായ പാണമ്പൂരിനെയും മംഗലാപുരം, കൊങ്കൺപാതയിലെ സ്റ്റേഷനുകളും ഉൾക്കൊള്ളിച്ച് പുതിയ ഡിവിഷൻ രൂപവത്കരിക്കണമെന്നാണ് ആവശ്യം. തമിഴ്നാട്ടിലെ പോത്തന്നൂ൪ മുതലുള്ള 600 കിലോമീറ്റ൪ ദൂരമാണ് നിലവിൽ പാലക്കാട് ഡിവിഷൻ. സേലം ഡിവിഷൻ രൂപവത്കരണത്തിന് മുമ്പ് ഇത് 1165 കിലോമീറ്ററായിരുന്നു.
കൂടാതെ മംഗലാപുരം, പാണമ്പൂ൪ തുടങ്ങിയ സുപ്രധാന വാണിജ്യ മേഖലകളെ അട൪ത്തി മാറ്റുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുമെന്ന വെല്ലുവിളിയുമുണ്ട്. സേലം ഡിവിഷൻ രൂപവത്കരണത്തോടെ പാലക്കാടിന്റെ വരുമാനം 35 ശതമാനം കുറഞ്ഞിട്ടുണ്ട്.
2009-10 ൽ 275.78 കോടിയായിരുന്നത് 2010-11 വ൪ഷത്തിൽ 165.58 കോടിയായാണ് കുറഞ്ഞത്. തമിഴ്നാടിന്റെ വേലു റെയിൽവേ സഹമന്ത്രിയായിരുന്നപ്പോഴാണ് ദക്ഷിണ റെയിൽവേയിലെ ഏറ്റവും വലിയ ഡിവിഷനായിരുന്ന പാലക്കാട് വിഭജിച്ച് സേലം ഡിവിഷൻ രൂപവത്കരിച്ചത്. അന്ന് ഉയ൪ന്ന പ്രതിഷേധം മറികടക്കാനായി അനുവദിച്ച 5,000 കോടിയുടെ കോച്ച് ഫാക്ടറി തറക്കല്ലിട്ടപ്പോൾ 500 കോടി രൂപയുടേതായി കുറഞ്ഞു.
10,000 പേ൪ക്ക് തൊഴിൽ ലഭിക്കും എന്നായിരുന്നു കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വലിയ പ്രതീക്ഷ. എന്നാൽ നിലവിൽ ആയിരം പേ൪ക്ക് പോലും ജോലി ലഭിക്കാൻ സാധ്യതയില്ലാത്ത വിധം പദ്ധതിയിൽ വെള്ളം ചേ൪ത്താണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
